
ഹത്രാസിലെ നിലവിളി അവസാനിക്കണമെങ്കില്‍.?
ഫാ. കുര്യന്‍ തടത്തില്‍
ക്രിമിനല്‍ സംഘങ്ങളെ അടിച്ചമര്‍ത്തുമെന്നു പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശില്‍ അധികാരത്തിലേറിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സര്‍ക്കാരിന്റെയും പ്രതിച്ഛായയ്ക്കു മങ്ങലേറ്റ ഒട്ടേറെ സംഭവങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. സ്ത്രീപീഡനങ്ങളും കൊലപാതകങ്ങളും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു. പട്ടികജാതിസ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ട കേസുകളില്‍ രാജ്യത്ത് രണ്ടാംസ്ഥാനത്തെത്തി നില്ക്കുന്നു ഉത്തര്‍പ്രദേശ്.

ഉത്തരമണ്ണിലെ ദളിത് സ്ത്രീപീഡന കൊലപാതകപരമ്പരകളിലെ ഏറ്റവുമൊടുവിലത്തെ കിരാതകൃത്യമായി ഹത്രാസ് രാജ്യമെങ്ങും കുപ്രസിദ്ധി നേടിയിരിക്കുന്നു. കൊവിഡ് മഹാമാരിമൂലമുള്ള ആള്‍ക്കൂട്ടനിയന്ത്രണങ്ങളെയെല്ലാം മറികടന്ന് പ്രതിഷേധങ്ങളുടെ തീക്കാറ്റ് അവിടങ്ങളില്‍ അലയടിക്കുകയാണ്. അമ്മയോടൊപ്പം സമീപത്തെ വയലില്‍ പുല്ലുചെത്താന്‍ പോയ ദളിത്‌പെണ്‍കുട്ടിയാണ് അതിക്രൂരമായ പീഡനത്തെത്തുടര്‍ന്ന് കൊലചെയ്യപ്പെട്ടത്. ശ്വാസംമുട്ടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതു ചെറുത്തതിനിടയിലാവാം അവളുടെ നാവ് അറ്റുപോകാറായ നിലയിലായിരുന്നു.

ഭരണകൂടഭീകരതയുടെയും മനുഷ്യാവകാശനിഷേധങ്ങളുടെയും ക്രൂരമായ പരീക്ഷണമാണ് പിന്നീടവിടെ അരങ്ങേറിയത്. മാതാപിതാക്കളെയും സഹോദരരെയും വീട്ടില്‍ പൂട്ടിയിട്ടശേഷം പുലര്‍ച്ചെ രണ്ടരയോടെ പൊലിസുകാര്‍ പെണ്‍കുട്ടിയുടെ മൃതദേഹം പെട്രോളൊഴിച്ചു കത്തിക്കുകയായിരുന്നു. തെളിവുകള്‍ നശിപ്പിക്കുന്നതിന്റെയും പോസ്റ്റുമോര്‍ട്ടത്തിനുള്ള സാധ്യത നിഷേധിക്കുന്നതിന്റെയും ഭാഗമായിട്ടാവാം മൃതദേഹം കത്തിച്ചുകളഞ്ഞത്. പെണ്‍കുട്ടിയുടെ വീടിരിക്കുന്ന സ്ഥലത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു. മാധ്യമപ്രവര്‍ത്തകരെയും പ്രതിപക്ഷരാഷ്ട്രീയക്കാരെയും സമ്പൂര്‍ണ്ണമായി തടഞ്ഞു. ജനാധിപത്യജീര്‍ണതയുടെയും മാഫിയഗുണ്ടായിസത്തിന്റെയും നേര്‍ക്കാഴ്ചകളാണ് ഹത്രാസിലും പരിസരപ്രദേശങ്ങളിലും അരങ്ങേറിയത്.

