
തെരഞ്ഞെടുപ്പാണ്; നാവില്‍ പിഴയ്ക്കരുത്
തെരഞ്ഞെടുപ്പ് കാലമാണ്. ആവേശം കേറുമ്പോള്‍ ചിലര്‍ക്കെങ്കിലും നാക്ക് പിഴ സംഭവിക്കാറുണ്ട്. നാക്ക് പിഴകള്‍ എതിര്‍സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് കാരണവുമായിട്ടുണ്ട്. “വായില്‍ വരുന്നത് കോതക്ക് പാട്ട്” എന്ന രീതിയില്‍ പ്രസംഗിക്കരുത്. അധിക്ഷേപകരവും നിന്ദ്യവുമായ പരാമര്‍ശങ്ങള്‍ നേതാക്കളില്‍ നിന്ന് വരുന്നത് അന്തസുറ്റ സമീപനമല്ല. പൊതുസമൂഹം ഈ സമീപനം ഒരിക്കലും അംഗീകരിക്കുകയില്ല. വിവരവും വിവേകവും കുലീന പെരുമാറ്റവും ജനപ്രതിനിധികളില്‍ ഉണ്ടാകണമെന്നാണ് കേരളജനത ആഗ്രഹിക്കുന്നത്.

2014 ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് വേളയില്‍ അന്ന് ഇടതുമുന്നണി വിട്ട് യു.ഡി.എഫ്.ചേരിയില്‍ എത്തിയ എന്‍.കെ.പ്രേമചന്ദ്രന് എതിരെ പിണറായി വിജയന്‍ നടത്തിയ “പരനാറി” പ്രയോഗം അണികള്‍ക്ക് ആവേശം പകര്‍ന്നെങ്കിലും സ്വന്തം സ്ഥാനാര്‍ത്ഥിയുടെ തോല്വിക്ക് ഇടവരുത്തി. മുതിര്‍ന്ന നേതാവ് എം.എ. ബേബിയാണ് അവിടെ തോറ്റുപോയത്. നിര്‍ണായക സന്ദര്‍ഭത്തില്‍ മുന്നണി വിട്ടയാളോടുള്ള അരിശമാണ് ആ പരാമര്‍ശമെന്ന് വിശദീകരിച്ചെങ്കിലും ജനം അത് അംഗീകരിച്ചില്ലെന്ന് ഫലം വ്യക്തമാക്കി. ഇത്തരം പരാമര്‍ശങ്ങള്‍ നിഷ്പക്ഷമതികളായ വോട്ടര്‍മാരെ സ്വാധീനിക്കും; അവര്‍ തിരിഞ്ഞ് വോട്ട് ചെയ്യും. പറഞ്ഞവ പറഞ്ഞില്ലെന്ന് പറഞ്ഞ് തലയൂരാനാകില്ല. എല്ലാം പറയുമ്പോള്‍തന്നെ വിഷ്വല്‍ മീഡിയായില്‍ വരുന്ന കാലമാണ്. ഉടന്‍ വിവാദമാകും.

ഇക്കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുകാലത്ത് ആലത്തൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ ത്ഥിയായിരുന്ന രമ്യ ഹരിദാസിനെതിരെ എ.വിജയരാഘവന്‍ നടത്തിയ പരാമര്‍ശവും വലിയ ജനരോഷ മുണ്ടാക്കി. ഇടതുകോട്ടയില്‍ രമ്യ ഹരിദാസ് പാട്ടുംപാടി ജയിച്ചു. അരൂര്‍ മണ്ഡലത്തിലെ കഴിഞ്ഞ ഉപതെര ഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായിരുന്ന ഷാനിമോള്‍ ഉസ്മാന് എതിരെ മന്ത്രി ജി.സുധാകരന്‍ നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു. അവിടെയും ആ വാക്കുകള്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിക്കാണ് ഗുണം ചെയ്തത്. പ്രത്യേകിച്ച് സ്ത്രീ സ്ഥാനാര്‍ത്ഥികളെ പരാമര്‍ശിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധയും ജാഗ്രത യും വേണം ‘അവള്‍’ ‘എടീ’ എന്നീ പ്രയോഗങ്ങള്‍പോലും ഒട്ടും കുലീനമല്ല. ഈ വാക്കുകളില്‍ ഒരു കയ്പ് ഉണ്ട്. നാവിന്‍റെ വിലയുംനിലയും തിരിച്ചറിയാതെ പ്രയോഗിക്കുന്ന വാക്കുകള്‍ സ്വന്തം മൂല്യം കുറയ്ക്കും. ആരായാലും എന്തിന്‍റെ പേരിലായാലും ഓരോരുത്തരുടെയും നാവില്‍ നിന്ന് വരുന്ന വാക്കു കള്‍ക്ക് മൂല്യമുണ്ടാകണം. സ്ഥാനത്തിന്‍റെ വലുപ്പവും സമൂഹത്തിന്‍റെ അന്തസ്സും ജീവിതത്തിന്‍റെ പക്വതയുമെല്ലാം ആവശ്യപ്പെടുന്ന അടിസ്ഥാന മര്യാദകള്‍ നേതാക്കളും ഭരണാധികാരികളും പുലര്‍ത്തണം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ ഒരു പ്രയോഗം ബി.ജെ.പി.യുടെ എതിരാളികള്‍ക്കു കിട്ടിയ വടിയായി. അട്ടപ്പാടിയിലെ ശിശുമരണ വിഷയം പ്രതിപാദിക്കുമ്പോള്‍ സോമാലിയായുമായി ചേര്‍ത്ത് കേരളത്തിന്‍റെ പൊതുസ്ഥിതി പറഞ്ഞതാണ് വിവാദ മായത്. കേരളത്തെ നരേന്ദ്രമോഡി അപകീര്‍ത്തിപ്പെടുത്തിയെന്ന വാദമാണ് യു.ഡി.എഫ്., എല്‍.ഡി.എഫ് മുന്നണികള്‍ അന്ന് ഉയര്‍ത്തിയത്. വാക്കുകള്‍ കൊണ്ട് മാജിക് കാട്ടുന്ന പ്രഗത്ഭനായ പ്രസംഗകനാണ് നരേന്ദ്രമോഡി. അദ്ദേഹത്തിനു പോലും നാക്ക് പിഴ സംഭവിക്കാനിടയുണ്ട്.

