ജോസ് കെ മാണി എം എന്‍ സ്മാരകത്തിൽ: കാനത്തെ കണ്ടു.

Share News

തിരുവനന്തപുരം : അനുനയ നീക്കവുമായി കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി സിപിഐ ആസ്ഥാനത്തെത്തി. എം എന്‍ സ്മാരകത്തിലെത്തിയ ജോസ് കെ മാണി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. കേരള കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ റോഷി അഗസ്റ്റിനും ജോസിനൊപ്പമുണ്ട്.

ഇടതുമുന്നണി പ്രവേശനത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ജോസ് കെ മാണി പറഞ്ഞു. സിപിഎം നേതാക്കളെയും കാണുന്നുണ്ട്. പഴയ തര്‍ക്കങ്ങളെല്ലാം അടഞ്ഞ അധ്യായമാണെന്നും ജോസ് കെ മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസിന്റെ എല്‍ഡിഎഫ് പ്രവേശനത്തെ നേരത്തെ സിപിഐ എതിര്‍ത്തിരുന്നു. കേരള കോണ്‍ഗ്രസിന് വേണ്ടി സിപിഐയുടെ കൈവശമുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി സീറ്റ് നല്‍കണമെന്ന ആവശ്യത്തെയും സിപിഐ എതിര്‍ത്തിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ജോസ് കെ മാണി സിപിഐ സംസ്ഥാന സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയത്. യുഡിഎഫ് ബന്ധം ഉപേക്ഷിച്ച ജോസ് കെ മാണി, രാജ്യസഭ അംഗത്വം രാജിവെക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. തദ്ദേശതെരഞ്ഞെടുപ്പിന് മുമ്ബ് എല്‍ഡിഎഫില്‍ അംഗമാകാനാണ് കേരള കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

Share News