
ശിശുക്കള്‍ മൂല്യത്തില്‍ വളരട്ടെ

ഭാരതത്തിന്‍റെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു പ്രസംഗവേളകളില്‍ ആവര്‍ത്തിച്ചു പറയുന്ന ഒരുകാര്യം ഇതായിരുന്നു; “ഭാരതത്തിലെ കുഞ്ഞുങ്ങളുടെ ശരിയായ വളര്‍ച്ചയും ഉയര്‍ച്ചയുമാണ് രാഷ്ട്രത്തിന്‍റെ വളര്‍ച്ചയും ഉയര്‍ച്ചയും”. കുട്ടികള്‍ നല്ല മനുഷ്യരായി, മനുഷ്യത്വമുള്ളവരായി വളരണമെന്ന് നെഹ്റു അതിയായി ആഗ്രഹിച്ചിരുന്നു. “കുഞ്ഞുങ്ങളുടെ മനസ്സിലേ പൂവിന്‍റെ പരിശുദ്ധിയുള്ളൂ; കുഞ്ഞുങ്ങ ളുടെ ചിരിയിലേ സൗമ്യതയുടെ സുഗന്ധമുള്ളൂ.” എന്ന് നെഹ്റു പറയുമായിരുന്നു. പരിശുദ്ധിയുടെയും സൗമ്യതയുടെയും ഭാവതലങ്ങള്‍ ശിശുക്കളില്‍ വളര്‍ന്നു വരണം. കാപട്യമില്ലാതെ വിശുദ്ധവും ഹൃദ്യവുമായ മനസ്സിന്‍റെ ഉടമകളായി കുട്ടികള്‍ മാറണമെങ്കില്‍ അവരെ നാം മൂല്യത്തില്‍ വളര്‍ത്തണം. അവര്‍ നേടുന്ന നേട്ടങ്ങള്‍ വീടിനും നാടിനും ഉപകരിക്കണമെങ്കില്‍ അവര്‍ ശ്രേഷ്ഠവ്യക്തിത്വത്തിന് ഉടമകളാകണം.

രാഷ്ട്രപിതാവായ മാഹാത്മാഗാന്ധി പറഞ്ഞു; “സന്തോഷത്തോടെയും സംതൃപ്തിയോടെയും കൂടി വളരുന്ന കുട്ടികള്‍ ഒരു രാഷ്ട്രത്തിന്‍റെ ശക്തിയും സമ്പത്തുമായിരിക്കും”. ശിശുവിന്‍റെ വളര്‍ച്ചയില്‍ സുപ്രധാന ഘടകങ്ങളാണ് സന്തോഷവും സംതൃപ്തിയും. അത് ലഭിച്ചവര്‍ അതുതന്നെ ലോകത്തിനു നല്‍കും. ഊഷ്മളതയും സൗഹൃദാന്തരീക്ഷവുമാണ് ഒരു കുഞ്ഞിന്‍റെയും സസ്യത്തിന്‍റെയും വളര്‍ച്ചയ്ക്കാവശ്യം. പരിലാളന കിട്ടുന്നി ല്ലെങ്കില്‍ നട്ടെല്ല് ചുരുങ്ങിപ്പോകും എന്നാണ് പഴമൊഴി. വികലമായ എല്ലാ പെരുമാറ്റങ്ങളുടെയും അടിവേരുകള്‍ ബാല്യദിശയിലാണ്. കുട്ടികളോടുള്ള സ്നേഹക്കുറവും അവഗണനയും അവരില്‍ പകയും പ്രതികാരചിന്തയു മാണ് വളര്‍ത്തുന്നത്. പരിഹസിക്കുക, ശകാരിക്കുക, ശപിക്കുക, താരതമ്യം ചെയ്യുക, തല്ലുക, ചീത്തപറയുക, ഭയപ്പെടുത്തുക എന്നിവയെല്ലാം സ്നേഹത്തിന്‍റെ നിരാസമാണ്, വെറുപ്പും വൈരാഗ്യവും സൃഷ്ടിക്കാന്‍ മാത്രമേ ഇത്തരം പ്രവൃത്തികള്‍ ഉപകരിക്കൂ. കുട്ടികളോട് ക്രൂരത കാണിച്ചാല്‍, ആനയ്ക്ക് മദം പൊട്ടുന്നതുപോലെ ഒരുദിവസം മാതാപിതാക്കളെ അത്ഭുതപ്പെടുത്തുമാറ് മക്കള്‍ പൊട്ടിത്തെറിക്കും. പിന്നെ നാശങ്ങളുടെ വേലിയേ റ്റമാകും സംഭവിക്കുക. അതുകൊണ്ട് വീടും വിദ്യാലയവും സ്നേഹത്തിന്‍റെയും സഹാനുഭൂതിയുടെയും കേന്ദ്രങ്ങളാകണം.
