
അതിശക്തമായ മഴ: ആന്ധ്രാപ്രദേശിലും തെലങ്കാനയിലും റെഡ് അലര്‍ട്ട്
ഹൈദരാബാദ്: ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന് ആന്ധ്രാപ്രദേശിലും തെലങ്കാനയിലും അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇരു സംസ്ഥാനങ്ങളിലും കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഴ തുടരുകയാണ്.
ഹൈദരാബാദില്‍ ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയില്‍ മതില്‍ തകര്‍ന്ന് രണ്ടുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ഒന്‍പത് പേര്‍ മരിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. തെലങ്കാനയില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ 12 പേരാണ് മരണപ്പെട്ടത്. റോഡുകളില്‍ വെള്ളം കയറുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും ഉണ്ടായി. റോഡ് ഗതാഗതം തടസപ്പെട്ടു. തെലങ്കാനയിലെ 14 ജില്ലകളെ മഴക്കെടുതി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. പൊതുജനങ്ങളോട് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നും നാളെയുമായി നടക്കാനിരിക്കുന്ന പരീക്ഷകളെല്ലാം ഒസ്മാനിയ സര്‍വകലാശാല മാറ്റിവച്ചിട്ടുണ്ട്.
അടുത്ത 24 മണിക്കൂര്‍ കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.