
തലമുറകളെ വളർത്തി, പാകതയിലേക്കെത്തിച്ച് , തിരിച്ചറിവുകൾ പകർന്ന വടക്കേലച്ചൻ്റെ ഓർമകൾക്കുമുന്നിൽ സ്നേഹപ്രണാമമർപ്പിക്കുന്നു.


ദീർഘകാലം തുമ്പ സെയ്ൻ്റ് സേവ്യേഴ്സ് കോളജിൻ്റെ മാനേജറും റെക്ടറുമായിരുന്ന ഫാ.പോൾ വടക്കേൽ എസ് ജെ അന്ത്യനിദ്ര പ്രാപിച്ചിരിക്കുന്നു.
കടലോരത്തിൻ്റെ സമരനായകൻ ടി. പീറ്ററും വടക്കേലച്ചനും യാത്രക്കായി ഒരേ ദിവസം തന്നെ തിരഞ്ഞെടുത്തത് അപൂർവമായൊരു ആകസ്മികതയാണ്.
1981 നവംബർ 2 ൽ കോളജിലെ മലയാളം അധ്യാപികയായി വടക്കേലച്ചനിൽ നിന്ന് നിയമനം നേടി പ്രവേശിച്ചതുമുതൽ അദ്ദേഹത്തെ ഞാൻ നേരിട്ടറിയുന്നു.
കടലോരത്തിൻ്റെ തിരയേറ്റങ്ങളിൽ കലാലയം മുന്നോട്ടുതന്നെ തുഴഞ്ഞെത്തിച്ചതിൽ അദ്ദേഹം പുലർത്തിയ സ്ഥൈര്യം കാലത്തിന് മായിക്കാനാവില്ല.
കോളേജിൻ്റെ മണൽത്തരികൾക്കും മരത്തണലുകൾക്കും ഓരോ വ്യക്തിക്കുമെന്നപോലെ ആ കാൽച്ചുവടുകളെ ,ഏറെക്കുറെ നിശ്ശബ്ദമായ സാന്നിധ്യത്തെ വേറിട്ടറിയാമായിരുന്നു.
ഭയം കലർന്ന ആദരവായിരുന്നു എനിക്കെന്നും അദ്ദേഹത്തോടുണ്ടായിരുന്നത്.
ഗുണനിലവാരത്തിൻ്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും അനുവദിക്കാത്ത, അച്ചടക്കത്തിന് മുഖ്യസ്ഥാനം നല്കിയ ഒരു മാസ്റ്റർ ബിൽഡർ തന്നെയായിരുന്നു അദ്ദേഹം. കോളജിലേക്ക് മികച്ച നിരവധി അധ്യാപകരെ നിയമിച്ചുകൊണ്ട് , പതിറ്റാണ്ടുകളിലൂടെ അവിടുത്തെ കിടയറ്റ അധ്യാപനപാരമ്പര്യം അദ്ദേഹം നിശ്ചയിച്ചുറപ്പിച്ചു.
ആശയധാരകളുടെ നിരവധി സംഘട്ടനങ്ങളും പിരിമുറുക്കങ്ങളും അക്കാലത്ത് കോളജ് നേരിട്ടുവെങ്കിലും അക്ഷോഭ്യനും അചഞ്ചലനുമായ അമരക്കാരനായിരുന്നു അന്നും എന്നും അദ്ദേഹം.
ഈശോസഭയുടെ വിദ്യാഭ്യാസ മൂല്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു അച്ചന്.
നിയമനങ്ങൾക്കോ പ്രവേശനത്തിനോ ആരിൽ നിന്നും സാമ്പത്തികസംഭാവനകൾ പ്രതീക്ഷിച്ചിരുന്നിട്ടില്ലാത്തതിനാൽത്തന്നെ ഞങ്ങൾ വിദ്യ നല്കിയ മികവുകൊണ്ടുമാത്രമാണ് അവിടെ അധ്യാപകരായത്. അത് എപ്പോഴും ആത്മാഭിമാനവും ധൈര്യവും പകർന്നിരുന്നു. അമ്പത്താറ് വർഷം നീളുന്ന കലാലയചരിത്രത്തിൻ്റെ കാതൽ വടക്കേലച്ചൻ്റെ കടിഞ്ഞാണിൽത്തന്നെയായിരുന്നു എന്നും വിലയിരുത്താം.
കലാലയത്തെ ഈശോസഭയുടെ ഒരു സെൻ്റർ ഓഫ് എക്സലൻസ് ആക്കാനുള്ള വലിയ സ്വപ്നവുമായാണ് അച്ചൻ ജീവിച്ചത്. ആ കലാലയത്തിൻ്റെ കവാടത്തിലേക്ക് കയറിച്ചെന്ന ഓരോ വ്യക്തിയെയും അദ്ദേഹം നേരിട്ടറിഞ്ഞിരുന്നു. ഈശോസഭയുടെ ആദർശങ്ങൾ സുധീരമായി ജീവിച്ച അച്ചൻ തീർച്ചയായും ആദരവ് അർഹിക്കുന്നു. അദ്ദേഹം തൻ്റെ ബോധ്യങ്ങളിൽ എന്നും അചഞ്ചലനായിരുന്നു.
കൊറോണാ വ്യാപനത്തിന് മുൻപ് കഴിഞ്ഞ രണ്ടുവർഷമായി ക്രൈസ്റ്റ് ഹോളിൽവച്ച് ഇടയ്ക്കിടയ്ക്ക് അച്ചനെ കാണുമ്പോൾ, തീർത്തും വ്യത്യസ്തനായി രണ്ടാം ബാല്യത്തിൻ്റെ നിഷ്ക്കളങ്കമായ ചിരിയിൽ പൊരുളുകളൊതുക്കി ജീവിതനൈർമല്യം ആസ്വദിക്കുകയായിരുന്നു അച്ചൻ.
ആ ദേഹവിയോഗത്തിൽ ദു:ഖിക്കുന്നു.
തലമുറകളെ വളർത്തി, പാകതയിലേക്കെത്തിച്ച് , തിരിച്ചറിവുകൾ പകർന്ന വടക്കേലച്ചൻ്റെ ഓർമകൾക്കുമുന്നിൽ സ്നേഹപ്രണാമമർപ്പിക്കുന്നു.
ഐറിസ് കൊയിലിയോ
റിട്ട. പ്രൊഫസർ
മലയാള വിഭാഗം , സൈന്റ് സേവൃർസ് കോളേജ്
തുമ്പ,തിരുവനന്തപുരം