
വാളാടേക്ക് അടിയന്തരമായി മെഡിക്കൽ സംഘത്തെ അയക്കണം: പി.കെ.ജയലക്ഷ്മി.
മാനന്തവാടി: വാളാട് പ്രദേശത്ത് അനുദിനം കോവിഡ് രോഗികളുടെ എണ്ണവും വൈറസ് വാഹകരുടെ എണ്ണവും വർദ്ധിക്കുന്ന സാഹചര്യത്തിൽ തവിഞ്ഞാൽ പഞ്ചായത്തിലേക്ക് അടിയന്തരമായി മെഡിക്കൽ സംഘത്തെ അയക്കണമെന്ന് മുൻമന്ത്രിയും എ.ഐ.സി.സി അംഗവുമായ പി കെ ജയലക്ഷ്മി ആവശ്യപ്പെട്ടു. ജനങ്ങൾ ഒന്നടങ്കം ആശങ്കയിലാണ്. വൈറസ് വ്യാപനം 10 ദിവസം പിന്നിട്ടതിനാൽ സമ്പർക്കം ഉള്ള പലരും ഭീതി അകറ്റുന്നതിന് പരിശോധന നടത്തണമെന്ന ആവശ്യം ഉയർത്തുന്നുണ്ട്.
വാളാട് രോഗവ്യാപനത്തിന് ഇടയാക്കിയത് അധികൃതരുടെ വീഴ്ചയാണെന്നും ജയലക്ഷ്മി ആരോപിച്ചു. ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും ജാഗ്രത കുറവാണ് ആളുകൾ ഒന്നിച്ചു കൂടാൻ ഇടയാക്കിയത്. സംഭവം ഉണ്ടായിട്ടും വേണ്ടത്ര ഗൗരവത്തോടെ കാര്യങ്ങളെ നോക്കി കണ്ടില്ല . വളരെ വൈകിയാണ് ജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ എത്തിയത്. വലിയ ക്ലസ്റ്റർ ആവാതിരിക്കാൻ പുറത്തേക്ക് രോഗവ്യാപനം ഉണ്ടാകാതിരിക്കാനും ആരോഗ്യ വകുപ്പിൻറെ പ്രവർത്തനങ്ങളോട് ജനങ്ങൾ സഹകരിക്കണമെന്നും പി കെ ജയലക്ഷ്മി ആവശ്യപ്പെട്ടു .
കഴിഞ്ഞ ദിവസങ്ങളിൽ ആൻറിജൻ പരിശോധനയ്ക്ക് വിധേയമാക്കിയവരിൽ ഏറെപ്പേർക്കും കൊറോണ വൈറസ് ശരീരത്തിൽ ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇനിയും കൂടുതൽ പരിശോധനകൾ ആവശ്യമാണ് .എന്നാൽ വേണ്ടത്ര ജീവനക്കാർ പ്രദേശത്ത് ഇല്ലെന്നാണ് അറിയുന്നത് . ഈ പ്രശ്നം പരിഹരിക്കാൻ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘത്തെ വാളാട് അയയ്ക്കണമെന്നും ജയലക്ഷ്മി പറഞ്ഞു.