ഇന്ത്യ-ചൈന സേനാതല ചർച്ച പരാജയം:സൈനിക പിന്മാറ്റം ഉണ്ടാവില്ല

Share News

ന്യൂഡല്‍ഹി: ഇന്ത്യ ചൈന കരസേന മേജര്‍ ജനറലുമാര്‍ തമ്മിലുള്ള ചര്‍ച്ച പരാജയം. ഗല്‍വാന്‍ മേഖലയില്‍ നിന്ന് അടിയന്തര സൈനിക പിന്മാറ്റം ഉണ്ടാവില്ല. ഗല്‍വാന്‍ മേഖലയിലെ ഇരു രാജ്യങ്ങളിലെയും മേജര്‍ ജനറല്‍മാരാണ് ചര്‍ച്ച നടത്തിയത്. ചര്‍ച്ച പാളിയെങ്കിലും സൈനിക മേധാവി തലത്തിലുള്ള സംഭാഷണങ്ങള്‍ വരും ദിവസങ്ങളില്‍ തുടരും.

‘മേഖലയില്‍ അടിയന്തരമായ പിന്‍വലിയലോ മാറ്റങ്ങളോ നടന്നിട്ടില്ലാത്ത സാഹചര്യത്തില്‍ ചര്‍ച്ചകള്‍ അവ്യക്തമായി തുടരുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ച നടത്തും,’ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിനിടെ പ്രധാനമന്ത്രിയുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ചര്‍ച്ച നടത്തി.

അതിര്‍ത്തിയിലെ പ്രശ്‌നങ്ങളായിരുന്നു ചര്‍ച്ച വിഷയം.

നേരത്തെ ഇന്ത്യ ചൈന വിദേശകാര്യ മന്ത്രിമാരുടെ ടെലഫോണ്‍ സംഭാഷണത്തില്‍ സംഘര്‍ഷം പരിഹരിക്കാന്‍ തീരുമാനമായിരുന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും തമ്മിലായിരുന്നു ചര്‍ച്ച. സംഘര്‍ഷത്തില്‍ എത്രയും പെട്ടെന്ന് അയവു വരുത്താന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു.

അതിര്‍ത്തിയില്‍ പ്രകോപനം ഉണ്ടായാല്‍ തിരിച്ചടിക്കാന്‍ നമുക്ക് ശേഷിയുണ്ടെന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നത്. ജവാന്മാരുടെ ജീവത്യാഗം വെറുതെയാവില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതിര്‍ത്തി പ്രശ്‌നത്തിന്റെ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ സര്‍വ്വകക്ഷി യോഗം ചേരും. പ്രധാന രാഷ്ട്രീയ കക്ഷി നേതാക്കള്‍ വിഡിയോ കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.

തിങ്കളാഴ്ചയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ 18 ഇന്ത്യന്‍ സൈനികരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 4 പേരുടെ നില ഗുരുതരമായിരുന്നെങ്കിലും നിലവില്‍ ചികിത്സയോട് മികച്ച രീതിയില്‍ പ്രതികരിക്കുന്നുണ്ട്. 58 പേരടങ്ങിയ മറ്റൊരു സംഘം ഇന്ത്യന്‍ സൈനികര്‍ക്കും ചെറിയ പരിക്കുകള്‍ ഉണ്ട്. ഇവരും ചികിത്സയിലാണ്

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു