അമ്മയുടെ കൈപ്പുണ്യത്തിൽ ഉണ്ടാക്കിയിരുന്ന നാവിലൂറും വിഭവങ്ങളുടെ സമ്മേളനമായിരുന്നു നാട്ടിലെ ഓണാഘോഷം.

Share News

ഓണം ഇന്ന് മലയാളിയുടെ മാത്രം ആഘോഷമല്ല. മലയാളി എവിടെയൊക്കെ ഉണ്ടോ അവരുടെ അയൽപക്കക്കാരും, കൂടെ ജോലി ചെയ്യുന്നവരും ഒക്കെയായി മുഴുവൻ സമൂഹത്തിന്റേയും ആഘോഷമായി ഓണം മാറിക്കഴിഞ്ഞു.

ഊണുമേശയിൽ നിന്നും നടയിലകത്ത് എല്ലാവരും താഴെ ഒരുമിച്ചിരുന്ന് അമ്മയുടെ കൈപ്പുണ്യത്തിൽ ഉണ്ടാക്കിയിരുന്ന നാവിലൂറും വിഭവങ്ങളുടെ സമ്മേളനമായിരുന്നു നാട്ടിലെ ഓണാഘോഷം. ഓണ ദിവസം അധികവും വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പം തന്നെയാകും.

ഓണത്തിന് ഒരാഴ്ച മുൻപേ ആരവങ്ങളുയർത്തുന്നതായിരുന്നു ചിറ്റാട്ടുകര അങ്ങാടി. നാടൻ ചെങ്ങാലിക്കോടൻ കാഴ്ചകുലകളുടെ പ്രദർശനത്തോടെയാണ് ഓണവിപണി ഉണരുക. കുര്യാൽ ഓസേപ്പേട്ടന്റെ സോമില്ലിന് പരിസരത്തും, വളവിലെ തിരിവിലേയിലേയും നേന്ത്രക്കുലക്കടകൾ ആണ് ഓണത്തിന്റെ വരവറിയിക്കുക.

പെൺമക്കളെ കെട്ടിച്ചയച്ച വീട്ടിലേക്കും, സഹോദരിമാരുടെ വീട്ടിലേക്കും നല്ല കാഴ്ചകുലകൾ തന്നെ എത്തിക്കണം എന്നത് അഭിമാനത്തിന്റെ കൂടെ ഭാഗമാണ്.’ പി.സി.മത്തായി.എം.ജെ ചാക്കു, പഴുന്നാന വിൻസെന്റ് തുടങ്ങി ചെറുതും വലുതുമായ പലചരക്ക് കടകൾ എല്ലാം സജീവം. പെരുമാടൻറ്റേതുൾപ്പെടെയുള്ള എല്ലാ പച്ചക്കറി കടകളിലും തിരക്കോട് തിരക്ക്. കിട്ടൻ കൊച്ചാപ്പേട്ടൻ റ്റേയം, അറയ്ക്കൽ ഫേബിക്സ് തുണിക്കടകൾ സൂചി കുത്താനിടമില്ലാതാകും.

ഗുരുവായൂർ പപ്പടം എന്ന പേരിൽ ലോകമെങ്ങും ബ്രാൻഡ് ചെയ്യപ്പെട്ട ചിറ്റാട്ടുകരയിലെ പപ്പട നിർമ്മാണം കൂടുതൽ ഷിഫ്റ്റുകളിൽ പ്രവൃത്തിക്കും. പൂക്കള മത്സരങ്ങൾ ഓണാഘോഷത്തിന്റെ അവിഭാജ്യഘടകമാണ്.