ഇന്നത്തെ ജീവിത ചുറ്റുപാടില്‍ കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും മാനസികസമ്മര്‍ദ്ദങ്ങളും ഏറെയാണ്. തൃശ്ശരില്‍ 9-ാം ക്ലാസ്സ് വിദ്യാര്‍ത്ഥികളും ഒരേ ക്ലാസ്സിലെ അടുത്ത സുഹൃത്തുക്കളുമായ 4 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത് ഒഴിവാക്കാന്‍ സ്വയം ‘കൈ ഒടിച്ച’ വാര്‍ത്ത പത്രങ്ങളിലുണ്ട്. ഗൂഗിളില്‍ തിരഞ്ഞാണ് കൈ ഒടിക്കാനുള്ള വിദ്യ അവര്‍ കണ്ടെത്തിയത്. പരീക്ഷയെ അവര്‍ ഭയക്കുന്നു. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞാലുള്ള അവസ്ഥ അവരില്‍ സൃഷ്ടിക്കുന്ന ഭീതിതമായ സാഹചര്യങ്ങളാണ് സ്വയം ക്രൂരത തിരഞ്ഞെടുക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്. കുട്ടികളെ മാത്രമല്ല. മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും കൂടി ഇത്തരം സാഹചര്യങ്ങളില്‍ കൗണ്‍സിലിംഗ് നല്‍കേണ്ടതുണ്ട്. മാര്‍ക്കിനേക്കാള്‍ വലുതാണ് മക്കള്‍ എന്ന തിരിച്ചറിവ് മാതാപിതാക്കള്‍ക്കും ഉണ്ടാകേണ്ടതുണ്ട്. അധിക സമ്മര്‍ദ്ദം കുട്ടികളെ മനോരോഗികളാക്കും.
സര്‍ ജോണ്‍ സ്ക്വയര്‍ എന്ന ചിന്തകന്‍ പറയുന്നു; “400 ഗീതങ്ങള്‍ രചിച്ചു എന്നതിനേക്കാള്‍ ഒരു മകനെ നന്നായി വളര്‍ത്തി എന്നതില്‍ അഭിമാനം കൊള്ളാം”. മക്കള്‍ ഏതുമേഖലയില്‍ എത്തിച്ചേര്‍ന്നാലും സ്വഭാവശുദ്ധി പ്രധാനമാണ്. വിദ്യാഭ്യാസത്തിന്‍റെ മൗലികലക്ഷ്യം സ്വഭാവഗുണം ആര്‍ജ്ജിക്കലാണ്. സ്വഭാവഗുണം ആര്‍ജ്ജിക്കാത്ത വിദ്യാഭ്യാസം ആപത്കരവും ഉപയോഗ ശൂന്യവുമാണ്. കേവലം വിജ്ഞാന വിനിമയവും വിജ്ഞാനമാര്‍ജ്ജിക്കലുമല്ല, മറിച്ച് മൂല്യബോധം പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കാന്‍ വിദ്യാഭ്യാ സത്തിലൂടെ സാധിക്കണം. വ്യക്തിത്വരൂപീകരണം, പൗരബോധം, സാമൂഹ്യപ്രതിബദ്ധത, ആത്മാര്‍ത്ഥത, ധാര്‍മ്മികത, ജീവിതവിശുദ്ധി, അര്‍പ്പണമനോഭാവം, സത്യസന്ധത തുടങ്ങിയ ജീവിത മൂല്യങ്ങളിലുടെ ശിശുക്കള്‍ വളരണം.
ബാല്യകാല അനുഭവങ്ങളാണ് ഒരു വ്യക്തിയുടെ ജീവിതത്തിന്‍റെ അടിത്തറ പാകുന്നത്. ബാല്യകാല അനുഭവങ്ങള്‍ സ്നേഹത്തിന്‍റെ നിറച്ചാര്‍ത്തുകളാകണം. സ്നേഹാനുഭവങ്ങള്‍, സ്നേഹസ്പര്‍ശം, ആശ്വസിപ്പി ക്കല്‍, പ്രചോദിപ്പിക്കല്‍, അംഗീകരിക്കല്‍, പരിഗണിക്കല്‍, അഭിനന്ദിക്കല്‍ എന്നിങ്ങനെ നിരവിധി അനുഭവങ്ങ ളിലൂടെ സന്തോഷവും സംതൃപ്തിയും അനുഭവിച്ചാണ് ശിശുക്കള്‍ വ്യത്യസ്തങ്ങളായ കഴിവുകള്‍ നേടുന്നത്. ചെറുപ്പത്തില്‍ സ്നേഹലാളനകള്‍ അനുഭവിച്ചു വളരുന്ന കുട്ടികളാണ് സത്സ്വഭാവികളും ആത്മവിശ്വാസമു ള്ളവരും മിടുക്കരുമായിത്തീരുക. അതുകൊണ്ട് ജീവിതശൈഥില്യങ്ങളുടെയും ദുര്‍മാര്‍ഗ്ഗങ്ങളുടെയും ഇരകളായി കുട്ടികള്‍ മാറാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുക. കുടുംബാംഗങ്ങളുടെയും വിദ്യാലയത്തിന്‍റെയും സമൂഹത്തിന്‍റെയും ജാഗ്രതയുടെ കരവലയത്തില്‍ സുരക്ഷിതരായി ശിശുക്കള്‍ സന്തോഷത്തോടെ, സ്നേഹം അനുഭവിച്ച് സംതൃപ്തരായി വളരട്ടെ. രാഷ്ട്രഭാവി അതുവഴി ശോഭനമാകും. (9847034600)
അഡ്വ. ചാര്‍ളി പോള്‍
MA.LL.B.,DSS – ട്രെയ്നര്‍ & മെന്‍റര്‍, 9847034600