ചരിത്രാവബോധമില്ലായ്മ വലിയ തകർച്ചയിലേക്ക് ലോകത്തെ നയിക്കുന്നു: പോപ്പ് ഫ്രാൻസിസ് .

Share News

പ്രസിദ്ധീകരിച്ച് കേവലം ഒരാഴ്ചയ്ക്കുള്ളിൽ ലോകശ്രദ്ധയാകർഷിച്ചുകഴിഞ്ഞ “ഫ്രെത്തേലി തൂത്തി” അഥവാ, “എല്ലാവരും സഹോദരർ” ഫ്രാൻസിസ് പാപ്പയുടെ ഏറ്റവും ഒടുവിലെ ചാക്രിക ലേഖനമാണ്.

“ലൗദാതോ സി” ക്ക് ശേഷം ലോകം ഏറെ ആകാംക്ഷയോടെയും പ്രതീക്ഷകളോടെയും കാത്തിരുന്ന രചന കൂടിയാണ് ഇത്. അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ആദർശങ്ങളെ പിന്തുടർന്ന് ഫ്രാൻസിസ് പാപ്പ പുറപ്പെടുവിച്ച ഈ പ്രബോധനം കത്തോലിക്കാസഭയുടെ സാമൂഹിക പ്രബോധനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി വിലയിരുത്തപ്പെടുന്നു.

സമകാലിക ലോകത്തിലെ അപഭ്രംശങ്ങളെ അക്കമിട്ടു നിരത്തുന്ന “അടഞ്ഞ ലോകത്തിനുമേൽ ഇരുണ്ട മേഘങ്ങൾ” എന്ന ആദ്യ അധ്യായം ഈ കാലഘട്ടത്തിൽ നാം നേരിടുന്ന സാമൂഹിക പ്രതിസന്ധികളെയാണ് വിവരിക്കുന്നത്. സാർവ്വത്രിക സാഹോദര്യത്തിന്റെ വളർച്ചയ്ക്ക് തടസങ്ങളായി നിൽക്കുന്ന ആധുനിക കാലത്തെ പ്രവണതകളെ അദ്ദേഹം എടുത്തുപറയുന്നു. നന്മ ലക്‌ഷ്യം വച്ചിരിക്കുന്ന പല പദ്ധതികളും സ്വപ്നങ്ങളായി അവശേഷിക്കുന്ന സാഹചര്യങ്ങൾ, ലോകത്തെ വേട്ടയാടുന്ന പലവിധ മാന്ദ്യങ്ങൾ, ദേശീയതയുടെയും വർഗ്ഗീയതയുടെയും പേരിൽ നഷ്ടമാകുന്ന സാമൂഹികതയുടെ സാർവ്വത്രിക മാനം, ആരോഗ്യകരമായ സംവാദങ്ങളില്ലാത്ത രാഷ്ട്രീയ ജീവിതം, ഭിന്നത, പങ്കുവയ്ക്കലില്ലാത്ത ആഗോളവൽക്കരണവും ആധുനിക വൽക്കരണവും, മിഥ്യയായി മാറുന്ന ആശയവിനിമയം തുടങ്ങി പ്രസക്തങ്ങളായ നിരവധി ആശയങ്ങൾ പാപ്പ ആദ്യ അധ്യായത്തിൽ അവതരിപ്പിക്കുന്നു. ചരിത്രാവബോധം നഷ്ടപ്പെടുന്ന, ചരിത്രത്തെ അവഗണിക്കുന്ന ഈ കാലത്തെ തലമുറകളോട് ചരിത്രത്തിൽനിന്ന് പാഠമുൾക്കൊള്ളുന്നവരാകാൻ പാപ്പ ഉദ്ബോധിപ്പിക്കുന്നു.

