കോൺഗ്രസ്ബാബുവെന്നു പറഞ്ഞാൽ ആലപ്പുഴയിൽ അറിയാത്തവർ ചുരുങ്ങും.

Share News

കോൺഗ്രസ് പ്രസ്ഥാനത്തെ നിസ്ഥാർഥമായി ജീവനോളം സ്നേഹിക്കുന്ന ചിലരുണ്ട്. ആരേയും ബോധിപ്പിക്കാനും ബോധ്യപ്പെടുത്താനുമല്ലാതെ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനു വേണ്ടി അചഞ്ചലമായി നിലകൊള്ളുന്നവർ. അവരിൽ ഒരാളായിരുന്നു ആലപ്പുഴയിലെ ബാബു. കോൺഗ്രസ്ബാബുവെന്നു പറഞ്ഞാൽ ആലപ്പുഴയിൽ അറിയാത്തവർ ചുരുങ്ങും.

ആലപ്പുഴ നഗരത്തിലെ സക്കരിയ ബസാർ ജംഗ്ഷനിലെ ചായക്കടയിൽ പ്രഭാത നടത്തക്കാർ പത്രം വായിക്കുക പതിവാണ്. തനിക്ക് കൂടി കേൾക്കാൻ പാകത്തിന് പത്രം വായിക്കണമെന്നത് ബാബുവിന് നിർബന്ധമാണ്. രാഷ്ട്രീയ സംഭവ വികാസങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി അതിൽ പ്രതികരിക്കുകയെന്നതാണ് ബാബുവിന്റെ അടുത്ത നീക്കം. വാർത്ത ഏതായാലും കോൺഗ്രസ് പാർട്ടിയെ പ്രതിരോധിക്കാൻ ബാബു അവിടെയുണ്ടാകും. ഇത് സ്ഥിരം കാഴ്ചയാണ്. ഭിന്നശേഷിക്കാരനായിരുന്നു ബാബു. പക്ഷേ അതൊന്നും ബാബുവിന്റെ രാഷ്ട്രീയ ചിന്തകൾക്ക് ഒരു വെല്ലുവിളിയായില്ല. അതുകൊണ്ടുതന്നെയാണ് നാട്ടുകാർ ബാബുവിനെ സ്നേഹത്തോടെ ‘കോൺഗ്രസ് ബാബു’ എന്ന് വിളിച്ചത്.

ഞാൻ ആലപ്പുഴയിൽ എപ്പോൾ ചെന്നാലും ബാബുവിനെ എവിടെയെങ്കിലും വെച്ചുകാണുക പതിവാണ്. കണ്ടാൽ അദ്ദേഹം ഓടിയെത്തും. പിന്നെ വിശേഷം പറയലും രാഷ്ട്രീയം സംസാരിക്കലും പതിവാണ്.

ബാബുവില്ലാത്ത സക്കരിയ ബസാർ ഓർമകളിലില്ല. എന്നാൽ ഇനിയതൊരു യഥാർഥ്യമാണെന്ന് ഉൾക്കൊണ്ടേ മതിയാകൂ. ബാബു നമ്മളെയൊക്കെ വിട്ടുപോയിരിക്കുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബാബു ആശുപത്രിയിലാണെന്ന് അറിഞ്ഞിരുന്നു. തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു . പക്ഷേ, വേർപാടിന്റെ വാർത്ത ഏറെ വേദനയോടെ കേൾക്കേണ്ടി വന്നു. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കൊപ്പമായതിനാൽ ബാബുവിനെ അവസാനമായി ഒരു നോക്ക് കാണാൻ കഴിഞ്ഞില്ലെന്ന വിഷമം ഇപ്പോഴും ഉള്ളിൽ ബാക്കികിടക്കുകയാണ്. കോൺഗ്രസിന്റെ സ്പന്ദനം പോലും സ്വന്തം ഹൃദയമിടിപ്പായി ഏറ്റെടുക്കുന്ന ബാബുവിന് ഇത് മനസിലാകുമെന്നുറപ്പാണ്.

ബാബുവിന്റെ ഉറ്റവരുടെ വേദനയിൽ പങ്കുചേരുന്നു. പ്രിയപ്പെട്ടവന് ആദരാഞ്ജലികൾ.

K.C. Venugopal

Share News