
കരിപ്പൂര്‍ വിമാനാപകടം:പൈലറ്റ് ഉൾപ്പെടെ പതിനാല് പേർ മരിച്ചു
കോഴിക്കോട്: കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ തെന്നിമാറി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പൈലറ്റ് ഉൾപ്പെടെ പതിനാല് പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. പൈലറ്റ് ദീപക് വസന്ത് ആണ് മരിച്ചത്. ഇദ്ദേഹമടക്കം രണ്ട് പൈലറ്റുമാരും മറ്റ് നാല് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട് സ്വദേശികളായ രാജീവ്, ഷറഫുദ്ദീൻ കുന്നമംഗലം എന്നിവരാണ് മരിച്ച മറ്റ് രണ്ടുപേർ
ലാൻഡിങ്ങിനിടെയാണ് അപകടം. വിമാനം രണ്ടായി പിളർന്നു. ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. കൊണ്ടോട്ടി- കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്. 190 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.1344 ദുബായ്–കോഴിക്കോട് വിമാനമാണ് അപകടത്തിൽപ്പെട്ടത്
കനത്ത മഴയില്‍ നനഞ്ഞുകുതിര്‍ന്ന റണ്‍വെയില്‍ വിമാനം തെന്നിമാറുകയായിരുന്നു. വിമാനം ലാന്‍ഡിംഗ് പൂര്‍ത്തിയാക്കിയ ശേഷമാണ് തെന്നിനീങ്ങിയത്. ടേബിള്‍ ടോപ്പ് മാതൃകയിലുള്ള റണ്‍വേയുടെ ഇരുവശവും നാല്പത് അടിയോളം താഴ്ചയാണ്. ഇവിടേക്കാണ് വിമാനം മറിഞ്ഞുവീണത്. അപകടത്തില്‍ വിമാനം രണ്ടായി പൊട്ടിപ്പിളര്‍ന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.