ഇത് കോടിയേരിക്ക്‌ കാലം കരുതി വച്ച കാവ്യ നീതിയോ?

Share News

കേരളം ഭരിക്കുന്ന സർക്കാരും, സർക്കാരിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പാർട്ടിയും ഒരുപോലെ പ്രതികൂട്ടിൽ നിൽക്കുന്നഅവസ്ഥയ്ക്ക് രാഷ്ട്രീയ കേരളം ആദ്യമായി സാക്ഷ്യം വഹിക്കുകയാണ്.

മുഖ്യ മന്ത്രിയുടെ വിശ്വസ്തനും പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന ശിവശങ്കരനെ ഇ ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇന്ന് കേരളം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ശ്രീ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ്കോടിയേരിയും ബാംഗ്ലൂരിൽ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ.

പാർട്ടിയിലെ അംഗമല്ലാത്ത ബിനീഷിന്റെ അറസ്റ്റിൽ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് ഒരു പ്രശ്നവുമില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നും പോളിറ്റ് ബ്യൂറോ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ച്‌ കഴിഞ്ഞു. ഏകദേശം ഇതേ നിലപാട് എൽ ഡി എഫ് കൺവീനർ വിജയരാഘവനും ആവർത്തിച്ചു.

രാഷ്ട്രീയ നേതാക്കന്മാരുടെ കുടുംബങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയല്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്. പിണറായിയുടെയും കോടിയേരിയുടെയും മക്കളെക്കുറിച്ചുള്ള വിവാദങ്ങൾ രാഷ്ട്രീയ ജീവിതത്തിൽ ഇവരുടെ പ്രതിച്ഛായയെ തകർക്കാനുള്ള ആയുധമായി ഉപയോഗിക്കുന്നതിൽ ഔചാത്യക്കുറവുണ്ട്.

പക്ഷെ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് പൊള്ളയായ ആരോപങ്ങങ്ങൾ ഉന്നയിച്ച് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ സമൂഹ മദ്ധ്യത്തിൽ വളരെ നീചമായി വലിച്ച് കീറി ഭിത്തിയിൽ ഒട്ടിക്കാൻ മുന്നിൽ നിന്ന കമ്മ്യൂണിസ്റ് പാർട്ടിയുടെ സെക്രട്ടറിയാണ് ശ്രീ കോടിയേരി എന്നോർക്കുമ്പോൾ എന്തോ ഒരു പന്തികേട്.

കേരളത്തിലെ ജനങ്ങൾ നെഞ്ചിലേറ്റിയിരുന്ന, ഒരുപാട് വികസന സ്വപ്നവുമായി കേരളത്തിന്റെ മുഖ്യമന്ത്രി പദം ഏറ്റെടുത്ത ഉമ്മൻ‌ചാണ്ടി, അപമാനത്തോടെ, നിരാശയോടെ സെക്രട്ടറിയേറ്റിന്റെ പടിയിറങ്ങുമ്പോൾ സി പി എമ്മിന്റെ സെക്രട്ടറി കസേരയിലിരുന്ന് പൊട്ടിചിരിച്ചത് കോടിയേരി ബാലകൃഷ്ണൻ ആയിരുന്നു എന്നതും കൂട്ടിവായിക്കുമ്പോൾ, ഇത് കോടിയേരിക്ക് വേണ്ടി കാലം കാത്ത് വച്ചിരുന്ന കാവ്യനീതിയോ എന്ന് ചിന്തിച്ച് പോകുന്നു.

(ജോ കാവാലം)

Jolly George Kavalam Puthupparampil

Share News