രക്ഷയുടെ അടയാളവും വിജയത്തിന്റെ ചിഹ്നവും സഹനത്തിൽ ശക്തിയുമായ മാർ സ്ലീവായിൽ നമ്മുക്ക് പ്രത്യാശയർപ്പിക്കാം.

Share News

സെപ്റ്റംബർ 14 വിശുദ്ധ കുരിശിന്റെ (മാർ സ്ലീവായുടെ), പുകഴ്ചയുടെ തിരുനാൾ ആണല്ലോ.

സഹനങ്ങളിലുടെയും കുരിശു മരണത്തിലൂടെയും മഹത്വത്തിലേക്ക് ജീവനിലേക്കു പ്രവേശിച്ച മിശിഹായുടെ വിജയചിഹ്നവും പ്രതീകവുമാണ് സ്ലീവാ .

സ്ലീവാ നമുക്ക് രക്ഷയും ജീവനുമാണ്.

ലോകം മുഴുവൻ അതിജീവനത്തിനായി പോരാടുന്ന ഈ കാലഘട്ടത്തിൽ സഹനങ്ങളെ സമചിത്തതയോടെ നേരിടുവാനും സ്ഥൈര്യത്തോടെ നിലനിൽക്കുവാനും മിശിഹായിൽ പ്രത്യാശ അർപ്പിക്കുവാനും സ്ലീവാ നമ്മെ പ്രചോദിപ്പിക്കുന്നു.

മോശ ഉയർത്തിയ പിച്ചള സർപ്പത്തെ നോക്കിയവർ മരണത്തെ അതിജീവിച്ച തുപോലെ (സംഖ്യ 21:8), രക്‌ഷയിലൂടെ ചരിക്കുന്ന വർക്ക് സ്ലീവാ ദൈവത്തിന്‍െറ ശക്‌തിയകുന്നു (1 കോറിന്തോസ്‌ 1 18). മാനവരാശിക്ക് ദോഷകരമായവയെ നിഷ്കാസനം ചെയ്യുവാനും ആധിപത്യങ്ങളെയും അധികാരങ്ങളെയും നിരായുധമാക്കുവാനും (കൊളോസസ് 2: 14 -15 ) മിശിഹയുടെ സ്ലീവാ ശക്തി പകരുന്നു.

ഈ പ്രതിസന്ധിയുടെ കാലത്തിൽ നമുക്ക് സ്ലീവായിൽ പ്രത്യാശ അർപ്പിക്കാം. മാർ സ്ലീവായുടെ പുകഴ്ചയുടെ തിരുനാൾ ആചരിക്കുന്ന ഈ വേളയിൽ മാർ സ്ലീവായെ പ്രത്യാശയോടെ നോക്കി നമുക്ക് രക്ഷനേടാം, ഒപ്പം ലോകം മുഴുവനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യാം.

ഏറ്റവും ഫലപ്രദമായി ഈ ദിവസം ആചരിക്കുവാൻ നമുക്ക് പരിശ്രമിക്കാം. തലേദിവസം, അതായത് സെപ്റ്റംബർ 13 വൈകുന്നേരം സ്ലീവായുടെ പുകഴ്ചയെ പ്രകീർത്തിക്കുന്ന ഗാനങ്ങളും പ്രാർത്ഥനകളും ഒന്ന് ചേർന്ന് ആലപിച്ച് സന്ധ്യാനമസ്കാരം നടത്തുക. തദവസരത്തിൽ ദൈവാലയങ്ങളിൽ മാർ സ്ലീവാ അലങ്കരിച്ചു വയ്ക്കുകയും കൽകുരിശിൽ ദീപാലങ്കാരം നടത്തുകയും ചെയ്യുക. കുടുംബങ്ങളിൽ സ്ലീവാ അലങ്കരിച്ചു വയ്ക്കുവാനും ശ്രദ്ധിക്കുക.

സെപ്റ്റംബർ 14 തിരുനാൾ ദിനത്തിൽ ദൈവാലയങ്ങളിൽ ആഘോഷമായ പരിശുദ്ധ കുർബാന അർപ്പിക്കുകയും തുടർന്ന് മാർ സ്ലീവായോടുള്ള മധ്യസ്ഥ പ്രാർത്ഥന നടത്തുകയും ചെയ്യുക. രക്ഷയുടെ അടയാളവും വിജയത്തിന്റെ ചിഹ്നവും സഹനത്തിൽ ശക്തിയുമായ മാർ സ്ലീവായിൽ നമ്മുക്ക് പ്രത്യാശയർപ്പിക്കാം.

ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത

Archbishop Joseph Perumthottam

Share News