
അമേരിക്കൻ ജനാധിപത്യ പ്രക്രിയയുടെ ഒരു സൗന്ദര്യം കൂടിയാണ് ഇത്തരം ഡിബേറ്റുകൾ. ഇരു സ്ഥാനാർത്ഥികളും മുഖാമുഖം സംവദിക്കുക. നിലപാടുകൾ വ്യക്തമാക്കുക.
ക്രിസ്റ്റൻ വെൽക്കറായിരുന്നു താരം
നവംബർ മൂന്നിൻ്റെ അമേരിക്കൻ പ്രസിഡൻറു തിരഞ്ഞെടുപ്പിലെ അവസാന സ്ഥാനാർത്ഥി സംവാദമായിരുന്നു ഇന്ന്.

അമേരിക്കൻ ജനാധിപത്യ പ്രക്രിയയുടെ ഒരു സൗന്ദര്യം കൂടിയാണ് ഇത്തരം ഡിബേറ്റുകൾ. ഇരു സ്ഥാനാർത്ഥികളും മുഖാമുഖം സംവദിക്കുക. നിലപാടുകൾ വ്യക്തമാക്കുക.
മോഡറേറ്റർക്ക് തീവ്രതയുള്ള ചോദ്യങ്ങളും ഉന്നയിക്കാം. സ്ഥാനാർത്ഥിയെ കൂടുതലറിയുവാൻ , അവരുടെ നയങ്ങൾ അറിയുവാൻ വോട്ടർമാരെ ഈ സംവാദപരിപാടി തീർച്ചയായും സഹായിക്കും.(ഒരു വാർത്താ സമ്മേളനം പോലും നടത്താത്ത പ്രധാനമന്ത്രിയുള്ള നമ്മുടെ നാട്ടിൽ ഇത്തരം സംവാദ മൊക്ക ഏതെങ്കിലും തിരഞ്ഞെടുപ്പു കാലത്ത് ഉണ്ടാകുമോ?)പ്രസിഡൻറു സ്ഥാനാർത്ഥികൾ തമ്മിൽ മൂന്ന് സംവാദ പരിപാടികളാണ് നടക്കുക. വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥികൾ തമ്മിൽ വേറെയും.
സംവാദങ്ങൾ എപ്പോഴും ആകർഷകമാകുന്നത് മുനയുള്ള ചോദ്യങ്ങളിലും വ്യക്തതയുള്ള മറുപടികളിലും കൃത്യമായ വാദങ്ങളിലും പ്രതിവാദങ്ങളിലുമാണ്.

സഹിഷ്ണുതയും പ്രതിപക്ഷ ബഹുമാനവുമില്ലങ്കിൽ എല്ലാ സംവാദങ്ങളും അരോചകമാകും.ട്രoപും ബൈഡനും തമ്മിൽ നടന്ന ആദ്യ സ്ഥാനാർത്ഥി ഡിബേറ്റ് ഇത്തരത്തിൽ കുളമായ ഒന്നായിരുന്നു. അന്ന് ചർച്ച നയിച്ച ഫോക്സ് ന്യുസിൻ്റെ ക്രിസ് വാലസ് ജീവിതത്തിൽ ഇതുപോലെ നിരാശപ്പെട്ടു കാണില്ല.
പറഞ്ഞു വരുന്നത് ഇന്നത്തെ സംവാദത്തിൽ താരമായി മാറിയ മോഡറേറ്റർ എൻബിസിയിലെ ക്രിസ്റ്റൻ വെൽക്കറെ കുറിച്ചാണ്. ഇരു സ്ഥാനാർത്ഥികൾക്കും മറുപടിക്കും വാദങ്ങൾക്കും സമയമനുവദിച്ചപ്പോൾ തന്നെ ചർച്ചയുടെ തൊണ്ണൂറു മിനിറ്റിലും കയ്യടക്കം പ്രകടിപ്പിക്കാനായി വെൽക്കറിന്.
ഗൃഹപാഠം തെളിയിക്കുന്ന മൂർച്ചയേറിയ ചോദ്യങ്ങൾ. പക്ഷം ചേരാത്ത നിലപാട്, ഇടപെടേണ്ടിടത്തൊക്കെ കൃത്യമായ ഇടപെടൽ, സമയ നിയന്ത്രണം.
ട്രംപും ബൈഡനുമാണെന്നോർക്കണം. എന്തും ഏതറ്റം വരെയും പറയുന്നവർ.ഇവരെ 90 മിനിറ്റിൽ മെരുക്കി നിറുത്തിയ ക്രിസ്റ്റൻ വെൽക്കറെന്ന 45 കാരി മാധ്യമ പ്രവർത്തക തന്നെയാണ് ഇന്നത്തെ പ്രസിഡൻഷ്യൽ ഡിബേറ്റിലെ താരം.
