
കാഴ്ചയില്ലാത്ത ഭർത്താവിന് കണ്ണും കയ്യുമായി അവർ നിന്നു. അര നൂറ്റാണ്ടുകാലത്തെ ദാമ്പത്യ ജീവിതം.
കപ്പിൾ ചാലഞ്ചിന്റെ ഈ കാലത്തു തന്നെയല്ലേ ശ്രീദേവിയമ്മയെക്കുറിച്ചുംപി.ആർ. ഗോപിനാഥൻ നായർ സാറിനെക്കുറിച്ചും എഴുതേണ്ടത്..?
അന്ധനായ ഭർത്താവിന് ഇല്ലാത്ത കാഴ്ചശക്തി തനിക്കും വേണ്ടെന്നു തീരുമാനിച്ച് കണ്ണു മൂടി നടന്ന ഗാന്ധാരിയെ വായിച്ചിട്ടുണ്ട്. ഗാന്ധാരിയുടെ സ്ഥാനത്ത് ഇവിടെ ശ്രീദേവിയമ്മയാണ്. കാഴ്ചയില്ലാത്ത ഭർത്താവിന് കണ്ണും കയ്യുമായി അവർ നിന്നു. അര നൂറ്റാണ്ടുകാലത്തെ ദാമ്പത്യ ജീവിതം. ശ്രീദേവിയമ്മ വിട പറഞ്ഞിട്ട് അധികനാളുകളായില്ല.അവർ പോയതോടെ ഗോപിനാഥൻ സാറിലെ എഴുത്തുകാരൻ നിശ്ചലനായി. ഒന്നും വായിച്ചു കേൾക്കാൻ ഇടയില്ലാതായി.കവിത നിന്നു.

പത്മനയിലെ പെണ്ണുവീട്ടിൽ കല്യാണം ആലോചിച്ചു ചെന്നപ്പോൾ ഗോപിനാഥൻ സാർ ശ്രീദേവിയോടു പറഞ്ഞത് ഇതുമാത്രമായിരുന്നു: ‘മറ്റൊന്നും നിന്നിൽ നിന്നും ആഗ്രഹിക്കുന്നില്ല, എനിക്ക് പുസ്തകങ്ങൾ വായിച്ചുതരണം..ഞാൻ പറയുന്നതെല്ലാം കുറിച്ചുവയ്ക്കണം’ എഴുത്തുമായോ വായനയുമായോ ബന്ധമില്ലാതിരുന്ന ആ പെൺകുട്ടി അതു സമ്മതമായിരുന്നു.
കാഴ്ച നഷ്ടപ്പെടുത്തുന്ന അപൂർവരോഗമായിരുന്നു സാറിന്. ചികിത്സിച്ചു ഭേദമാക്കാൻ പ്രയാസം. സുഹുത്തുക്കളുടെയും സഹോദരങ്ങളുടെയും ഉറ്റ ബന്ധുക്കളുടെയും സഹായത്തോടെയാണ് ബിഎയും ബിഎഡും നേടിയത്.തുടർന്നു എൻഎസ്എസ് ഹൈസ്കൂളുകളിൽ അധ്യാപകനായി
തന്റെ കാഴ്ചപരിമിതി പൂർണമായി മനസ്സിലാക്കി തന്നോടൊപ്പം കഴിയാൻ ആഗ്രഹിക്കുന്ന ഒരാളുണ്ടെങ്കിൽ അവളെയേ വിവാഹം ചെയ്യൂ എന്നാണു സാറു തീരുമാനിച്ചിരുന്നത്. അതനുസരിച്ചു വീട്ടുകാർ കണ്ടുപിടിച്ചതാണ് ശ്രീദേവിയെ.കൂട്ടുകാർക്കൊപ്പം പെണ്ണുകാണാൻ ചെന്നപ്പോൾ സാറുതന്നെ പെൺകുട്ടിയെ അടുത്തുവിളിച്ച് കല്യാണം മുടക്കാൻ നോക്കി. തന്റെ കൂടെ ജീവിക്കാൻ ബുദ്ധിമുട്ടായിയിരിക്കുമെന്നു പറഞ്ഞു. എന്തു പറഞ്ഞിട്ടും ശ്രീദേവി പിന്മാറിയില്ല.
