മുപ്പതില്‍പ്പരം വര്‍ഷങ്ങള്‍ക്കിടയില്‍ അഭിമുഖം ചെയ്ത ഒരാളും തങ്ങള്‍ പറയാത്തത് എഴുതി എന്നോ പറയാത്ത വിധത്തില്‍ എഴുതി എന്നോ ആരോപിച്ച് എനിക്കെതിരേ രംഗത്തുവന്നിട്ടില്ല.

Share News

മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനും അധ്യാപകനുമായ A Chandrasekhar എഴുതിയ കുറിപ്പിലെ ചില ഭാഗങ്ങൾ എല്ലാ മാധ്യമ പ്രവർത്തകരും വായിക്കേണ്ടതാണ്:

അഭിമുഖത്തിന്റെ രാഷ്ട്രീയംഞാനൊക്കെ പത്രപ്രവര്‍ത്തനം തുടങ്ങിയ കാലത്ത് ടേപ്പ് റെക്കോര്‍ഡര്‍ എന്നതു തന്നെ ഏറെ വിലപിടിപ്പുള്ള, ഉപരിവര്‍ഗത്തിനു മാത്രം സ്വന്തമാക്കാന്‍ കെല്‍പ്പുള്ള ഉപകരണമായിരുന്നു. മൈക്രോ കസെറ്റ് റെക്കോര്‍ഡറോ മിനി കസെറ്റ് റെക്കോര്‍ഡറോ ഒക്കെ അതിലും അപൂര്‍വമായി മാത്രം ആളുകളുടെ കൈവശമുണ്ടായിരുന്ന സാങ്കേതികോപകരണങ്ങളും. ആകാശവാണിക്കു വേണ്ടി പ്രഭാതഭേരിയുടെ റിപ്പോര്‍ട്ടറായപ്പോള്‍ ശ്രീ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ തന്നുവിട്ടപ്പോള്‍ മാത്രമാണ് അത്തരം യന്ത്രങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ളത്. മുപ്പതില്‍പ്പരം വര്‍ഷങ്ങള്‍ക്കിടയില്‍ അഭിമുഖം ചെയ്ത ഒരാളും തങ്ങള്‍ പറയാത്തത് എഴുതി എന്നോ പറയാത്ത വിധത്തില്‍ എഴുതി എന്നോ ആരോപിച്ച് എനിക്കെതിരേ രംഗത്തുവന്നിട്ടില്ല. അവരില്‍ ബഹുഭൂരിപക്ഷവുമായി സംസാരിച്ചിട്ടുള്ളത് ഒരു സ്വനലേഖനയന്ത്രത്തിലും റെക്കോര്‍ഡ് ചെയ്‌തെടുത്തിട്ടുമില്ല. കോടതിയില്‍ പോലും തെളിവായി സ്വീകരിക്കുന്ന പത്രപ്രവര്‍ത്തകന്റെ സ്‌ക്രിബ്‌ളിങ് പാഡില്‍ അത്രയ്ക്കു വിശ്വാസമുണ്ടായിരുന്നു. അതില്‍ കുത്തിക്കുറിച്ച വസ്തുതകളൊന്നും നാളിതുവരെ വഞ്ചിച്ചിട്ടുമില്ല.

അടൂര്‍ ഗോപാലകൃഷ്ണന്‍ സാര്‍ എപ്പോഴും പറയാറുണ്ട് പഴയൊരു ബിബിസി അഭിമുഖത്തിന്റെ കാര്യം. കഴിവതും തന്നെ അഭിമുഖം ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകരോട് അഭിമുഖം ടേപ്പ് ചെയ്യണമെന്ന് അദ്ദേഹം നിഷ്‌കര്‍ഷിക്കാറുമുണ്ട്.ഒരാള്‍ സംസാരിക്കുമ്പോള്‍ അയാളുടെ വാക്കുകള്‍ മാത്രമല്ല, അയാളുടെ പ്രയോഗങ്ങളും അതിന്റെ ടോണും വരെ ആശയവിനിമയത്തില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഗംഭീരമായിരിക്കുന്നു എന്ന വാക്കു തന്നെ പല ടോണില്‍ പലതരത്തില്‍ പറയാം. അസല്ലായിരിക്കുന്നു എന്നും തീരേ മോശമായിരിക്കുന്നു എന്നും അതുവഴി ധ്വനിപ്പിക്കുകയുമാവാം. ഭീകരം എന്ന വാക്കു തന്നെ അതിന്റെ നിഘണ്ടു അര്‍ത്ഥത്തില്‍ നിന്നു മാറി അസ്സല്‍ എന്ന നിലയ്ക്കുപയോഗിക്കുന്നത് സര്‍വസാധാരണമാണല്ലോ. ഇത്തരത്തില്‍ തങ്ങളുദ്ദേശിക്കുന്ന അര്‍ത്ഥത്തില്‍ വാക്കുകളും പ്രയോഗങ്ങളും വരാത്തപ്പോഴോ, തങ്ങളുപയോഗിക്കാത്ത വാക്കുകളും പ്രയോഗങ്ങളും വരുമ്പോഴോ ആണ് അടൂര്‍സാറിനെപ്പോലുള്ളവര്‍ അവ ആലേഖനം ചെയ്യണമെന്ന് നിഷ്‌കര്‍ഷിച്ചു തുടങ്ങിയത്.

