
അന്ധമായി ഒരു പ്രസ്ഥാനത്തെ വിശ്വസിക്കുന്ന അനുയായിയുടെ സവിശേഷതകൾ എന്തൊക്കെയായാകുമെന്ന് വെറുതെയൊന്ന് ചിന്തിച്ചു നോക്കി .
.നേതാക്കൾ പറയുന്നതിനെ യുക്തിയുടെയോ ,യാഥാർഥ്യത്തിന്റെയോ ഉരകല്ലിൽ പരിശോധിക്കാനുള്ള പ്രവണതയുള്ളവർ അനുയായിയാകാൻ യോഗ്യത ഇല്ലാത്തവരാണ് . ഒരു സംശയം തോന്നിയാൽ തുറന്ന് പറയാതെ വായടക്കാൻ ശീലിക്കണം .നേതാക്കൾ പറയുന്നത് ഏറ്റുപാടുകയെന്ന ചുമതല നല്ല അനുയായിയുടെ ലക്ഷണമാണ് .പട്ടാപകൽ രാത്രിയെന്ന് നേതാവ് പറഞ്ഞാൽ അതും സമ്മതിക്കാനുള്ള തരത്തിലുള്ള കറ തീർന്ന വിധേയത്വം വേണം .എതിർ വാദങ്ങളോട് ഒരു ബഹുമാനവും പാടില്ല

നന്നായി പരിഹസിക്കാനും, വേണ്ടി വന്നാൽ കൈയ്യൊങ്ങാനും ശീലിച്ചിരിക്കണം .ഇതൊക്കെ വിവേകത്തിൽ വരുത്തേണ്ട മാറ്റങ്ങളാണ് .പഴയ കാലത്തിൽ നിന്നും വ്യത്യസ്തമായി അനുയായികളിൽ സംശയാലുക്കൾ പെരുകുന്നത് പല പ്രസ്ഥാനങ്ങളിലും പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട് .അപ്പോഴാണ് സ്ഥാന മാനങ്ങളും മറ്റു സഹായങ്ങളും നൽകി വിധേയത്വം ഉറപ്പിക്കുന്നത് .ഇങ്ങനെ വിധേയത്വം നൽകുന്ന പുള്ളികൾ അത് കിട്ടാതാകുമ്പോൾ അത് കിട്ടുന്നിടത്തേക്ക് ചേക്കേറും .
.അടുത്ത കാലത്തു അത്തരം പല ഉദാഹരണങ്ങളും ഉണ്ടായിട്ടുണ്ട് .ഓരോ കാലങ്ങളിൽ അധികാരമുള്ള പ്രസ്ഥാനങ്ങളുടെ തണൽ പറ്റി നടക്കുന്ന പ്രയോഗികമതികളാണ് സഹയാത്രീക വേഷക്കാർ .അനുകൂല അഭിപ്രായം ഉണ്ടാക്കലാണ് പണി . ബുദ്ധി പണയം വെച്ച് അനുയായിയാകുന്നത് പോലെ തന്നെ ഉയിർ പണയം വച്ചും അനുയായിയാകുന്നവരുണ്ട് .അവർ രക്ത സാക്ഷികളാകാൻ വിധിക്കപ്പെട്ടവരാണ് .ഇമ്മാതിരി അനുയായികളില്ലെങ്കിൽ പ്രസ്ഥാനങ്ങളില്ല .അനുയായി നിർമ്മിതി നിരന്തരമായി സംഭവിക്കുന്ന പ്രക്രീയയാണ്.ചാനലിൽ പ്രസ്ഥാനങ്ങളെ പ്രതിനിധീകരിച്ചു വരുന്നവരൊക്കെ അനുയായിയുടെ ബുദ്ധി ജീവി വേർഷനാണ്.അത് കൊണ്ടാണ് ഈ ഗണത്തില്‍ പെടുന്നവര്‍ മാത്രമുള്ള ചർച്ചകൾ കേള്‍ക്കുമ്പോള്‍ അനുയായി ഹാങ്ങ് ഓവർ ഇല്ലാത്തവരൊക്കെ ആശയക്കുഴപ്പത്തിൽ പെടുന്നത് .അത് തന്നെയണ് ചർച്ചകളിൽ അവർ ലക്ഷ്യമാക്കുന്നതും .ഏതെങ്കിലും സൈഡ് പിടിച്ച് കേട്ടാല്‍ മാത്രമാണ് ചർച്ചകൾ രസകരമാകുന്നത്. സത്യസന്ധമായി നിഷ്പക്ഷ വീക്ഷണം പറയുന്നവർ ചാനൽ ചർച്ചകളിൽ ഉണ്ടാകാറില്ല .അങ്ങനെയുള്ളവർ വന്നാൽ ബാക്കി എല്ലവരും ഒത്തു ചേർന്ന് കടിച്ചു കീറും. നല്ല രാഷ്ട്രീയം അവര്‍ക്കും വേണ്ട. സ്വതന്ത്ര അഭിപ്രായം ആർക്കും വേണ്ടാത്ത കാലമാണ് .
അപ്പോൾ നിങ്ങള്‍ ഏതില്‍ പെടും?
അന്ധനായ അനുയായി?
സഹയാത്രികന്‍? അനുഭാവി?
ഒന്നിലും പെടാത്ത അരാഷ്ട്രീയ മൂരാച്ചി?

(സി .ജെ .ജോൺ )