(തുടർന്നുള്ള ഭാഗം ഫ്രാൻസിസ് പാപ്പയുടെ ഫ്രെത്തേലി തൂത്തി എന്ന ചാക്രിക ലേഖനത്തിന്റെ 13, 14 ഖണ്ഡികകളുടെ വിവർത്തനമാണ്)

(13) വലിയ തകർച്ചയിലേക്കു നയിക്കുന്നതും വർധിച്ചു കൊണ്ടിരിക്കുന്നതുമായ ചരിത്രാവബോധനഷ്ടം ഇന്നുണ്ട്. അപനിർമ്മിതിയുടെ ഭാഗമായി, എല്ലാം ശൂന്യതയിൽനിന്ന് ആരംഭിക്കുക എന്ന ചിന്തയാണ് ഇന്നത്തെ ലോകത്തെ നയിക്കുന്നത്. പരിധിയില്ലാത്ത ഉപഭോഗശീലത്തോടൊപ്പം, പൊള്ളയായ വ്യക്തിത്വവാദത്തിന്റെ പ്രകടനങ്ങളുമാണ് ഈ സംസ്കാരത്തിന്റെ ഉപോല്പന്നങ്ങൾ. ഇത്തരം ചിന്തകളുടെ പശ്ചാത്തലത്തിലാണ് യുവജനങ്ങൾക്ക് ചില ഉപദേശങ്ങൾ നൽകാൻ ഞാൻ ആഗ്രഹിച്ചത്: “തങ്ങളുടെ ചരിത്രത്തെ വിസ്മരിക്കാനും, മുതിർന്നവരുടെ അനുഭവങ്ങളെ അവഗണിക്കുവാനും, ഭൂതകാലത്തെ നിസ്സാരവത്കരിച്ച്, സ്വയം സൃഷ്ടിച്ചെടുക്കുന്ന ഭാവിയിലേയ്ക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും ആരെങ്കിലും യുവജനങ്ങളോട് പറയുകയും അപ്രകാരം അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നെങ്കിൽ, തന്റെ ആഗ്രഹം പോലെയും താൻ പറയുന്നത് മാത്രം ചെയ്യും വിധവും അവരെ രൂപപ്പെടുത്തിയെടുക്കുന്നത് അയാൾക്ക് വളരെ എളുപ്പമല്ലേ? കാഴ്ചപ്പാടുകളിൽ ആഴമില്ലാത്തവരും, വേരുകൾ നഷ്ടപ്പെട്ടവരും, സന്ദേഹികളുമായി യുവജനങ്ങൾ മാറുകയാണ് അയാളുടെ ആവശ്യം. അങ്ങനെയെങ്കിൽ മാത്രമേ, അവർ അയാളെ മാത്രം വിശ്വസിക്കുകയും അയാളുടെ പദ്ധതികൾക്കനുസരിച്ച് മാത്രം പ്രവർത്തിക്കുകയും ചെയ്യുകയുള്ളൂ. വ്യത്യസ്തങ്ങളായ പ്രത്യയശാസ്ത്രങ്ങൾ പ്രവർത്തിക്കുന്നത് ഇപ്രകാരമാണ്: എതിരാളികളില്ലാതെ വാഴാനാകും വിധം വൈവിധ്യങ്ങളെയെല്ലാം അവ നശിപ്പിക്കുന്നു (അഥവാ, അപനിർമ്മിക്കുന്നു). ഇതിന് അവർക്ക് യുവജനങ്ങളെ ആവശ്യമുണ്ട്. ആ യുവജനങ്ങളാകട്ടെ, ചരിത്രത്തിന് ഉപയോഗമില്ലാത്തവരും, പൂർവ്വികരുടെ ആത്മീയ – മാനവിക ഔന്നത്യത്തെ പുച്ഛിച്ചുതള്ളുന്നവരും, തങ്ങൾക്കുമുമ്പേ വന്നിട്ടുള്ള സകലതിനെക്കുറിച്ചും അജ്ഞരും ആയിരിക്കണം.”

