
”അസത്യത്തെ സത്യം കൊണ്ട് ജയിക്കും”: രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി : ആരുടെയും അനീതിക്ക് വഴങ്ങുകയില്ലെന്നും ലോകത്തെ ആരെയും ഭയപ്പെടുന്നില്ലെന്നും, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. അസത്യത്തെ സത്യം കൊണ്ട് ജയിക്കുമെന്നും രാഹുല്‍ പറഞ്ഞു. ഗാന്ധി ജയന്തി ദിന സന്ദേശത്തിലാണ് രാഹുലിന്റെ അഭിപ്രായപ്രകടനം.
ഹത്രാസ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യോഗി സര്‍ക്കാരിനെതിരെ ലക്ഷ്യമിട്ടാണ് രാഹുലിന്റെ ട്വീറ്റ്. ‘ഭൂമിയിലുള്ള ആരെയും ഞാന്‍ ഭയപ്പെടുകയില്ല. ഞാന്‍ ആരുടെയും അനീതിക്ക് വഴങ്ങുകയില്ല. ഞാന്‍ സത്യത്താല്‍ അസത്യത്തെ ജയിക്കും. അസത്യത്തെ എതിര്‍ക്കുമ്ബോഴുണ്ടാകുന്ന എല്ലാ കഷ്ടപ്പാടുകളും എനിക്ക് സഹിക്കാന്‍ കഴിയും’. രാഹുല്‍ ഗാന്ധി ട്വീറ്റില്‍ കുറിച്ചു.
അതേസമയം, ഹത്രാസിൽ അതിക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ ഉത്തര്‍പ്രദേശ് ഗൗതം ബുദ്ധ നഗറിലെ ഇക്കോടെക് വണ്‍ പൊലീസ് കേസെടുത്തു. പകര്‍ച്ചവ്യാധി നിയമപ്രകാരമാണ് ഇരുവര്‍ക്കും എതിരെ കെസെടുത്തത്.
രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പമുണ്ടായിരുന്ന 150 ഓളം പ്രവര്‍ത്തകരുടെ പേരിലും കേസെടുത്തിട്ടുണ്ട്. രാഹുലും പ്രിയങ്കയും ഹാഥ്രസിലെ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ യു പി പൊലീസ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കോവിഡ് മുന്‍കരുതലിന്റെ മറവിലായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചത്.