
കാക്കിക്കുള്ളിലെ മനുഷ്യസ്നേഹ०.
ഇന്ന് സാമൂഹിക സേവനമേഖലയിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുറന്നവർ ആണ് പോലീസ് ഉദ്യോഗസ്ഥർ. കാക്കിക്കുള്ളിലെ മനുഷ്യസ്നേഹത്തിൻടെ കഥകൾ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ടെങ്കിലു०,അവർക്ക് ഇടയിൽ തീർത്തും വ്യത്യസ്തമായ നിലയിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് സാമൂഹിക സേവനമേഖലയിൽ മുന്നേറുന്ന വ്യക്തിയാണ് സി കെ മഹേഷ് എന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ.
നിയമപാലനത്തിൽ മാത്രം ഒതുങ്ങുന്നില്ല ഇദ്ദേഹത്തിന്റെ ഇടപെടലുകൾ. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദധാരിയായ മഹേഷ് പോലീസ് ഉദ്യോഗസ്ഥർക്ക് ഇടയിലെ കൗൺസിലർ കൂടിയാണ്. തൊടുപുഴയിലെ ഡി വൈ എസ് പി ഓഫീസിനോട് ചേർന്ന് ആണ് മഹേഷും രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് നേതൃത്വം നൽകുന്ന കൗൺസിലിംഗ് കേന്ദ്രം പ്രവർത്തിച്ചു വരുന്നത്.
ഒൻപത് വർഷം മുൻപ് 2011ഇൽ അന്ന് തൊടുപുഴയിൽ എ എസ് പി ആയിരുന്ന നിശാന്തിനി ഐ പി എസ് ന്റെ താൽപ്പര്യപ്രകാരം ആണ് ഈ കൗൺസിലിംഗ് കേന്ദ്രം ആരംഭിക്കുന്നത്. മറ്റു പോലീസ് ഉദ്യോഗസ്ഥരുടെ പൂർണ്ണപിന്തുണയും മഹേഷിന് ഉണ്ടായിരുന്നു. ഇന്ന് ഈ കൗൺസിലിംഗ് കേന്ദ്രം ഇടുക്കി ജില്ലാ പോലീസ് കൗൺസിലിംഗ് കേന്ദ്രം ആയി മാറിയിരിക്കുന്നു.
ഇപ്പോൾ മറ്റൊരു അംഗീകാരമായി വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ മഹേഷിന് ലഭിച്ചിരിക്കുന്നു. അദ്ദേഹ० അർഹിക്കുന്ന അംഗീകാരം. വിദ്യാർത്ഥികളും ദമ്പതിമാരും ഉൾപ്പെടെ എത്രയോ പേർ ഇദ്ദേഹത്തിന്റെ കൗൺസിലിംഗ് സേവനത്തിന്റെ മികവ് നേരിട്ട് അറിഞ്ഞവർ ആണ്.
വ്യക്തിത്വ വികസന പരിശീലകൻ എന്ന നിലയിൽ മഹേഷിന്റെ ക്ളാസുകൾ വേറിട്ട അനുഭവം ആണ്. ക്ലാസ്സ് പൂർണ്ണമായും സർഗ്ഗാത്‌മകമാക്കി മാറ്റുന്നു ഈ പോലീസ് ഉദ്യോഗസ്ഥൻ. തന്റെ ക്ലാസ്സുകളിലൂടെ മുന്നിൽ വരുന്നവരെ തികഞ്ഞ ആത്മവിശ്വാസം ഉള്ളവരാക്കി മാറ്റുന്ന മാജിക് ഇദ്ദേഹത്തിന് സ്വന്തം ആണ്.തൊടുപുഴ മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സ് ആയ രശ്മി ആണ് മഹേഷിന്റെ ഭാര്യ.
സംസ്ഥാന ശിശുക്ഷേമ വകുപ്പിന്റെ അവധിക്കാല പോറ്റി വളർത്തൽ പദ്ധതിയുടെ ഭാഗം ആയി അനാഥയായ പെൺകുട്ടിക്ക് അവധിക്കാലത്ത് അമ്മയുടെ സ്നേഹവും സംരക്ഷണവും നൽകുന്ന ദൗത്യം ഏറ്റെടുത്തു കൊണ്ട് രശ്മി വാർത്തകളിൽ ഇടം നേടിയിരുന്നു.
വാക്കുകളിലൂടെയും ക്ലാസുകളിലൂടെയും സ്വജീവിതത്തിലൂടെയും സമൂഹത്തിന് മാർഗ്ഗദർശനം നൽകുന്ന ഈ വേറിട്ട വ്യക്തിത്വത്തിന്, മനുഷ്യസ്നേഹിക്ക് എന്റെ ആശംസകൾ. ഇനിയും അർഹതയ്ക്കുള്ള അംഗീകാരങ്ങൾ തേടിയെത്തട്ടെ എന്ന് ആശംസിക്കുന്നു.

Parvathy P Chandran
Writer