എന്റെ നാളിതുവരെയുള്ള മാധ്യമജീവിതത്തില്‍ രണ്ടു നേരനുഭവങ്ങളാണുള്ളത്. ഒന്ന് ടിവിന്യൂസിലായിരിക്കെയാണ്. വാര്‍ത്താറിപ്പോര്‍ട്ടറോട് മുന്‍പിന്‍ നോക്കാതെ ചില നേതാക്കള്‍ വിവാദമായേക്കാവുന്ന ചില പ്രതികരണങ്ങള്‍ ആവേശത്തില്‍ വച്ചു കാച്ചും. ഇതുകൊടുക്കാമല്ലോ എന്നു ചോദിച്ചാല്‍ പിന്നെന്ത് എന്നാവും മറുപടി. പക്ഷേ അവ എയര്‍ ചെയ്തു വന്ന നിമിഷം മുതല്‍ ഉണ്ടാവുന്ന പ്രത്യാഘാതങ്ങളെത്തുടര്‍ന്ന് പിന്നെ വിളിയോട് വിളിയായിരിക്കും.അത് ഞാന്‍ അങ്ങനെ ഉദ്ദേശിച്ചല്ല പറഞ്ഞത് അതൊഴിവാക്കണം, ഞാന്‍ ഉദ്ദേശിക്കാത്ത അര്‍ത്ഥം വരുംവിധം നിങ്ങള്‍ ഒരു വാചകം മാത്രം അടര്‍ത്തിയെടുത്ത് എഡിറ്റ് ചെയ്തതാണ് എന്നൊക്കെ പറഞ്ഞ്. റെക്കോര്‍ഡ് ചെയ്ത മുഴുവന്‍ ടേപ്പും കൈവശമുണ്ടെന്നു പറയുമ്പോള്‍ മറുതലയ്ക്കല്‍ സ്വരം മാറുകയും ക്ഷമാപണത്തോടെ അതൊന്ന് ഒഴിവാക്കിത്തരണം അബദ്ധം പറഞ്ഞതാണ് അതൊന്നു പിന്‍വലിച്ചു സഹായിക്കണം എന്ന മട്ടിലാവും അപേക്ഷ.

