അവരുടെ സ്വപ്നങ്ങൾ പൂവണിയട്ടെ ! ലൈഫ് മിഷൻ പദ്ധതിയിൽ എങ്ങനെ സഹായിക്കാം. LIFE MISSION

Share News

താമസിക്കാൻ സ്വന്തമായി ഒരു വീട് എന്നത് ഏവരുടെയും സ്വപ്നമാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ കേരളത്തിൽ
ലൈഫ് സമ്പൂർണ പാർപ്പിട സുരക്ഷാപദ്ധതിയുടെ ഭാഗമായി 2017ൽ ഭൂരഹിത ഭവനരഹിതരുടേയും ഭൂമിയുള്ള ഭവനരഹിതരുടേയും ഗുണഭോക്തൃ പട്ടിക തയ്യാറാക്കി ഭവനങ്ങൾ ലഭ്യമാക്കിയിരുന്നു.
മൂന്നാം ഘട്ടത്തിലെ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യ ഗുണഭോക്തൃ പട്ടിക തയ്യാറാക്കിയപ്പോൾ അർഹരായ ചില കുടുംബങ്ങൾ വിട്ടുപോയതായി പരാതികൾ ഉണ്ടായതിനെ തുടർന്നാണ് ഇപ്പോൾ പുതിയ പട്ടിക തയ്യാറാക്കുന്നത്.സ്ഥലം ഇല്ലാത്തവർക്കും, സ്ഥലം ഉള്ളവർക്കും ഭവനം നിർമ്മിക്കാൻ ഈ പദ്ധതി അവസരമൊരുക്കുന്നു.

👉 എന്നുവരെയാണ് രജിസ്റ്റർ ചെയ്യാനുള്ള സമയം ?

2020 ഓഗസ്റ്റ് 1 മുതൽ 14 വരെയാണ് പുതിയ അപേക്ഷകൾ സമർപ്പിക്കാനുള്ള സമയം.

👉 എങ്ങനെ അപേക്ഷിക്കാം

ഇൻറർനെറ്റ് ഉപയോഗിച്ച് സ്വന്തമായൊ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹെൽപ്പ് ഡെസ്ക് മുഖേനയോ, അക്ഷയകേന്ദ്രങ്ങൾ വഴിയോ http://www.life2020.kerala.gov.in എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുമ്പോൾ ഒടിപി ലഭിക്കും. പാസ്സ്വേർഡ് നൽകി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാം. പിന്നീട് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യണം.

👉 എന്തൊക്കെ രേഖകൾ അപ്ലോഡ് ചെയ്യണം

  1. റേഷന് കാര്ഡ്
  2. ആധാര് കാര്ഡ്
  3. ജാതി സര്ട്ടിഫിക്കറ്റ് (പട്ടികജാതി / പട്ടികവര്ഗ്ഗ വിഭാഗത്തില്പ്പെട്ടവര്ക്ക്)
  4. വരുമാന സര്ട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസര് നല്കിയത്)
  5. മാര്ഗ്ഗരേഖയില് പറയുന്ന ക്ലേശഘടകങ്ങള് പ്രകാരം മുന്ഗണന ലഭിക്കാന് അര്ഹരായ കുടുംബങ്ങള് അതു സംബന്ധിച്ച സാക്ഷ്യപത്രങ്ങൾ.

👉 എന്തൊക്കെ വിവരങ്ങളാണ് ആവശ്യം

വീട്ടു നമ്പർ, റേഷൻ കാർഡ് നമ്പർ, ആധാർ നമ്പർ, മത്സ്യത്തൊഴിലാളി വിഭാഗമാണെങ്കിൽ ക്ഷേമനിധി ബോർഡിലെ അംഗത്വ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ഭൂമി ഉണ്ടെങ്കിൽ വസ്തു വിവരങ്ങൾ, നിലവിൽ വീട് ഉണ്ടെങ്കിൽ വിസ്തീർണ്ണം, മുതലായ വിവരങ്ങൾ ആവശ്യമാണ്. അതുകൊണ്ട് രജിസ്ട്രേഷൻ സമയത്ത് ഈ വിവരങ്ങൾ മുൻകൂട്ടി കരുതി വയ്ക്കുന്നത് നടപടികൾ എളുപ്പമാക്കും.

ആർക്കൊക്കെയാണ് അർഹതയുള്ളത്

👉 (എ) ഭൂമിയുള്ള ഭവനരഹിതര്

  1. ഒരേ റേഷന് കാര്ഡില് ഉൾപ്പെട്ടവരെ ഒറ്റകുടുംബമായി പരിഗണിച്ച് ഒരു ഭവനത്തിന് മാത്രമായി പരിഗണിക്കേണ്ടതാണ്. 2020 ഏപ്രില് 1 ന് മുമ്പ് റേഷന് കാര്ഡ് ഉളള കുടുംബം. ആ റേഷന് കാര്ഡില് ഉൾപ്പെട്ട ഒരാള്ക്കുപോലും ഭവനം ഇല്ലാത്തവരും ആകണം. (പട്ടികജാതി/പട്ടികവര്ഗ്ഗ/മത്സ്യതൊഴിലാളി വിഭാഗത്തിന് ബാധകമല്ല)
  2. സര്ക്കാര്/അര്ദ്ധസര്ക്കാര്/പൊതുമേഖല സ്ഥാപനങ്ങളില് സ്ഥിരജോലിക്കാരോ ഇത്തരം സ്ഥാപനങ്ങളില് നിന്നും പെന്ഷന് കൈപ്പറ്റുന്നവരോ ആയ അംഗങ്ങളുള്ള കുടുംബങ്ങളെ ഒഴിവാക്കേണ്ടതാണ്.
  3. വാര്ഷിക വരുമാനം മൂന്ന് ലക്ഷത്തില് കൂടുതലുള്ള കുടുംബങ്ങളെ ഒഴിവാക്കേണ്ടതാണ്.
  4. ഗ്രാമപഞ്ചായത്തുകളില് 25 സെന്റിലോ/ മുനിസിപ്പാലിറ്റി/ കോര്പ്പറേഷന് പ്രദേശത്ത് അഞ്ച് സെന്റിലേറെയോ ഭൂമി സ്വന്തമായുള്ള കുടുംബങ്ങളെ ഒഴിവാക്കേണ്ടതാണ്. (പട്ടികജാതി/പട്ടികവര്ഗ്ഗ/മത്സ്യതൊഴിലാളി വിഭാഗത്തിന് ബാധകമല്ല)
  5. ഉപജീവനത്തൊഴില് ഉപാധിയെന്ന നിലയ്ക്കല്ലാതെ നാലുചക്രവാഹനം സ്വന്തമായുള്ള കുടുംബങ്ങളെ ഒഴിവാക്കേണ്ടതാണ്.
  6. അവകാശികള്ക്ക് വസ്തുഭാഗം ചെയ്ത സാഹചര്യത്തില് സ്വന്തംപേരില് സാങ്കേതികമായി ഭൂമിയില്ല എന്ന കാരണത്താല് ഭൂരഹിതരായവര് ഒഴിവാക്കപ്പെടേണ്ടതാണ്.
  7. ജീര്ണ്ണിച്ചതും അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കാന് പറ്റാത്തതുമായ ഭവനങ്ങള് (മൺഭിത്തി / കല്ഭിത്തി, ടാര്പ്പോളിന്, ഷീറ്റ്, തടി എന്നിവ കൊണ്ട് നിര്മ്മിച്ച ഭിത്തിയുള്ളതും, ഷീറ്റ്, ഓല എന്നിവയോടുകൂടിയ മേല്ക്കൂര ഉള്ളതുമായ ഭവനങ്ങളെ ജീര്ണ്ണിച്ചതും വാസയോഗ്യമല്ലാത്തതുമായ ഭവനങ്ങള് എ വിഭാഗത്തില് പരിഗണിക്കാം). നിര്വ്വഹണ ഉദ്യോഗസ്ഥന് ആവശ്യപ്പെടുന്നപക്ഷം തദ്ദേശസ്വയംഭരണ സ്ഥാപന എന്ജിനീയര് ടി ഭവനത്തിന്റെ വാസയോഗ്യത സംബന്ധിച്ച സാക്ഷ്യപത്രം നല്കേണ്ടതാണ്.

👉 (ബി) ഭൂരഹിതര്

മുകളിലെ മാനദണ്ഡങ്ങളോടൊപ്പം താഴെ പറയുന്ന മാനദണ്ഡങ്ങള് കൂടി പരിഗണിക്കണം.

  1. റേഷന് കാര്ഡിലുളള കുടുംബങ്ങളില് ഒരാളുടെ പേരിലും 3 സെന്റില് കൂടുതല് ഭൂമി ഉണ്ടാകരുത്.
  2. പരമ്പരാഗതമായി 3 സെന്റില് കൂടുതല് ഭൂമി ലഭ്യമാകുന്ന കുടുംബാംഗങ്ങളുളള കുടുംബങ്ങളെ ഭൂരഹിതരായി പരിഗണിക്കരുത്.

👉 താഴെ പറയുന്നവർക്ക്ക്ലേശ ഘടകങ്ങള് എന്ന പേരിൽ മുൻഗണന ലഭിക്കും

  1. മാനസിക വെല്ലുവിളികള് നേരിടുന്നവരോ/ അന്ധരോ ശാരീരികത്തളര്ച്ച ബാധിച്ചവരോ ആയ കുടുംബാംഗങ്ങള് ഉള്ള കുടുംബങ്ങൾ.
  2. അഗതി /ആശ്രയ പദ്ധതിയിലെ ഗുണഭോക്താക്കൾ.
  3. 40%-ലേറെ അംഗവൈകല്യമുള്ള അംഗങ്ങള് ഉള്ള കുടുംബങ്ങള്
  4. ഭിന്നലിംഗക്കാര്
  5. ഗുരുതര/മാരക രോഗമുള്ള (കാന്സര്/ ഹൃദ്രോഗം/ കിഡ്നി തകരാറ് മുലം ഡയാലിസിസ് വിധേയരാകുന്നവര്/പക്ഷാഘാതം തുടങ്ങിയവ) അംഗങ്ങളുള്ള കുടുംബങ്ങള്
  6. അവിവാഹിതരായ അമ്മമാര് കുടുംബനാഥയായുള്ള കുടുംബങ്ങള്
  7. രോഗമോ അപകടമോ കാരണം തൊഴിലെടുത്തു ജീവിക്കാനാകാത്ത കുടുംബനാഥരായ കുടുംബങ്ങള്
  8. വിധവയായ കുടുംബനാഥയും സ്ഥിരവരുമാനമില്ലാത്ത അംഗങ്ങളുമുള്ള കുടുംബങ്ങള് (25 വയസ്സില് കൂടുതല് പ്രായമുള്ള ആൺമക്കളുള്ള വിധവകളെ പരിഗണിക്കേണ്ടതില്ല)
  9. എച്ച്.ഐ.വി ബാധിതരായ അംഗങ്ങളുള്ള കുടുംബങ്ങള്.

👉 അപേക്ഷയുടെ വിവരങ്ങൾ പിന്നീട് എങ്ങനെ അറിയാം

2020 ആഗസ്റ്റ് 17ന് അപേക്ഷകരുടെ പട്ടിക പ്രസിദ്ധീകരിക്കും. ആഗസ്റ്റ് 21 ന്അപേക്ഷകളുടെ ഫീൽഡ് തല പരിശോധന നടക്കും. പിന്നീട് ആഗസ്റ്റ് 22ന് അർഹരായവരുടെ കരട് പട്ടിക പ്രസിദ്ധീകരിക്കും. ആക്ഷേപം ഉള്ളവർക്ക് ഒന്നാം അപ്പീൽ ആഗസ്റ്റ് 22 മുതൽ 27 വരെ സമർപ്പിക്കാം; ഒന്നാം അപ്പീൽ സപ്തംബർ ഒമ്പതിന് തീർപ്പാക്കും.വീണ്ടും ആക്ഷേപം ഉള്ളവർക്ക് രണ്ടാം അപ്പീൽ സപ്തംബർ 11 മുതൽ 19 വരെ സമർപ്പിക്കാം. സെപ്റ്റംബർ 26ന് രണ്ടാം അപ്പീലും തീർപ്പാക്കും. സെപ്റ്റംബർ 19ന് തദ്ദേശസ്ഥാപന യോഗവും ഗ്രാമസഭ അംഗീകാരവും തേടി സപ്തംബർ 30ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും എന്നതാണ് ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ പുറത്തിറക്കിയിട്ടുള്ള ഉത്തരവിലും മാർഗരേഖയിലും സൂചിപ്പിക്കുന്നത്.

അഡ്വ .ഷെറി ജെ തോമസ് ,കൊച്ചി

Share News