പുസ്തകങ്ങൾ വായിച്ചു തരികയും പറഞ്ഞുകൊടുക്കുന്നത് എഴുതിത്തരികയും വേണമെന്നു പറഞ്ഞതു മരണം വരെ കണിശമായി പാലിച്ചു.ശ്വാസകോശ രോഗങ്ങൾ അവരെ വല്ലാതെ അലട്ടിയിരുന്നു. പ്രസവത്തിനുശേഷം തുമ്മലും ചുമയും തുടര്‍ച്ചയായി ഉണ്ടായി. അലർജി ക്രമേണ ആസ്തമയായി മാറി. ട്രെയിനിങ് കോളജിൽ ചേർന്ന് ബിഎഡ് എടുക്കണമെന്ന് ആഗ്രഹിച്ചെങ്കിലും സാധിച്ചില്ല.
മരണത്തിന് ഒരാഴ്ച മുൻപു ‘സുഖമില്ലെങ്കിൽ ഇനി വായിച്ചു തരേണ്ട’ എന്നു സാറു പറഞ്ഞപ്പോൾ ശ്രീദേവിയമ്മ പറഞ്ഞു, ‘നിങ്ങളുടെ ജീവിതത്തിലേക്ക് വായിക്കാനാണ് ഞാൻ വന്നത്. വായിച്ചു കേൾപ്പിക്കാതിരുന്നാൽ എനിക്കു വിഷമമാണ്. അന്ത്യശ്വാസം വരെ ഞാനതു ചെയ്യും,’വിവാഹത്തിന്റെ ആദ്യനാളുകളിൽ തന്നെ മണവാട്ടി വെളുപ്പിനെ എഴുന്നേറ്റ് സാറിനെ വിളിച്ചുണർത്തി കേരളസാഹിത്യ ചരിത്രം പോലെയുള്ള പുസ്തകങ്ങൾ വായിച്ചുകേൾപ്പിച്ചതായി സാറു പറഞ്ഞു.
കല്യാണ സമയത്തു ബിഎസ്സി പരീക്ഷയുടെ ഇംഗ്ലീഷും കണക്കും പേപ്പറുകൾ എഴുതാനുണ്ടായിരുന്നു. ഇംഗ്ലീഷ് സാറു തന്നെ പഠിപ്പിച്ചു. കണക്ക് മറ്റൊരു ബന്ധുവും. ഗർഭിണിയായിരിക്കുമ്പോഴാണ് പരീക്ഷ എഴുതി നല്ല മിടുക്കത്തിയായി പാസായത്.സാർ പറഞ്ഞുകൊടുക്കുന്ന കവിതകൾ ശ്രീദേവിയമ്മ ഒരു ബുക്കിൽ പകർത്തിവയ്ക്കും. പിന്നെ കാർബൺ പേപ്പര് ഉപയോഗിച്ച് പകർപ്പ് എടുക്കും. പ്രസിദ്ധീകരണങ്ങൾക്ക് അയക്കും. അച്ചടിച്ചുവരും. ഇങ്ങനെയൊക്കെ എഴുതിവച്ച കവിതകളാണ് പിന്നീട് പുസ്തകങ്ങളായത്. അതൊക്കെ അവർ കരുതലോടെ തന്നെ ചെയ്തു.പന്തളം എൻഎസ്എസ് കോളജിനു പിന്നിലുള്ള സാറിന്റെ വീട്ടിൽ ചെന്നതും പരിചയപ്പെട്ടതും നിരൂപകനായ പ്രദീപ് പനങ്ങാടിനൊപ്പമാണ്.മലയാളകാവ്യ പാരമ്പര്യത്തിന്റെ.. ഇന്ത്യയുടെ ഇതിഹാസസംസ്കൃതിയെ ഒക്കെ അടയാളപ്പെടുത്തുന്ന കവിതകളാണ് സാറിന്റേത്. അയ്യപ്പണിക്കർ സാറും ലീലാവതിടീച്ചറും ഡോ. കെ.എസ്. രവികുമാറും പ്രദീപ് പനങ്ങാടുമൊക്കെ കവിതകളെപ്പറ്റി സവിസ്തരം എഴുതിയിട്ടുണ്ട്. 6 സമാഹാരങ്ങൾ. കടവനാട് കുട്ടികൃഷ്ണൻ അവാർഡ് ഉള്‍പ്പെടെയുള്ള പുര്സ്കാരങ്ങൾ. ‘വഴിയിൽ വീണ വെളിച്ചം’ കവിതകളുടെ സമ്പൂർണസമാഹാരമാണ്.ആ പുസ്തകം കൈയില്‍ തന്നുകൊണ്ട് സാർ പറഞ്ഞു, ‘അവളായിരുന്നു വെളിച്ചം, അവൾ പോയതോടെ എഴുത്തിലെ വെട്ടം അണഞ്ഞു

ടി.ബി. ലാൽ