ജോസ്.കെ മാണി ഇനി ഇടത് മുന്നണിക്കൊപ്പം: എം.പി സ്ഥാനം രാജിവെയ്ക്കും.
തിരുവനന്തപുരം: കേരളാ കോൺഗ്രസ്-എം ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണിയിൽ. കോട്ടയത്ത് നേതൃയോഗത്തിന് ശേഷം ജോസ് കെ.മാണി നടത്തിയ വാർത്താ സമ്മേളനത്തിലാണ് നിർണായക രാഷ്ട്രീയ പ്രഖ്യാപനമുണ്ടായത്. ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.
രാഷ്ട്രീയപരമായും വ്യക്തിപരമായും ധാർമിക ഉയർത്തിപ്പിടിക്കേണ്ടതിനാൽ രാജ്യസഭാ എംപി സ്ഥാനം രാജിവയ്ക്കുമെന്നും ജോസ് കെ. മാണി അറിയിച്ചു. ദീര്‍ഘകാലത്തെ യുഡിഎഫ് ബന്ധമാണ് അവസാനിക്കുന്നത്. 38 വര്‍ഷത്തിന് ശേഷമാണ് മുന്നണിമാറ്റം.
മാണി സാറിനെയും തന്നേയും പാര്‍ട്ടി നേതാക്കളേയും യു.ഡി.എഫ് അപമാനിച്ചെന്ന് ജോസ് കെ. മാണി പറഞ്ഞു. ഒരു പഞ്ചായത്തിന്റെ പേരില്‍ യു.ഡി.എഫില്‍ നിന്നും പുറത്താക്കി. പല തവണ ആവശ്യപ്പെട്ടിട്ടും വിഷയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് തയ്യാറായില്ല.
പാല ഉപതെരഞ്ഞെടുപ്പില്‍ തങ്ങളെ ചതിച്ചു. നിയമസഭക്ക് അകത്തും അപമാനിച്ചു. മാണിസാറിന് വീട് മ്യൂസിയം ആക്കണമെന്ന് ആവശ്യപ്പെട്ടു. കോട്ടയം ലോക്സഭാ സീറ്റിനും അവകാശം ഉന്നയിച്ചു. കോണ്‍ഗ്രസില്‍ നിന്നും യുഡിഎഫില്‍ നിന്നും കടുത്ത അനീതിയാണ് പാര്‍ട്ടി നേരിട്ടത്. ആത്മാഭിമാനം അടിയറ വെച്ച് ഇനിയും മുന്നോട്ടുപോകാനാവില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
മതേതര വിശ്വാസം കാത്തു സൂക്ഷിക്കുവാന്‍ ഇടതു മുന്നണിക്ക് സാധിച്ചു. ഇടതുപക്ഷ മുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
അതേസമയം, കേരള കോണ്‍ഗ്രസ്-എം ഓഫിസിന്റെ ബോര്‍ഡ് മാറ്റി മാണിയുടെ ചിത്രം വച്ചുള്ള പുതിയ ബോര്‍ഡ് സ്ഥാപിച്ചു. രണ്ടില ചിഹ്നം ഒഴിവാക്കിയിട്ടുണ്ട്. നിര്‍ണായക പ്രഖ്യാപനത്തിന് മുന്‍പായി രാവിലെ ജോസ് കെ. മാണി കെ.എം.മാണിയുടെ കല്ലറയിലെത്തി പ്രാര്‍ഥിക്കുകയും ചെയ്തു.