
ബാറുകള്‍ തുറക്കുവാനുള്ള നീക്കം; ലക്ഷ്യം തെരഞ്ഞെടുപ്പ് ഫണ്ട്
ബാറുകള്‍ അടിയന്തിരമായി തുറന്നു കൊടുക്കുവാനുള്ള നീക്കം അബ്കാരി പ്രീണനമാണെന്നും സമീപഭാവിയില്‍ നടക്കുവാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ ഫണ്ട് സ്വരൂപണം ലക്ഷ്യംവച്ചാണിതെന്നും കെ.സി.ബി.സി. മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. കേരള മദ്യവിരുദ്ധവിശാലസഖ്യം നേതൃയോഗം കോട്ടയത്ത് ടെംമ്പറന്‍സ് കമ്മീഷന്‍ കൗണ്‍സില്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള.
ആരാധനാലയങ്ങളോടും, വിദ്യാഭ്യാസസ്ഥാപനങ്ങളോടുമില്ലാത്ത കൂറ് എന്തിനാണ് സര്‍ക്കാര്‍ മദ്യസ്ഥാപനങ്ങളോട് കാണിക്കുന്നത്. കോവിഡ് പകര്‍ച്ചവ്യാധിയുടെ ഗുരുതരാവസ്ഥ ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചിരിക്കുന്ന സര്‍ക്കാര്‍ തന്നെ രോഗവ്യാപനത്തിന് മുഖ്യകാരണമായേക്കാവുന്ന മദ്യസ്ഥാപനങ്ങള്‍ക്ക് പരിഗണന നല്‍കുന്നത് ‘എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് സമാനമാണ്’. ബാറുകള്‍ തുറക്കാന്‍ എക്‌സൈസ് കമ്മീഷണര്‍ നല്‍കിയിരിക്കുന്ന ശുപാര്‍ശ മുഖ്യമന്ത്രി തള്ളണം.
വ്യാജമദ്യവും, കഞ്ചാവും, മയക്കുമരുന്നുകളും സംസ്ഥാനത്ത് വ്യാപകമായിരിക്കുകയാണ്. വ്യാജമദ്യ നിര്‍മ്മാണവും, കടത്തും തടയാന്‍ ജില്ലാ കേന്ദ്രങ്ങളില്‍ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ രൂപീകരിച്ചിരിക്കുന്ന സമിതികള്‍ പ്രവര്‍ത്തിക്കുന്നേയില്ല. കര്‍ക്കശമായി നടപടികള്‍ സ്വീകരിക്കേണ്ട എക്‌സൈസ്-പോലീസ്-റവന്യൂ-ഫോറസ്റ്റ് വിഭാഗങ്ങള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര പ്രവര്‍ത്തനസജ്ജമല്ല.
റവ. ഫാ. ഫിലിപ്പോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ തോമസുകുട്ടി മണക്കുന്നേല്‍, ജോസ് കവിയില്‍, മുഹമ്മദ് ഷെരീഫ്, സാബു എബ്രാഹം, സി.കെ. സുരേന്ദ്രന്‍, പി.എസ്. ജലീല്‍ എന്നിവര്‍ പ്രസംഗിച്ചു.