ഉന്നാവില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ പ്രതികള്‍ തീകൊളുത്തി കൊലപ്പെടുത്തിയതിന്റെ നടുക്കം മാറുംമുമ്പാണ് യു.പി.യില്‍ വീണ്ടും പൈശാചികകൃത്യങ്ങള്‍ അരങ്ങേറുന്നത്. ഹത്രാസില്‍ നാലംഗസംഘത്തിന്റെ ക്രൂരപീഡനത്തിനിരയായാണ് 19 വയസ്സുകാരി മരിച്ചതെങ്കില്‍ ബല്‍റാംപൂരില്‍ രണ്ടംഗസംഘമാണ് 22 വയസ്സുകാരിയെ ലഹരിമരുന്നു കുത്തിവച്ച് പീഡിപ്പിച്ചുകൊന്നത്. ലഖിംപൂര്‍ ഖേരിയില്‍ ഓഗസ്റ്റ് അവസാനം നടന്ന വ്യത്യസ്ത സംഭവങ്ങളില്‍ മൂന്നു വയസ്സുള്ള പെണ്‍കുഞ്ഞ്, 18 വയസ്സുകാരി, 13 വയസ്സുകാരി എന്നിവരാണ് ക്രൂരമായ പീഡനങ്ങള്‍ക്കൊടുവില്‍ കൊല്ലപ്പെട്ടത്. ഹത്രാസിലും ബല്‍റാംപൂരിലും ദളിത്‌പെണ്‍കുട്ടികള്‍ മരണമടഞ്ഞ ദിവസംതന്നെ അസംഗഡില്‍ എട്ടു വയസ്സുകാരിയെ അയല്‍വാസി പീഡിപ്പിച്ചു. ഇതേ ദിവസംതന്നെ ബാഗ്പതില്‍ പീഡനത്തിനിരയായ 17 വയസ്സുകാരി ജീവനൊടുക്കാന്‍ ശ്രമിച്ചു.
ഉത്തരേന്ത്യന്‍ ഗ്രാമപ്രദേശങ്ങളില്‍ സര്‍വവ്യാപിയായിരിക്കുന്ന ജാതീയത പെരുകുന്നതിന്റെ നേര്‍ചിത്രങ്ങളാണ് ഹത്രാസിലും മറ്റും കണ്ടുകൊണ്ടിരിക്കുന്നത്. ഉന്നതജാതീയര്‍ കീഴാളരുടെമേല്‍ അധികാരം സ്ഥാപിക്കുന്നതിന്റെ പേരായി മാറിയിരിക്കുന്നുവോ, ബലാത്സംഗം! അയിത്തം അടക്കമുള്ള അനാചാരങ്ങളെല്ലാം ഭരണഘടനാപരമായിത്തന്നെ നിരോധിക്കപ്പെട്ടിട്ട് എഴുപതു വര്‍ഷം കഴിഞ്ഞിട്ടും ജാതീയതയുടെ പേരിലുള്ള വിവേചനങ്ങളും ഉച്ചനീചത്വങ്ങളും തുടരുകയാണ്. രാജ്യത്ത് നൂറ്റാണ്ടുകളായി നീതി നിഷേധിക്കപ്പെടുന്ന ദരിദ്രരെയും ദളിതരെയും പ്രതീകവത്കരിക്കുകയാണ് ഹത്രാസിലെ പെണ്‍കുട്ടി, അവളുടെ ജീവിതംകൊണ്ടും മരണംകൊണ്ടും.
2019 ല്‍ ഓരോ ദിവസവും രാജ്യത്ത് 88 ബലാത്സംഗക്കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്. ഓരോ പതിനാറുമിനിറ്റിലും ഒരു പെണ്‍കുട്ടിവീതം ബലാത്സംഗത്തിനിരയാകുന്നുണ്ടത്രേ. അവരില്‍ പതിനൊന്നു ശതമാനവും ദളിത്‌പെണ്‍കുട്ടികളാണ്. 2016 മുതല്‍ 2018 വരെയുള്ള കണക്കനുസരിച്ച്, യു.പി.യില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇരുപതുശതമാനമാണു വര്‍ദ്ധിച്ചതെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ടു ചെയ്യുന്നു. 2009 ല്‍ 1859 ബലാത്സംഗക്കേസുകളായിരുന്നെങ്കില്‍ 2019 ല്‍ രേഖപ്പെടുത്തിയത് 3065 കേസുകള്‍. അതായത്, പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം ഇരട്ടിയലധികം കേസുകളാണ് ചിത്രത്തിലുള്ളത്.
2012 ഡിസംബറില്‍ ഡല്‍ഹി നഗരമധ്യത്തില്‍ ഓടുന്ന ബസില്‍ കൂട്ടമാനഭംഗത്തിനിരയായി നിര്‍ഭയ എന്ന പെണ്‍കുട്ടി മരണത്തിനു കീഴടങ്ങിയപ്പോള്‍ അവളുടെ മാതാപിതാക്കള്‍ നെഞ്ചുപൊട്ടിപ്പറഞ്ഞിരുന്നു, ‘ഞങ്ങളുടെ കുഞ്ഞിന്റെ മരണം, രാജ്യത്ത് സ്ത്രീസുരക്ഷയ്ക്കു വഴിയൊരുക്കട്ടെ’ എന്ന്. എട്ടുവര്‍ഷങ്ങള്‍ക്കിപ്പുറവും ആ വഴി ഇരുളേറെമൂടി കലുഷിതമായിരിക്കുന്നു.
ഡല്‍ഹിയിലെ നിര്‍ഭയയില്‍നിന്നുയര്‍ന്ന നിസ്സഹായതയുടെ നിലവിളി ഹത്രാസിലും ആവര്‍ത്തിക്കപ്പെടുകയാണ്. ഇത് ഇന്ത്യയുടെ മനഃസാക്ഷിയെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. സ്ത്രീത്വത്തിന്റെ ശ്രീത്വം ഉയര്‍ത്തിപ്പിടിക്കാന്‍, നമ്മുടെ പെണ്‍കുരുന്നുകള്‍ക്ക് ഇന്ത്യാ മഹാരാജ്യത്ത് നിര്‍ഭയം ജീവിക്കാന്‍ ഇനി എന്നാണാവോ സ്വാതന്ത്ര്യം ഉണ്ടാവുന്നത്?
ഹത്രാസിലും പരിസരങ്ങളിലും കേട്ട സ്ത്രീരോദനങ്ങള്‍ അവസാനിക്കണമെന്നുണ്ടെങ്കില്‍, ധാര്‍മ്മികതയെയും സദാചാരമൂല്യങ്ങളെയും ഉപാസിക്കുന്ന ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടം പ്രവര്‍ത്തനക്ഷമമാകേണ്ടിയിരിക്കുന്നു.
