
‘വന്ദേ ഭാരത്’ ട്രെയിനുകള്‍ക്കുള്ള ചൈനീസ് ടെന്‍ഡര്‍ ഇന്ത്യ റദ്ദാക്കി
ന്യൂഡല്‍ഹി: ചൈനയ്ക്ക് വീണ്ടും തിരിച്ചടി നൽകി ഇന്ത്യ. 44 സെമി ഹൈസ്പീഡ് ‘വന്ദേഭാരത്’ എക്സ്പ്രസ്സ് ട്രെയിനുകള്‍ നിര്‍മിക്കുന്നതിന് ചൈനീസ് കമ്പനിക്ക് നല്‍കിയ കരാര്‍ ഇന്ത്യ റദ്ദാക്കി. ട്രെയിന്‍ നിര്‍മാണത്തിന് ആഭ്യന്തര കമ്ബനിയെ കണ്ടെത്തുന്നതിന് ഒരാഴ്ചക്കകം പുതിയ ടെണ്ടര്‍ ക്ഷണിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയാണ് ചൈനീസ് ടെന്‍ഡര്‍ റദ്ദാക്കിയത്.
44 സെമി ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ സമര്‍പ്പിച്ച ആറ് കമ്ബനികളില്‍ ഒരെണ്ണം ചൈനീസ് കമ്ബനിയുമായി ചേര്‍ന്നുള്ള സിആര്‍ആര്‍സി പയനിയര്‍ ഇലക്‌ട്രിക് പ്രൈവററ് ലിമിറ്റഡിന്റേതായിരുന്നു. 2015ലാണ് ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിആര്‍ആര്‍സി യോങ്ജി ഇലക്‌ട്രിക് കമ്ബനി ലിമിറ്റഡും ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫില്‍മെഡ് പ്രൈവറ്റ് ലിമിറ്റഡും തമ്മില്‍ സംയുക്ത സംരംഭം രൂപീകരിച്ചത്. ചൈനീസ് സംയുക്ത സംരംഭവും ടെന്‍ഡര്‍ സമര്‍പ്പിച്ചവരില്‍ ഉണ്ടെന്ന് ബോധ്യപ്പെട്ടതോടെ റെയില്‍വേ ഇത് റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സെമി ഹൈസ്പീഡ് ട്രെയിന്‍ നിര്‍മാണത്തിന് ടെണ്ടര്‍ ക്ഷണിച്ചപ്പോള്‍ മുന്നോട്ടു വന്ന ആറ് കമ്ബനികളിലെ ഏക വിദേശ കമ്ബനിയായിരുന്നു ഇത്. ഭാരത് ഇന്‍ഡസ്ട്രീസ്, സംഗ്രൂര്‍, ഇലക്‌ട്രോവേവ്‌സ് ഇലക്‌ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡ്, മേധ സെര്‍വോ ഡ്രൈവ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, പവര്‍നെറ്റിക്‌സ് എക്യുപ്‌മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ടെണ്ടറില്‍ പങ്കെടുത്ത മറ്റു കമ്ബനികള്‍.
അതേസമയം, കേന്ദ്രത്തിന്റെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുളളതായിരിക്കും പുതിയ ടെന്‍ഡര്‍ .