രണ്ടാമതൊരനുഭവം മാധ്യമപ്രവര്‍ത്തകന്‍ കൂടിയായിരുന്ന നടനും തിരക്കഥാകൃത്തും സംവിധായകനുമെല്ലാമായ രഞ്ജി പണിക്കരില്‍ നിന്നാണ്. രഞ്ജിയുടെ തിരക്കഥാജീവിതത്തിന്റെ 25-ാം വാര്‍ഷികം കേരളമറിഞ്ഞത് ഞാന്‍ എഡിറ്റ് ചെയ്ത കന്യകയില്‍ വന്ന അദ്ദേഹത്തിന്റെ അഭിമുഖത്തിലൂടെയാണ്. അതു ചെയ്ത ലേഖിക അതെഴുതിയത് ഫസ്റ്റ് പേഴ്‌സണിലാണ്. രഞ്ജി തന്റെ കഥ പറയുന്നു എന്ന രീതിയില്‍. മലയാളത്തില്‍ സുരേഷ് ഗോപി എന്ന സൂപ്പര്‍ സ്റ്റാറിനെയടക്കം സൃഷ്ടിച്ച രഞ്ജി-ഷാജികൈലാസ് സഖ്യത്തിന്റെ നേട്ടങ്ങളെ അല്‍പമൊരു അവകാശവാദത്തിന്റെ സ്വരത്തിലാണ് എഴുതിയിരുന്നത്. മാധ്യമപ്രവര്‍ത്തകനായതുകൊണ്ടാവും പ്രസിദ്ധീകരിക്കും മുമ്പ് മാറ്ററൊന്ന് കാണാനാവുമോ എന്ന് അദ്ദേഹം ലേഖികയോടു ചോദിക്കുകയും എന്റെ സമ്മതത്തോടെ അതയച്ചുകൊടുക്കുകയും ചെയ്തു. കുറച്ചു കഴിഞ്ഞ് ആശങ്കയോടെ ലേഖിക വിളിച്ചു. ‘സാര്‍ ആ മാറ്റര്‍ കൊടുത്താല്‍ രഞ്ജി സാര്‍ കേസിനു പോകുമെന്നാ പറയുന്നത്. സാറൊന്നു വിളിക്കണം.’ കമ്പോടു കമ്പ് ഞാന്‍ വായിച്ച മാറ്ററാണ്. അതില്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലാത്തതായി ഒരു വരി പോലും ഞാന്‍ കണ്ടതുമില്ല. എന്നിട്ടും ഞാന്‍ രഞ്ജിയെ വിളിച്ചു. ഫോണില്‍ കേട്ട രഞ്ജിയുടെ സ്വരം പക്ഷേ ലേഖിക പറഞ്ഞപോലെയേ ആയിരുന്നില്ല. ” അതേ ചന്ദ്രശേഖര്‍ ഞാന്‍ സിനിമയില്‍ യാതൊരു അവകാശവാദങ്ങളും ഉന്നയിക്കുന്ന ആളല്ല. ആ സ്വരത്തില്‍ സംസാരിക്കാനുമെനിക്കാവില്ല. ഇതച്ചടിച്ചു വന്നാല്‍ മലയാള സിനിമയില്‍ പലതും ചെയ്തത് ഞാനാണെന്ന അഹങ്കാരമാണ് വായിക്കുന്നവര്‍ക്കു തോന്നുക. അത് എന്റെ സംസാരത്തിന്റെ ഇഡിയം അല്ല. അതൊന്നു മാറ്റണം. ഞാന്‍ ചില തിരക്കഥകളെഴുതി ഭാഗ്യം കൊണ്ട് അവ ഹിറ്റായെന്നല്ലാതെ മറ്റൊരവകാശവാദങ്ങളുമില്ലാത്ത ആളാണ് ഞാന്‍. അതുകൊണ്ടാണ്.’ ഇതായിരുന്നു രഞ്ജിയുടെ നിലപാട്. ആ നിലപാടിലെ ആര്‍ജ്ജവം എനിക്കു പെട്ടെന്നു തന്നെ തിരിച്ചറിയാനായി. ലേഖികയോട് ഓഫീസ് സമയം കഴിഞ്ഞും അവിടെത്തന്നെയിരുന്ന് തത്പുരുഷ സര്‍വനാമത്തില്‍ തയാറാക്കിയ അഭിമുഖം ചോദ്യോത്തര രീതിയിലേക്കു മാറ്റി ടൈപ്പ് ചെയ്യാനും അനാവശ്യ അലങ്കാരങ്ങളും വച്ചുകെട്ടലുമൊഴിവാക്കാനും പറഞ്ഞു. അവരതനുസരിച്ച് മുക്കാല്‍ മണിക്കൂര്‍ കൊണ്ട് മാറ്റര്‍ മാറ്റി രഞ്ജിക്കയയ്ക്കുകയും രഞ്ജിയത് സന്തോഷത്തോടെ സ്വീകരിക്കുകയും എനിക്ക് നന്ദി പറഞ്ഞ് മെസേജയയ്ക്കുകയും ചെയ്തു.

