കോവല്‍ വള്ളി വെട്ടി വിട്ടാല്‍ മികച്ച വിളവ്

Share News
ജോസ് തയ്യിൽ, ചിറ്റാരിക്കാൽ

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പച്ചക്കറിയാണ് കോവല്‍. കോവയ്ക്ക നിത്യവും ഉപയോഗിക്കുന്നത് ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയം, തലച്ചോറ്, വൃക്ക എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും സഹായിക്കും. എന്നു മാത്രമല്ല മാലിന്യങ്ങളെ നീക്കി ശരീരം സംരക്ഷിക്കുവാന്‍ കോവയ്ക്കക്കുള്ള കഴിവൊന്നു വേറെ തന്നെയാണ്. പ്രമേഹ രോഗികള്‍ക്ക് ഏറെ നല്ലതാണ് കോവക്ക.കുക്കുര്‍ബിറ്റേസി എന്ന സസ്യ കുലത്തിലെ അംഗമായ കോവയ്ക്ക ഇംഗ്ലീഷില്‍ ഐവി ഗാഡ് എന്നും സംസ്‌കൃതത്തില്‍ ‘മധുശമനി’ എന്നും അറിയപ്പെടുന്നു. കേരളത്തില്‍ എല്ലായിടത്തും തന്നെ നല്ല മഴ ലഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ കോവല്‍ പ്രൂണിങ് ചെയ്യാന്‍ (വെട്ടിവിടാന്‍) പറ്റിയ സമയമാണ്. കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ്് തന്നെ കോവല്‍ വെട്ടിവിട്ട് പന്തലില്‍ കയറ്റണം. അങ്ങനെ ചെയ്താല്‍ ധാരാളം പുതിയ ശിഖിരങ്ങളും വള്ളിയും വീശി പന്തല്‍ നിറഞ്ഞുകൊള്ളും.

വള്ളി വെട്ടി വിടുന്ന രീതി

കോവലിന്റെ ചുവട്ടില്‍ നിന്ന് രണ്ട് – മൂന്ന് അടി നീളത്തില്‍ തണ്ട് മുറിച്ച് മാറ്റണം. തുടര്‍ന്ന് ഒരാഴ്ച്ച കൊണ്ട് തന്നെ മുറിച്ചതിന്റെ തഴെ ഭാഗത്തുനിന്ന് പുതിയ ധാരാളം ശിഖിരങ്ങള്‍ വന്ന് വള്ളി വീശി തുടങ്ങും. ഈ വള്ളികള്‍ പന്തലിലേയ്ക്ക് കയറാന്‍ അവസരം ഒരുക്കണം.

പുതിയ തൈകള്‍ നടുന്ന രീതി

1. മണ്ണ് തെരഞ്ഞെടുക്കല്‍

അത്യാവശ്യം സൂര്യപ്രകാശം ലഭിക്കുന്ന എന്നാല്‍ വെള്ളം കെട്ടി നില്‍ക്കാത്ത സ്ഥലം വേണം കോവല്‍ നടാന്‍ തെരഞ്ഞെടുക്കാന്‍. മണ്ണിന്റെ പി.ച്ച് 5.8 മുതല്‍ 6.8 വരെ മതി. വെള്ളം കെട്ടി നില്‍ക്കാന്‍ സാധ്യതയുള്ള സ്ഥലമാണെങ്കില്‍ 50 സെ.മീ ഉയരത്തില്‍ തടമെടുക്കുന്നത് നല്ലതാണ്. ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍പ്പിണ്ണാക്ക് എന്നിവ കൂട്ടി കലര്‍ത്തി തടമെടുക്കുന്നത് നല്ല വിളവു ലഭിക്കാനും ചെടിയുടെ ആരോഗ്യത്തിനും സഹായിക്കും.

