
കുമ്പളങ്ങിയിലെ ക്രിസ്ത്യാനികൾക്ക് ഒഴിച്ചു കൂടാനാവാത്ത രണ്ട് മാംസ വിഭവങ്ങളാണ് പോത്തിറച്ചിയും പോർക്കിറച്ചിയും


പ്രൊഫ കെ വി തോമസ്
കുമ്പളങ്ങിയിലെ ക്രിസ്ത്യാനികൾക്ക് ഒഴിച്ചു കൂടാനാവാത്ത രണ്ട് മാംസ വിഭവങ്ങളാണ് പോത്തിറച്ചിയും പോർക്കിറച്ചിയും.
ക്രിസ്തുമസ്സ്, ഈസ്റ്റർ, പള്ളിപെരുന്നാൾ, കല്ല്യാണം, മാമോദീസ, മരണാനന്തര കർമ്മങ്ങളായ മുപ്പതടിയന്തിരം, ആണ്ട് എന്നിവയ്ക്കൊക്കെ പോത്തും, പോർക്കും ഭക്ഷത്തിനുണ്ടാവും. മദ്യത്തിനൊപ്പം തൊട്ടു നാക്കിൽ വയ്ക്കാൻ അച്ചാറും മറ്റ് അൻസാരികളും ഉണ്ടാകുമെങ്കിലും തേങ്ങാകൊത്തിട്ട് വരട്ടിയെടുത്ത പോത്തിറച്ചിയോ, പോർക്കിറച്ചിയോ ഉണ്ടെങ്കിൽ കാര്യം കുശാലായി.
എന്റെ ചെറുപ്പകാലത്ത് കുമ്പളങ്ങിയിൽ രണ്ട് പേരാണ് പോത്തിനെയും പോർക്കിനെയും കശാപ്പ് ചെയ്ത് വിറ്റിരുന്നത്, കന്നൻ ലോനൻകുട്ടിയും പുത്തൻവീട്ടിൽ ശൌരികുട്ടിയും. ലോനൻ കുട്ടിചേട്ടൻ പോത്തിനെയും ശൌരികുട്ടിചേട്ടൻ പോർക്കിനെയും ആയിരുന്നു വെട്ടിയിരുന്നത്.ഇന്നത്തെപോലെ എല്ലാ ദിവസവും ഇറച്ചി വിൽപ്പനയുണ്ടായിരുന്നില്ല പഴയകാലത്ത്. ഞായറാഴ്ചകളിലായിരുന്നു ഇറച്ചിവെട്ടും വിൽപ്പനയും. ചക്യാമുറി ചന്തയായിരുന്നു പ്രധാന കച്ചവട സ്ഥലം. അതിരാവിലെ പള്ളി കഴിഞ്ഞ് നേരെ ചന്തയിലേക്കാണ് പോകുന്നത്. ചിലർ സൂപ്പുണ്ടാക്കുന്നതിന് വാലടി വാങ്ങും. മറ്റ് ചിലർക്കാകട്ടെ വാരിയെല്ലിന്റെ ഭാഗത്തിനോടാണ് കാര്യം. ചാട്ട അടികൊണ്ട് ചതയാത്ത ഭാഗങ്ങളാണിവ എന്നതാണ് ഈ താൽപര്യത്തിന് പിന്നിൽ. ചിലർ കരളും കരിനാക്കും വാങ്ങും. വറുത്തരച്ച് ഉരുളക്കിഴങ്ങ് ചേർത്ത് വച്ചാൽ രുചിയിൽ ബഹു കേമമാണ് കരളും കരിനാക്കും. തൊലിയുരിച്ച കയ്യും, കാലും മുട്ടിച്ചാറിനുവേണ്ടിയാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. ചിലരാകട്ടെ എല്ലില്ലാതെയും എല്ലോടുകൂടിയതുമായ ഇറച്ചി വാങ്ങും. എല്ലോടു കൂടിയ ഇറച്ചി, മറ്റ് മസാലക്കൂട്ടുകളൊന്നും ചേർക്കാതെ പച്ചമുളകും, ഇഞ്ചിയും സവാളയും, ഏലക്കായും മാത്രം ചേർത്ത് വേവിച്ചെടുത്തത് കുമ്പളങ്ങി പ്രഭാത ഭക്ഷണങ്ങളിൽ മുന്നിൽനിൽക്കുന്ന ഒന്നായിരുന്നു. പുട്ടോ, വെള്ളേപ്പമോ ആണ് കൂട്ടു വിഭവങ്ങൾ.