ജീവിതത്തില്‍ ഞാന്‍ ഒരാളുടെ അഭിമുഖം പൂര്‍ണരൂപത്തില്‍ റെക്കോര്‍ഡ് ചെയ്യുന്നത് രണ്ടു വര്‍ഷം മുമ്പ് ചലച്ചിത്ര അക്കാദമി ഫെലോഷിപ്പ് കിട്ടിയ മലയാള സിനിമയിലെ അടുക്കള എന്ന പുസ്തകരചനയുമായി ബന്ധപ്പെട്ട് കെ.എസ് സേതുമാധവന്‍ സാറടക്കമുള്ള ഒട്ടേറെപ്പേരെ കണ്ട് സംസാരിക്കുമ്പോഴാണ്. അതാവട്ടെ പുസ്തകത്തില്‍ അവരുടെ അഭിമുഖം കേള്‍ക്കാന്‍ പാകത്തിന് ക്യൂ ആര്‍ കോഡ് ചെയ്യാന്‍ കൂടിവേണ്ടിയുമായിരുന്നു. പിന്നീട് മോഹന്‍ലാലിന്റെ അഭിനയജീവിതത്തിന്റെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹവുമായി വളരെ ദീര്‍ഘമായൊരു അഭിമുഖം മോഹനരാഗങ്ങള്‍ എന്ന പേരില്‍ പിന്നീട് പുസ്തകമാക്കാന്‍ പാകത്തിന് തയാറാക്കിയപ്പോഴും അതു റെക്കോര്‍ഡ് ചെയ്തു. കാരണം അത്ര വളരെ ചോദ്യങ്ങള്‍ അവയ്ക്ക് ലാലിന്റെ തന്നെ തനതു ശൈലിയിലുള്ള സംഭാഷണരീതി…ഇതൊക്കെ ഉള്‍ക്കൊള്ളുക എന്ന ലക്ഷ്യത്തോടെയായിരുന്നു റെക്കോര്‍ഡ് ചെയ്യാമെന്നു വച്ചത്.

അഭിമുഖങ്ങള്‍ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ പത്രപ്രവര്‍ത്തകനെന്ന നിലയ്ക്ക് അത് അക്ഷരത്തിലേക്കു മാറ്റുന്നത് ഇരട്ടി ബുദ്ധിമുട്ടാണെന്ന വിശ്വാസിയാണ് ഞാന്‍. കാരണം നമ്മുടെ ചോദ്യത്തിനു മറുപടിപറയുമ്പോള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടല്ലോ എന്ന ധൈര്യത്തില്‍ പലപ്പോഴും നാം അയാള്‍ പറയുന്നതില്‍ വേണ്ടത്ര ശ്രദ്ധിക്കാതെ പോയേക്കാം. അത് അനുബന്ധ ചോദ്യങ്ങള്‍ ചോദിക്കുന്നതിന് തടസമായേക്കാം. യന്ത്രം പ്രവര്‍ത്തിക്കാതെ വന്നാല്‍ പറഞ്ഞതിനൊന്നും രേഖയില്ലാതെയും പോകാം. അതുകൊണ്ടു തന്നെ റെക്കോര്‍ഡ് ചെയ്തപ്പോള്‍ പോലും യന്ത്രം മാറ്റിവച്ച് പാഡില്‍ പ്രധാന പോയിന്റുകള്‍ നോട്ട് ചെയ്യുകയും പറയുന്നതില്‍ ശ്രദ്ധിക്കുകയുമാണ് ഞാന്‍ ചെയ്തിട്ടുള്ളത്. പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കുമ്പോള്‍ മനസില്‍ കയറുന്നത്ര ഒരു റെക്കോര്‍ഡറിനും ഒപ്പിയെടുക്കാനാവില്ലെന്നാണ് എന്റെ അനുഭവം. കാരണം പറയുന്നതില്‍ വേണ്ടതു മാത്രമേ മനസില്‍ പതിയൂ. ഓര്‍മ്മയില്‍ നില്‍ക്കുന്നവ മാത്രമേ ഒരു എഡിറ്ററുടെ കാഴ്ചപ്പാടില്‍ പ്രസിദ്ധീകരണയോഗ്യമാവുകയുമുള്ളൂ. വാരിവലിച്ചെഴുതാതെ മനസില്‍ പതിഞ്ഞവ മാത്രമെഴുതിയാല്‍ മതിയെന്നതാണ് ഗുണം. റെക്കോര്‍ഡ് ചെയ്തതാവട്ടെ മുഴുവനും വീണ്ടും കേട്ടാലെ എഴുതാനാവു.ഒരഭിമുഖം തന്നെ ഒന്നിലേറെ തവണ റിയല്‍ ടൈം കേള്‍ക്കേണ്ടി വരുമെന്നു സാരം. കേട്ടു ശ്രദ്ധിച്ചും കുറിച്ചെടുത്തുമായാല്‍ അര മണിക്കൂര്‍ കൊണ്ട് എഴുതിത്തീര്‍ക്കാവുന്നത് റെക്കോര്‍ഡ് ചെയ്താല്‍ മണിക്കൂറുകള്‍ തന്നെ വേണ്ടിവരുമെന്നു സാരം.

K Tony Jose

Social Media Editor @Manorama Print Daily.
tweets @ktonyjoseMM

Share News