2. തൈകള്‍ തെരഞ്ഞെടുക്കല്‍

നല്ല കരുത്തുള്ള തൈകള്‍ വേണം തെരഞ്ഞെടുക്കാന്‍. ഒരു വര്‍ഷം പ്രായമായ ഉത്പാദനക്ഷമതയുള്ള കോവല്‍ ചെടികളില്‍ നിന്നും വേണം തണ്ടുകള്‍ ശേഖരിക്കാന്‍. ഒരടി നീളത്തില്‍ അടിഭാഗം ചെരിച്ചു മുറിച്ചെടുക്കണം. ചകിരിച്ചോര്‍, ചാണകപ്പൊടി, മണ്ണ് എന്നിവ 1:1:1 എന്ന അനുപാതത്തില്‍ കൂട്ടി കലര്‍ത്തി വേണം ചെറിയ കൂടുകളില്‍ നിറക്കാന്‍. ഈ കവറുകളില്‍ തെരഞ്ഞെടുത്ത തണ്ടുകള്‍ നടാം. തണലുള്ള സ്ഥലത്ത് ആവശ്യത്തിന് ഈര്‍പ്പം നിലനിര്‍ത്തി കവറുകള്‍ വെയ്ക്കണം. രണ്ടാഴ്ചക്കുള്ളില്‍ പുതിയ മുളകള്‍ വന്നു തുടങ്ങും. ഒരു മാസം പ്രായമായ തൈകള്‍ പറിച്ചുനടാവുന്നതാണ്.

3. തടമെടുക്കല്‍

2.5 മീറ്റര്‍ അകലത്തില്‍ വേണം തടങ്ങളെടുക്കാന്‍. 60 സെ.മീ വ്യാസവും 30 സെ.മി ആഴവുമുള്ള കുഴികളെടുത്ത് കരിലകള്‍ വിതറുക. ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കും അല്‍പ്പം എല്ല് പൊടിയും ചേര്‍ത്ത് തടങ്ങള്‍ ഒരുക്കാം. പിന്നീട് തടത്തിലേക്ക് തൈകള്‍ പറിച്ച് നടാവുന്നതാണ്. ഒരു തടത്തില്‍ മൂന്നു തൈകള്‍ വീതം നടാം. പന്തലിന് 6 അടിയെങ്കിലും ഉയരം വേണം. തടങ്ങളില്‍ നിന്നും പ്ലാസ്റ്റിക്ക് കയറോ ചണക്കയറോ പന്തലിലേക്ക് കൊടുക്കണം.

വളപ്രയോഗവും പരിപാലനവും

പൂവിടാന്‍ ആരംഭിക്കുമ്പോള്‍ ഫിഷ് അമിനോ 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി ആഴ്ച്ചയില്‍ രണ്ടു പ്രാവിശ്യം സ്‌പ്രേ ചെയ്യണം.ചെടിയുടെ വളര്‍ച്ചക്ക് പച്ചചാണകം ഒഴിക്കുന്നത് നല്ലതാണ്. മാസത്തിലൊരിക്കല്‍ തടത്തില്‍ മണ്ണ് കൂട്ടികൊടുക്കണം.

കീടങ്ങളും രോഗങ്ങളും

കോവല്‍ ചെടിയുടെ ഇലകളില്‍ ചെറിയ പുഴുക്കുത്തുകള്‍ പോലെയുള്ള കീടാക്രമണമാണ് സാധാരണ കണ്ടുവരുന്ന പ്രശ്‌നം. ഇവയെ നശിപ്പിക്കാന്‍ വേപ്പെണ്ണ ചേര്‍ത്ത ജൈവ കീടനാശിനികള്‍ ആഴ്ചയിലൊരിക്കല്‍ 3 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ രാവിലെയൊ വൈകിട്ടോ സ്‌പ്രേ ചെയ്യണം. പച്ചച്ചാണകവും കടലപ്പിണ്ണാക്കും പുളിപ്പിച്ചത് കൂടുതല്‍ വെള്ളം ചേര്‍ത്ത് കോവിലന്റെ ചുവട്ടില്‍ ഒഴിക്കുന്നത് നല്ല കായ് പിടുത്തമുണ്ടാവാന്‍ സഹായിക്കുന്നു. കായീച്ചയുടെ ആക്രമണമാണ് കോവലില്‍ കണ്ടുവരുന്ന പ്രധാന പ്രശ്‌നം. ഫെറമോണ്‍ കെണി കായീച്ചയെ തുരത്താന്‍ നല്ലതാണ്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു