കുഞ്ഞുതോമാച്ചൻ സാർ യാത്രയായി. ജീവിതട്രാക്കിൽ നിന്ന് ദൈവത്തിന്റെ നാട്ടിലേക്ക്.

Share News

പ്രിയപ്പെട്ട തോമസ് സാറേ

യാത്രചൊല്ലുന്നുബെന്നി കോച്ചേരി

ബിരുദപഠനത്തിനിടയിൽ ലഭിച്ച കലാലയ രാഷ്ട്രീയം സമ്മാനിച്ച ഉൾക്കരുത്തിൽ സാമൂഹിക ജീവിതത്തിലേക്ക് ആകർഷിയ്ക്കപ്പെട്ട് നീങ്ങുന്നതിനിടയിലാണ് തോമസ് സാറിനെ പരിചയപ്പെടുന്നത്. വിദ്യാർത്ഥികൾക്കായി സമയവും ആവശ്യമെങ്കിൽ സമ്പത്തും നൽകാൻ തയ്യാറായിരുന്ന തോമസ് സാർ. മലയാള മനോരമയുടെ രക്ഷാകർതൃത്തിലുള്ള അഖിലകേരള ബാലജനസഖ്യത്തിന്റെ പ്രവർത്തനങ്ങളാണ് തോമസ് സാറുമായുള്ള അടുപ്പം വർധിപ്പിച്ചത്. ബാലജനസഖ്യത്തിന്റെ യൂണിയൻ കുറവിലങ്ങാട് അനുവദിക്കാൻ 15 ശാഖകൾ ആവശ്യമായിരുന്നു. രക്ഷാധികാരിയായി മേനമ്പടത്ത് എം.ജെ സെബാസ്റ്റ്യൻ സാർ. എല്ലാ പ്രവർത്തനങ്ങളും ഏറ്റെടുത്ത് മുട്ടപ്പള്ളിൽ എം.എസ് ഇമ്മാനുവൽ സാർ. ശാഖകളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സഹകാരിമാരുടെ നേതാവായി സഹകാരി ഫോറം കൺവീനറായി തോമസ് സാർ. ഞാനും ജോമി പുലവേലിയും ഇളംതലമുറയുടെ കണ്ണികളായി ഓരോ ശാഖകളിലും ഓടിയെത്തുന്നു. ലക്ഷ്യം നേടി 15 ശാഖകൾക്ക് പകരമായി കടുത്തുരുത്തിയടക്കം പ്രവർത്തനമേഖലയാക്കി 24 ശാഖകൾ.

അടൂരിൽ നടന്ന സഹകാരിമാരുടെ ക്യാമ്പിൽ തോമസ് സാറിനൊപ്പം ഞാനും ജോമിയും പങ്കെടുത്തു. ശങ്കരച്ചേട്ടൻ മാത്യു ശങ്കരത്തിൽ സാറിന്റെ നേതൃത്വത്തിലുളള ആ ക്യാമ്പൊക്കെ സമ്മാനിച്ച ഇഴയടുപ്പം വലുതായിരുന്നു. ജയ്ഗിരിയിൽ ബാലവികാസ് . കലാമത്സരവും കായികമത്സരവുമൊക്കെ തീപാറുന്ന വിധം സംഘടിപ്പിക്കപ്പെട്ടു. വർഷങ്ങൾക്ക് ശേഷം വിവിധ കർമ്മവീഥിയിലേക്ക് ഞാനടക്കം മാറ്റപ്പെട്ടപ്പോഴും തോമസ് സാർ കളിക്കളത്തിൽ തന്നെയായിരുന്നു. ബാലജനസഖ്യത്തിന്റെ പ്രവർത്തനങ്ങൾ ഇവിടെ ഇല്ലാതായെങ്കിലും സ്‌കൂളുകൾ കേന്ദ്രീകരിച്ച് സാർ മുന്നേറി. ക്ലബ് രൂപീകരണവും മറ്റുമായി കുടുതൽ സജീവമായി. ഒരുമിച്ചുള്ള പ്രവർത്തനങ്ങൾ അവസാനിച്ചെങ്കിലും സാറിന്റെ വിളികളും അന്വേഷണവും ഇടയ്‌ക്കെത്തും. അപ്പന്റെ സ്ഥാനത്ത് നിന്ന് പ്രോത്സാഹനവും നിർദ്ദേശവും നൽകും. ചെറിയ ചടങ്ങുകളിലേക്ക് പോലും ക്ഷണിക്കും. സാർ വന്ന് ഞങ്ങളെ അനുഗ്രഹിക്കണം എന്നാണ് അദ്ദേഹത്തിന്റെ ക്ഷണം. വികാസ് ക്ലബിൽ ഒരിക്കൽ കുടുംബങ്ങൾക്കായി ക്ലാസിന് ക്ഷണിച്ചു. ഇടയ്ക്കുള്ള വിദേശയാത്രയിലും വിളി മുടങ്ങിയില്ല. വിദേശത്തുനിന്നും സാറ് വിളിച്ചു, വിവരങ്ങൾ തേടി.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ എന്റെ പിതാവ് മരിച്ചപ്പോൾ തീർത്തും വയ്യാതിരുന്നിട്ടും വടി കുത്തിയെത്തിയ സാറിനെ മറക്കാനാവില്ല. അത്രമാത്രം കരുതലായിരുന്നു തോമസ് സാർ. സാറിന് അല്പം അസ്വസ്ഥതകൾ കൂടുതലാണെന്ന് മകൻ സജി പറഞ്ഞറിഞ്ഞിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ സന്ദർശനം ഒഴിവാക്കുന്നതാണ് ഉചിതമെന്ന നിലപാടിൽ വേണ്ടെന്ന് വെച്ചു. എന്നാൽ കോവിഡ് കഴിയുംവരെ സാർ കാത്തുനിന്നില്ല. ഇന്നലെ പതിവ് തെറ്റിച്ച് എന്റെ മൊബൈൽ ഫോൺ പണിമുടക്കി. എങ്ങനയോ ഉച്ചകഴിഞ്ഞ് രണ്ടരയോടെ ഫോൺ ഓണായി. വാട്ട്‌സ്ആപ്പിൽ വെറുതെ പരതിയപ്പോൾ കെ.സി തോമസ് സാറെന്ന നമ്പറിൽ നിന്ന് ഒരു സന്ദേശചിത്രം. സാർ അയച്ചതോ എന്ന സന്ദേഹത്തോടെ നോക്കി. സാറിന്റെ ഓർമ്മചിത്രമായിരുന്നു അത്. സാറിന്റെ മകൻ സജി അയച്ചത്. അരമണിക്കൂറിനുള്ളിൽ സാറിന്റെ പുതിയ വീട്ടിലെത്തി. ആ പതിവ് ചിരി മുഖത്ത് നിന്ന് മറയ്ക്കാതെ ഒരിക്കലും തുറക്കാതെ മിഴികൾ പൂട്ടിയുറങ്ങുന്ന സാറിനെ ഒരുപ്രാവശ്യമേ നോക്കിയുള്ളൂ. എന്റെ മനസിലുള്ള മുറിക്കയ്യൻ വെള്ള ഷർട്ടിട്ട, പാന്റിട്ട്, കറുത്ത കണ്ണടവെച്ച, വള്ളിച്ചെരിപ്പിട്ട സാറിനെ മാറ്റി മറ്റൊരു ചിത്രം മനസിലുറപ്പിക്കാൻ മനസ് അനുവദിച്ചില്ല. ഉടൻ പോരണമെന്ന് വിചാരിച്ചാണ് അവിടെയെത്തിയത്. എന്നാൽ അല്പനേരം അവിടെ നിർത്തണമെന്നായിരുന്നു പ്രകൃതിയുടെ തീരുമാനം. നാലരയോടെ സാറിന്റെ ചേതനയറ്റ ശരീരം ജയ്ഗിരി പളളിയിലേക്ക് ആംബുലൻസിൽ യാത്രയാകുംവരെ കണ്ണീരണിഞ്ഞ പ്രകൃതിയ്‌ക്കൊപ്പം അവിടെ നിന്നു. അല്ല, പ്രകൃതി പിടിച്ചുനിറുത്തി. ആ നിൽപ്പ് അനിവാര്യമായിരുന്നു. കാരണം ഇനി ഒരിക്കലും സാറിനൊപ്പം നിൽക്കാനാവില്ലല്ലോ.

സാറും ഞാനുമായുളള അടുപ്പത്തിന്റ ആഴം കുറച്ചെങ്കിലും അറിയുന്ന സാറിന്റെ കുടുംബാംഗവും എന്റെ പ്രിയ വിദ്യാർത്ഥിനിയുമായ ഗോൾഡ ജോസിന്റെ വിളിയെത്തി സാറിനെ കാണാനുള്ള യാത്രയ്ക്കിടയിൽ. ഞാൻ വിവരമറിഞ്ഞിട്ടില്ലെന്ന ഉറപ്പിലായിരുന്നു ആ വിളി. കുഞ്ഞുതോമാച്ചൻ സാർ യാത്രയായി. ജീവിതട്രാക്കിൽ നിന്ന് ദൈവത്തിന്റെ നാട്ടിലേക്ക്.

ഒരുപാട് ആദരവോടെബെന്നി കോച്ചേരി.

Share News