ചേർത്തുപിടിക്കാം,ചുംബിക്കാം
നാലുവർഷം മുമ്പ് ഭാര്യയുടെ പിറന്നാൾ ദിനത്തിൽ എഫ്.ബി.യിൽ ഒരു ഫോട്ടോ ഇട്ടിരുന്നു.സ്മിതയുടെ നെറ്റിയിൽ ഞാൻ ചുംബിക്കുന്ന ചിത്രമായിരുന്നു അത്. ഒരു കൂട്ടുകാരിയുടെ വിളി രാവിലേ എത്തി,നീ ആ ഫോട്ടോ പെട്ടെന്ന് ഡിലിറ്റ് ചെയ്യണം.
.സ്മിത ഒരു ടീച്ചറല്ലേ,നീ പത്രപ്രവർത്തകനും…ഇത്തരം വൃത്തികെട്ട ഫോട്ടോയൊക്കെയാണോ എഫ്.ബി.യിൽ ഇടുന്നത്?
എന്റെ ഭാര്യയുടെ നെറ്റിയിൽ ഞാൻ ചുംബിക്കുന്നതിൽ എന്ത് വൃത്തികേടാണുള്ളത്? എന്റെ ചോദ്യം അവൾക്ക് ഇഷ്ടപ്പെട്ടില്ല.നിങ്ങൾ ചുംബിക്കുകയോ കെട്ടിപ്പിടിക്കുകയോ ഒക്കെ ചെയ്തോ,അത് നാട്ടുകാരെ എന്തിനാ കാണിക്കുന്നേ..?
ചേർത്തുപിടിക്കുന്നതും ചുംബിക്കുന്നതുമൊക്കെ സ്നേഹം പ്രകടിപ്പിക്കാനുള്ള മനോഹരമായ മാർഗങ്ങളാണ്.പല കുടുംബങ്ങളിലും കലഹം രൂക്ഷമാകാൻ കാരണം ഇത്തരം സ്നേഹപ്രകടനങ്ങളുടെ കുറവാണ്.മനസ്സിൽ സൂക്ഷിക്കാനുള്ളതല്ല സ്നേഹം,അത് അനുഭവേദ്യമാക്കാനുള്ളതാണ്.പ്രകടിപ്പിക്കാത്ത സ്നേഹമെന്നത്ഫ്രീസറിൽ സൂക്ഷിക്കുന്ന ഐസ് ക്രീം പോലെയാണ്. ജീവിത പങ്കാളിയേയും മക്കളെയും മാതാപിതാക്കളെയും ആത്മസുഹൃത്തുക്കളെയുമൊക്കെ ചേർത്തുപിടിക്കാനും ഉമ്മവെക്കാനും മനസ്സുണ്ടാകണം.അപ്പോൾ മാത്രമേ നമ്മുടെ ഉള്ളിലെ സ്നേഹത്തിന്റെ ചൂട് അവർക്ക് അനുഭവിക്കാൻ കഴിയൂ.മനസ്സുകളെയും ഹൃദയത്തെയും ചേർത്തുനിർത്തുന്നതിൽ സ്പർശനത്തിന് വലിയ പങ്കുണ്ട്.
മക്കൾക്ക് മുന്നിൽ വെച്ച് ഭാര്യയെ ചേർത്തുപിടിക്കാനും ചുംബിക്കാനും പലർക്കും തന്റേടമില്ല.മക്കളെയാകട്ടെ ചിലരെങ്കിലും തല്ലാൻ പിടിക്കുമ്പോഴാണ് സ്പർശിക്കുന്നത്.ഒരു പ്രായം കഴിഞ്ഞാൽ മക്കളെ തൊടാൻതന്നെ പലർക്കും മടിയാണ്.കഴിഞ്ഞ തലമുറയിലെ കാർന്നവൻമാരുടെ ചില ശീലങ്ങൾ നമുക്കും പാരമ്പര്യമായി കിട്ടിയിട്ടുണ്ട്. സ്നേഹമില്ലാഞ്ഞിട്ടല്ല,ഉള്ള സ്നേഹം പ്രകടിപ്പിക്കാത്തതാണ് പല കുടുംബങ്ങളിലും കലഹം പത്തിവിടർത്താൻ കാരണം.
നെറ്റിയിൽ ഒരു ഉമ്മ,ഒരു ചേർത്ത് പിടുത്തം,സാരമില്ലെന്നുള്ള തലോടൽ…പല മുറിവുകളും ഉണക്കാനുള്ള ഒറ്റമൂലിയാണിത്.അത് ആഗ്രഹിക്കുന്ന നിമിഷങ്ങളിൽ പറയാതെ നൽകാൻ കഴിയണം…യഥാർത്ഥ സ്നേഹമുണ്ടെങ്കിലേ അതിന് കഴിയൂ.പറയാതെ അറിയുക എന്നത് ദാമ്പത്യജീവിതത്തിൽ പരമപ്രധാനമാണ്.അല്ലാത്ത സ്നേഹപ്രകടനങ്ങൾ വെറും പ്രകടനങ്ങളായി പരിണമിക്കും.
എന്റെ അച്ഛനും അമ്മയും ഇന്നില്ല.അവരെ കുറച്ചുകൂടി ചേർത്ത് പിടിക്കാമായിരുന്നു…കുറേ ചുംബനങ്ങൾ നൽകാമായിരുന്നു എന്നൊക്കെ ഇപ്പോൾ തോന്നുന്നുണ്ട്.ആ തോന്നൽ പകരുന്ന നൊമ്പരം മറക്കാൻ ഞാൻ എന്റെ മക്കളേ നിരന്തരം ചേർത്ത് പിടിക്കും..ഉമ്മവെക്കും..
അപ്പനും അമ്മയും ചേർന്ന് നിൽക്കുമ്പോൾ ഇടയിൽ നുഴഞ്ഞുകയറാൻ അവർക്കിപ്പോഴും ഉത്സാഹമാണ്…
.ഓർമിക്കുക,സ്നേഹിക്കേണ്ടത് ജീവിച്ചിരിക്കുമ്പോഴാണ്..
കല്ലറയിൽ കഴിയുന്നവരെ ആർക്കും സ്നേഹിക്കാനാകില്ല…
ജിജോ സിറിയക്
ശ്രീ ജിജോ സിറിയക്
ചീഫ് സബ് എഡിറ്റർ
മാതൃഭൂമി, കൊച്ചി
ഭാര്യ-ശ്രീമതി സ്മിത അഗസ്റ്റിൻ
ഹയർ സെക്കണ്ടറി അധ്യാപിക
എച്ച്.എസ്.എസ്.ഓഫ് ജീസസ്, കോതാട്.
മക്കൾ: അന്ന ഇസബെൽ,
ടെസ, നിർമൽ.
Jijo Cyriac