നാഷണൽ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കമ്യൂണിറ്റി ഹാളിലും, ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ പള്ളിയിലുമൊക്കെ മത്സരമുണ്ടാകും. വടംവലി, സ്ലോ സൈക്കിൾ, സുന്ദരിക്കൊരു പൊട്ടു തൊടൽ തുടങ്ങിയ മത്സരങ്ങളുമായി ക്ലബുകളും. കുണ്ടുവക്കടവ് വള്ളംകളിയും, പുലിക്കളിയുമൊക്കെ ഓണം മനസ്സിൽ സൂക്ഷിക്കാൻ നൽകിയ മധുരമേറെയുള്ള വിഭവങ്ങൾ തന്നെ.
ഉദ്യോഗവുമായി ബന്ധപ്പെട്ട് ഇരുപത്തിനാല് വർഷങ്ങൾക്ക് മുൻപ് തൃശ്ശൂർ ചിറ്റാട്ടുകരയിൽ നിന്നും കൊയമ്പത്തൂരിലേക്ക് പറിച്ച് നട്ടുവെങ്കിലും ഓണം നാട്ടിലെന്ന പോലെ തന്നെ ഇവിടേയും കെങ്കേമം തന്നെയാണ്.

മലയാളികൾ കേരളത്തിൽ അത്തം മുതൽ ഓണാഘോഷം സംഘടിപ്പിക്കുബോൾ ചിങ്ങം ആരംഭം മുതൽ പിന്നിടുള്ള ഒന്നും രണ്ടും മാസങ്ങൾ കൂടി ഓണാഘോഷം സംഘടിപ്പിക്കുന്നവരാണ് മറുനാട്ടിലെ മലയാളികൾ.

വിദ്യഭ്യാസ സ്ഥാപനങ്ങൾ, സംഘടനകൾ, തുടങ്ങി മലയാളി സാന്നിദ്ധ്യമുള്ളിടത്തെല്ലാം ഓണാഘോഷമുണ്ടാകും. നാട്ടിലേതുപോലെതന്നെ പൂക്കള മത്സരം, വടംവലി, തിരുവാതിരക്കളി, ഓണസദ്യ തുടങ്ങിയവയൊക്കെയായി ഗ്രഹാതുരത്വം ഉണർത്തുന്ന ഓണ വിസ്മയങ്ങളുമായി മലയാളി മനം കുളിർക്കെയാണ് ഓണം ആഘോഷിക്കുക.

ശർക്കരവരട്ടി, കായ നാലുവെട്ട്, പപ്പടം, നേന്ത്രപ്പഴം, പായസം തുടങ്ങിയവയുമായി മലയാളി സാന്നിദ്ധ്യമുള്ള പ്രദേശങ്ങളിൽ ധാരാളം കടകളും സജീവം.

ജാതിമതവിത്യാസമില്ലാതെ ഓണാഘോഷങ്ങളിൽ ഭാഗഭാക്കുകളാകുന്ന മലയാളികൾ ഈ ആഘോഷത്തിലൂടെ മലയാളിയെ തദ് ദേശീയരായ സമൂഹത്തിന് മുന്നിൽ ബ്രാൻഡ് ചെയ്യപ്പെടുന്നതും ഈ ആഘോഷത്തിലൂടെയാണ്.

മറുനാട്ടിലെ പ്രേ ദേശിക, സാമൂഹിക രാഷ്ട്രീയ നേതാക്കളൊക്കെ വളരെയേറെ സന്തോഷത്തിലൂടെയാണ് ആഘോഷങ്ങളിൽ പങ്കെടുക്കുക.

ഓണം ഇന്ന് മലയാളിയുടെ മാത്രം ആഘോഷമല്ല. മലയാളി എവിടെയൊക്കെ ഉണ്ടോ അവരുടെ അയൽപക്കക്കാരും, കൂടെ ജോലി ചെയ്യുന്നവരും ഒക്കെയായി മുഴുവൻ സമൂഹത്തിന്റേയും ആഘോഷമായി ഓണം മാറിക്കഴിഞ്ഞു.

ഒരു സംസ്ഥാനത്തെ, മലയാളം സംസാരിക്കുന്ന ഒരു ജനതയുടെ ആഘോഷം എന്ന നിലയിൽ നിന്നും ലോകമെമ്പാടുമുള്ള മലയാളികൾ നിവസിക്കുന്നിടമെല്ലാം ആഘോഷിക്കുന്ന ദേശീയ ആഘോഷമാണിന്ന് ഓണം.

ജോട്ടി കുരിയൻ.


സീനിയർ സൂപ്രണ്ട്
നാഷണൽ ഹൈവേയ്സ്,
കൊയമ്പത്തൂർ.

Share News