14) സാംസ്കാരിക കോളനിവത്കരണത്തിന്റെ പുതിയ രൂപങ്ങളാണ് ഇത്തരം പ്രതിഭാസങ്ങൾ. “തങ്ങളുടെ പാരമ്പര്യങ്ങൾ കൈവിടുകയും മറ്റുള്ളവരെ അനുകരിക്കാനോ അക്രമണോൽസുകതയെ വളർത്താനോ ഉള്ള ഭ്രമം കൊണ്ടോ, പൊറുക്കാനാവാത്ത അവഗണനയോ നിർവ്വികാരതയോ കൊണ്ടോ സ്വന്തം ആത്മാവു തന്നെ അപഹരിക്കപ്പെടാൻ അനുവദിക്കുകയും ചെയ്യുന്ന ജനങ്ങൾക്ക് സ്വന്തം ആത്മീയ അന്തസത്ത മാത്രമല്ല, ധാർമ്മിക ഉൾക്കരുത്തും തുടർന്ന്, ബൗദ്ധിക – സാമ്പത്തിക – രാഷ്ട്രീയ സ്വാതന്ത്ര്യങ്ങളുമാണ് കൈമോശം വന്നു പോകുന്നതെന്നത്” നാം മറക്കരുത്. ചരിത്രാവബോധത്തെയുംവിമർശനാത്മക ചിന്തയെയും നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളെയും ഉദ്ഗ്രഥനപ്രക്രിയകളെയും ദുർബ്ബലപ്പെടുത്താനുള്ള ഫലപ്രദമായ ഒരു മാർഗ്ഗം, വിവരണങ്ങളിലെ തേജസ്സുറ്റ വാക്കുകളുടെ മഹത്വം കെടുത്തി അവതരിപ്പിക്കുകയോ അവയെ ദുർവ്യാഖ്യാനം ചെയ്യുകയോ ആണ്. ജനാധിപത്യം, സ്വാതന്ത്ര്യം, നീതി, ഐക്യം തുടങ്ങിയ വാക്കുകൾക്ക് ഇക്കാലത്ത് എന്ത് അർത്ഥമാണുള്ളത്? എന്തിനെയും ന്യായീകരിക്കാൻ സഹായിക്കുന്ന അർത്ഥ രഹിതമായ തൊങ്ങലുകൾ എന്ന വിധം അത്തരം ആശയങ്ങൾ വളച്ചൊടിക്കപ്പെടുകയും മേൽക്കോയ്മ നിലനിർത്തുന്നതിനുള്ള ആയുധങ്ങൾ മാത്രമായി അധഃപതിക്കുകയും ചെയ്തിരിക്കുന്നു.

ഈ കാലഘട്ടത്തിൽ ഏറ്റവും പ്രസക്തവും മഹത്തരവുമായ ഒരു സന്ദേശമാണ് പാപ്പ യുവജനങ്ങൾക്ക് നൽകുന്നത്. ചരിത്രത്തെ അവഗണിക്കുന്നവരാകാനുള്ള ആഹ്വാനം അവർക്ക് നൽകിക്കൊണ്ട് ഏത് പ്രത്യയശാസ്ത്രത്തിന്റെ പേരിലും ദുരുപയോഗിക്കപ്പെടാൻ കഴിയുംവിധം വേരുകളില്ലാത്തവരായി അവരെ മാറ്റാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കാൻ അദ്ദേഹം ഉദ്ബോധിപ്പിക്കുന്നു. ചരിത്രാവബോധം ഉള്ളവരാകുവാനും ചരിത്രത്തിൽനിന്ന് പാഠം ഉൾക്കൊള്ളുന്നവരാകാനും അതുവഴി സാമൂഹികജാഗ്രതയുള്ളവരായിരിക്കാനും അദ്ദേഹം സകലരെയും ഓർമ്മിപ്പിക്കുന്നു.

കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ

Share News