
ഇടുക്കിയിൽ മഴ ശക്തം:രാത്രി ഗതാഗതത്തിന് വിലക്ക്, കല്ലാര്‍കുട്ടി, പാംബ്ലാ ഡാമുകളുടെ മുഴുവന്‍ ഷട്ടറുകളും തുറന്നു
ഇടുക്കി: ഇടുക്കി ജില്ലയില്‍ അതിതീവ്ര മഴ പെയ്യുന്നതിനെ തുടര്‍ന്ന് കല്ലാര്‍കുട്ടി, പാംബ്ലാ ഡാമുകളുടെ മുഴുവന്‍ ഷട്ടറുകളും തുറന്നു.800 ക്യുമെക്‌സ്, 1200 ക്യൂമെക്‌സ് വീതം വെള്ളമാണ് പുറത്തുവിടുന്നത്.
മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ കരകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇടുക്കിയില്‍ ഇപ്പോഴും ശക്തമായ കാറ്റും മഴയും തുടരുകയാണ്.
അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും വെള്ളപ്പാച്ചിലിനും സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. ഇത് കണക്കിലെടുത്ത് രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെ ഗതാഗതം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. കോട്ടയം, എറണാകുളം ജില്ലയില്‍ നദികളില്‍ ജലനിരപ്പ് ഉയരുകയാണ്. ആലുവ ശിവരാത്രി മണപ്പുറത്ത് വെള്ളം കയറി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ നിര്‍ദേശിച്ചു.