ഒരാളുടെ ഹൃദയത്തിൽ നിന്ന് ഏറ്റവുമൊടുവിൽ മാത്രം മായിക്കപ്പെടുന്ന ഒരു നല്ലോർമയാവാൻ ഞാൻ ഇനി എത്ര വളർന്നാലാണ്…!

Share News

പക്ഷാഘാതം സംഭവിച്ച് ഭാഗികമായി ചലനമറ്റുപോയ ഒരമ്മയെ കാണാൻ ഇന്നലെ വല്യച്ചനോടൊപ്പം അവരുടെ വീട്ടിൽ പോയിരുന്നു. പെരുമഴ പെയ്ത ആ നട്ടുച്ചയിൽ കുടയുണ്ടായിരുന്നിട്ടും ഞങ്ങൾ ആകെ നനഞ്ഞു.

ആശുപത്രി പരിസരത്തെ ഓർമിപ്പിക്കുന്ന ഒരു മുറിയിൽ അവർ ശാന്തയായി കിടക്കുകയായിരുന്നു. ഓർമകൾ കുറച്ചേറെ മങ്ങിപ്പോയെന്നും വാക്കുകൾ അത്ര വഴങ്ങുന്നില്ലെന്നും കൂടെയുള്ളവർ പറഞ്ഞു.

വിളിച്ചപ്പോൾ അവർ കണ്ണുതുറന്നു. നിർവികാരതയും അപരിചിതത്വവും നിറഞ്ഞ മുഖം!

വെള്ളക്കമ്പി പോലെ നരച്ച താടിരോമങ്ങൾ അതിരിട്ട മുഖത്ത്, നിറഞ്ഞ പുഞ്ചിരിയുമായി തന്നെ ഉറ്റുനോക്കുന്ന വെള്ളക്കുപ്പായക്കാരനെ അവർ സൂക്ഷിച്ചു നോക്കി.

ഓർമകളെ വീണ്ടെടുക്കാനുള്ള സമ്മർദ്ദം അവരുടെ മുഖത്ത് പ്രകടമായി. പക്ഷെ തൊട്ടടുത്ത നിമിഷം അവരാ സമ്മർദ്ദത്തെ മറികടന്നു. കണ്ണുകൾ വിടർന്നു. ഊർന്നു പൊയ്ക്കൊണ്ടിരുന്ന ഓർമകളുടെ നൂലിഴകളൊന്നിൽ അവർക്കു പിടിത്തംകിട്ടി.

അവർ വല്യച്ചനെ തിരിച്ചറിഞ്ഞു!

മഴയും വെയിലും ഒരുമിച്ചു വന്നാലെന്നപോലെ അപ്പോൾ അവരുടെ മുഖത്തു തെളിഞ്ഞ കണ്ണീരും പുഞ്ചിരിയും ഒരു മഴവില്ലു കണക്കെ മനോഹരമായിരുന്നു.

ഏറെ വർഷങ്ങൾക്കുമുമ്പ് അവരുടെ വികാരിയായിരുന്ന ആ മനുഷ്യനെ ആ കിടപ്പിലും അവർ തിരിച്ചറിഞ്ഞത് എന്നെ അദ്ഭുതപ്പെടുത്തി.

വഴങ്ങാത്ത വാക്കുകൾ കൂട്ടിവച്ച് വളരെ ആയാസപ്പെട്ട് ഒരുകാര്യം മാത്രം അവരെന്നോടു പറഞ്ഞു: “ഞങ്ങ..ടെ… സ്വന്തം അ..ച്ചനാ…!”

ചില്ലുപാത്രം പോലെ ഉടഞ്ഞു ചിതറിയ ഓർമകൾക്കിടയിലും ചിന്നിപ്പോകാത്ത സ്നേഹത്തിന്റെ ഒരു പ്രകാശകണമായി അവരുടെ ഹൃദയത്തിൽ ഇടംകണ്ടെത്തിയ വല്യച്ചനോട് എനിക്കസൂയ തോന്നി!

ഒരാളുടെ ഹൃദയത്തിൽ നിന്ന് ഏറ്റവുമൊടുവിൽ മാത്രം മായിക്കപ്പെടുന്ന ഒരു നല്ലോർമയാവാൻ ഞാൻ ഇനി എത്ര വളർന്നാലാണ്…!

ഫാ. ഷീൻ പാലക്കുഴി

Share News