ദൈവത്തിന്റെ സ്വന്തം നാട്ടിൽ വലിയ പ്രത്യാശയോടെ നമുക്ക് പരസ്പരം കരുത്ത്‌ പകരാം.

Share News

നമ്മുടെ നാട്ടിലെ സാധാരണക്കാരായ മനുഷ്യർ, മറ്റുള്ളവരുടെ വേദനയിലും വിഷമത്തിലും പങ്കാളികളാകുന്ന നല്ല സംസ്കാരം നമ്മുടെ ഗ്രാമങ്ങളിലുണ്ട്.


കോഴിക്കോട് കരിപ്പൂരും, ഇടുക്കിയിലെ പെട്ടിമുടിയിലും അപകടവും ദുരന്തവുമുണ്ടായപ്പോൾ ഓടിയെത്തിയതും ആ നാട്ടിലെ സാധാരണക്കാരായ മനുഷ്യർതന്നെ. കോവിഡ് ഭീതിയും മറ്റ് പ്രതിസന്ധികളും അവരെ തളർത്തിയില്ല.
വിമാനത്താവളത്തിലാണെങ്കിലും തേയിലതോട്ടത്തിലാണെങ്കിലും രക്ഷാപ്രവർത്തനത്തിന്റെ പരിമിതികളും നമ്മൾ കണ്ടു.


മരിച്ച മനുഷ്യരുടെ കുടുംബങ്ങൾക്കു നൽകിയ സഹായവും, അധികാരികളുടെ സന്ദർശനവും ചർച്ചചെയ്യപ്പെട്ടു.
ഇടുക്കിയിലെ തേയില തോട്ടത്തിലെ കൊച്ചുകുടിലുപോലുമല്ലാത്ത ചെറിയ മുറികളിൽ, ലയങ്ങളിൽ അന്തിഉറങ്ങുന്നവരുടെ അവസ്ഥ മാധ്യമങ്ങൾ ഒരിക്കൽകൂടി അവതരിപ്പിച്ചു. മാധ്യമപ്രവർത്തകർ വളരെ വിഷമിച്ചാണ് പെട്ടിമുടിയിൽ എത്തിച്ചേർന്നത്. നിന്നുതിരിയുവാൻ വിഷമിച്ച മാധ്യമ പ്രവർത്തകർ വൈകാതെ മടങ്ങും.മണ്ണിൽ മുടിപോയവർ, ഇനി വീണ്ടെടുക്കാൻ കഴിയില്ലെന്ന് സർക്കാർ ഉദ്യോഗസ്ഥർ പറയുന്നതോടെ പെട്ടിമുടിയും മാധ്യമങ്ങളിൽ നിന്നും മറയും. തേയില തോട്ടത്തിലെ മനുഷ്യർക്ക്‌ നൂറ്റാണ്ടുകൾ കഴിഞ്ഞ മുറികളിൽ നിന്നും മോചനം ലഭിക്കുമോ?
കോഴിക്കോട് കരിപ്പൂർ വിമാനത്താവളം ഇനി എങ്കിലും കാലോചിതമായി വികസസിപ്പിക്കുമോ?

തിരുവമ്പാടി എയർപോർട്ട് എന്ന ആലോചന മാറ്റിവെച്ചവർ വിണ്ടും, അത് പരിഗണിക്കണം എന്ന പൊതുസമൂഹത്തിന്റെ നിർദേശങ്ങൾ സ്വീകരിക്കും എന്ന് കരുതുന്നു.

ഇനിയും കരിപ്പൂരിൽ അപകടം ഉണ്ടാകാതെ അത് വ്യോമസേനയ്ക്ക് കൈമാറാനുള്ള സാധ്യതയും സർക്കാർ പരിഗണിക്കുമെന്നും വിശ്വസിക്കുന്നു.

മാധ്യമ പ്രവർത്തകരെ പേടിപ്പിച്ചും പീഡിപ്പിച്ചും അവഹേളിച്ചും സൗകര്യം പോലെ കാര്യങ്ങൾ നടത്താമെന്നു കരുതുന്നവരും, അവരുടെ തണലിൽ വളരുന്നവരും, അവരെ വഴിവിട്ടു വളർത്തുന്നതും ഉചിതമല്ല. സംസ്കാരമുള്ള സംവാദം നടക്കട്ടെ. അറിയാനും പറയാനുമുള്ള സ്വാതന്ത്രം അപഹരിക്കരുതേ.

അധികാരം നിലനിർത്താനും, നേടുവാനുമുള്ള പാർട്ടികളുടെ ശ്രമങ്ങൾ മാന്യത മറന്നുകൊണ്ട് ആകരുതേ.

കോവിഡ്, മഴ, മണ്ണിടിച്ചിൽ.. പ്രളയഭയം… മനുഷ്യർ ദുരിതത്തിൽ ആണ്. ജോലിയും കൂലിയും ഇല്ലാതെ വിഷമിക്കുന്ന മനുഷ്യരുടെ പ്രത്യാശ നഷ്ട്ടപെടരുത്.

ചെല്ലാനം നിവാസികളുടെ ദുരിതങ്ങൾ തുടരുന്നു .തീരദേശങ്ങൾ ഭീതിയിൽ ആണ് സർക്കാരിൻെറ സമൂഹത്തിൻെറ കരുതൽ അവിടെ വേണം .

തൊഴിലുറപ്പ് ജോലിയിൽ നിന്നും കിട്ടിയ 100/- രൂപ, പൊതിച്ചോറിൽ ഒളിച്ചുവെച്ച മേരിയമ്മമാർ കുമ്പളങ്ങിയതിൽ മാത്രമല്ല. മറിയുമ്മയും മീനാക്ഷി അമ്മയും.. നമ്മുടെ നാടിന്റെ എല്ലാ ഭാഗത്തുമുണ്ട്.

അവർക്കു സ്നേഹവും കരുതലും നൽകുന്ന മാത്യുവും മുഹമ്മദും മാധവനും നേതൃത്വം നൽകുന്ന സുമനസ്സുകളുടെ കുടുംബങ്ങൾ. അതാണ് നമ്മുടെ നാടിന്റെ കരുത്തും നന്മയും.


ദൈവത്തിന്റെ സ്വന്തം നാട്ടിൽ വലിയ പ്രത്യാശയോടെ നമുക്ക് പരസ്പരം കരുത്ത്‌ പകരാം.

Share News