തെരഞ്ഞെടുപ്പുകളില്‍ വിജയമുഹൂര്‍ത്തം കുറിക്കാന്‍ സഹായിക്കുന്ന അത്ഭുതസിദ്ധികളുള്ള ആയുധമാണ് പ്രസംഗം. കേരളത്തിന്‍റെ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്. വാക്കുകൊണ്ടും തന്‍റെ താത്വിക നിലപാട്കൊണ്ടും വിജയംനേടിയ വ്യക്തിത്വമാണ്. 1991 ലെ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് കാലത്ത് ഇറാഖും അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളും യുദ്ധമുഖത്തായിരുന്നു. കോണ്‍ഗ്രസ് അമേരിക്കയുടെ നീക്കങ്ങളെ അനുകൂലിച്ചപ്പോള്‍ വേറിട്ട തന്ത്രവുമായി ഇ.എം.എസ്. രംഗത്ത് വന്നു. സാമ്രാജ്യത്വത്തിന് എതിരായ പോരാട്ടമാണ് സദ്ദാം ഹുസൈന്‍ നടത്തുന്നതെന്ന് ഇ.എം.എസ്. പ്രസംഗിച്ചു. അത് ഗുണം ചെയ്തു. സദ്ദാമിനെ അനുകൂലിക്കുന്നവരുടെ വോട്ട് ഒന്നിച്ച് ഇടതുപക്ഷത്തിന് ലഭിച്ചു. 14-ല്‍ 13 ജില്ലകളിലും ഇടതുപക്ഷം ജില്ലാ കൗണ്‍സില്‍ വിജയികളായി. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.നീക്കങ്ങള്‍ ഇസ്ലാമിന് എതിരാണെന്ന ചിന്ത പ്രചരിപ്പിക്കപ്പെട്ടതോടെ മുസ്ലിം വോട്ടുകള്‍ ഒന്നിച്ച് യു.ഡി.എഫിന് അനുകൂലമായി. 20-ല്‍ 19 സീറ്റും യു.ഡി.എഫ് നേടി.

“കൈവിട്ട കല്ലും വാവിട്ട വാക്കും” തിരിച്ചെടുക്കാനാവില്ല എന്നാണ് പഴമൊഴി. ഒരാളുടെ നാവിലൂടെ പുറത്തുവരുന്നത് അയാളുടെ സംസ്കാരമാണ്. സംസാരം, പെരുമാറ്റം, മനോഭാവം എന്നിവയാണ് ഒരുവനെ ശ്രേഷ്ഠവ്യക്തിത്വത്തിന് ഉടമയാക്കുന്നത്. നേതാക്കളും ഭരണാധികാരികളും മാന്യവും ഹിതകരവും കുലീന വുമായ ഭാഷ പ്രയോഗിക്കണം. ജനകീയഭാഷ അശ്ലീലമാകുന്നത് നന്നല്ല. വാക്കുകള്‍കൊണ്ട് വ്യക്തിഹത്യ നടത്തരുത്. മുറിവേല്പിക്കുന്നതും ശരിയല്ല. വ്യക്തിഹത്യകള്‍ കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. മാനനഷ്ട ക്കേസുകള്‍ ഉണ്ടാകാം. മര്യാദയും ആദരവുമില്ലാത്ത ഭാഷ വിഷലിപ്തവും മനുഷ്യവിരുദ്ധവുമാണ്. ദ്വയാര്‍ത്ഥപ്രയോഗവും സംസ്കാരശൂന്യതയാണ്. “നല്ലവാക്കോതുവാന്‍ ത്രാണിയുണ്ടാകണം”എന്ന പ്രാര്‍ത്ഥന ചൊല്ലി പഠിച്ചുവന്ന പഴയ തലമുറയിലെ സാമാന്യവിദ്യാഭ്യാസം മാത്രം നേടിയ രാഷ്ട്രീയ നേതാക്കള്‍പോലും അന്തസുറ്റ രീതിയിലാണ് എതിരാളികളെ വിമര്‍ശിച്ചിട്ടുള്ളത്. ഓര്‍ക്കുക; നാവ് തന്നെ വിജയവും; നാവ് തന്നെ പരാജയവും കൊണ്ടുവരും. നാവില്‍ പിഴയ്ക്കാതിരിക്കട്ടെ.

അഡ്വ. ചാര്‍ളി പോള്‍ MA.LL.B.,DSS