കല്ല്യാണത്തലേന്ന് ചോറിന് ഒഴിച്ചു കൂട്ടാനായി ഉപയോഗിക്കുന്ന മുട്ടിച്ചാറ് രുചികളിൽ കേമനാണ്. ജീരകം, മഞ്ഞൾ എന്നിവ ചേർത്ത തേങ്ങ അരപ്പിനൊപ്പം പോത്തിൻ്റെ വെന്ത കൈയ്യും, കാലും കടുകും ഉള്ളിയും എണ്ണ താളിച്ച് ചേർത്താണ് വിളമ്പാറ്. കുമ്പളങ്ങിയിലെ കുടൽ കറിയും പ്രസിദ്ധമാണ്. പശുവിന്റെയോ, ആടിന്റെയോ കുടൽശുദ്ധി ചെയ്ത് വറുത്തരച്ച് വെയ്ക്കും. പച്ച ഏത്തക്ക കഷ്ണങ്ങളോ, കൂർക്കയോ ആണ് കൂടെ ചേർക്കുന്നത്. കുമ്പളങ്ങിക്ക് പുറത്ത് ഇത് പോട്ടിക്കറിയെന്നാണ് അറിയപ്പെടുന്നത്.
കുമ്പളങ്ങിക്കാരുടെ മറ്റൊരു പ്രിയ വിഭവങ്ങളിലൊന്ന് പോർക്കിറച്ചി കറിയാണ്.
കടുകിന്റെ മഞ്ഞക്കുരുവും മുരിങ്ങതോലും കള്ളിന്റെ വിനാഗിരിയിൽ അരച്ചെടുത്ത ‘മുസാടത് ‘ പോർക്ക് കറിയോടൊപ്പം തൊട്ട് കഴിക്കുന്നത് കുമ്പളങ്ങിക്കാരുടെ പ്രത്യേകതയാണ്. ക്രിസ്തുമസ്സ്, ഈസ്റ്റർ, പള്ളിപെരുന്നാളുകൾ, കല്ല്യാണാവസരങ്ങൾ എന്നിവയ്ക്കാണ് പോർക്കിറച്ചി വില്ക്കാറുള്ളൂ. ക്രിസ്തുമസ്സ്, ഈസ്റ്റർ ദിനങ്ങളിൽ കൂടുതൽ ആവശ്യക്കരുള്ളതുകൊണ്ട് പോർക്കിറച്ചി വെട്ടുന്നതിനും ഒരു പ്രത്യേകത ഉണ്ടായിരുന്നു.
കുമ്പളങ്ങിയിൽ വളർത്തുന്നതും, അയൽ സ്ഥലങ്ങളിൽ നിന്നും കൊണ്ടു വരുന്നതുമായ കറുത്ത പോത്തിനെയാണ് സാധാരണ കൊല്ലാറുള്ളതെങ്കിൽ ക്രിസ്തുമസ്സിനും ഈസ്റ്ററിനും വെളുത്ത പോർക്കിനെയാണ് കൊല്ലുന്നത്. ഇവയെ കൊണ്ടു വരുന്നത് സെമിനാരികളിൽ നിന്നാണ്. അക്കാലത്ത് ഭക്ഷണാവശിഷ്ടങ്ങൾ ഉപയോഗപ്രദമാക്കുന്നതിനും ഇറച്ചിയ്ക്കും വേണ്ടി സെമിനാരികളിൽ വെള്ള പോർക്കിനെ വളർത്തിയിരുന്നു. ഒത്ത വലുപ്പവും കാണാൻ ചന്തവുമുള്ള വിദേശ സങ്കര ഇനം പോർക്കിനെയാണ് പ്രത്യേക ദിവസങ്ങളിൽ കുമ്പളങ്ങിയിൽ അറുത്തിരുന്നത്. മൃഗങ്ങളെ കശാപ്പു ചെയ്യുന്നതിനുമുണ്ട് കുമ്പളങ്ങിയിൽ ചില പ്രത്യക ചടങ്ങുകൾ. കൊല്ലാനുളള മൃഗങ്ങളിൽ മികച്ചു നില്ക്കുന്ന പോത്ത്, കാളക്കൂറ്റൻ, പോർക്ക് എന്നിവയുമായി അതിരാവിലെത്തന്നെ വെട്ടുകാർ കുമ്പളങ്ങി തെക്കേ കടത്തു കടവിൽ നിന്ന് വടക്കെ കടത്ത് കടവ് വരെയുള്ള പ്രധാന വഴിയിലൂടെ രണ്ട് മൂന്ന് തവണ നടക്കും. കൊല്ലാനുള്ള മൃഗങ്ങളുടെ “ഇറച്ചി മുഴുപ്പ്” നാട്ടുകാരെ കാണിച്ച് ആകർഷിക്കുക എന്ന പഴയൊരു കച്ചവട തന്ത്രമായിരുന്നു ഇത്.
ഈ പോർക്കിനെ കുമ്പളങ്ങിക്കാർ “ക്ലോന്തോ പോർക്ക്” എന്നാണ് വിളിച്ചിരുന്നത്. നാട് കാണിക്കാനും നാട്ടുകാരെ പരിചയപ്പെടുത്താനുമാണ് ഈ യാത്ര.