തദ്ദേശ തെരഞ്ഞെടുപ്പ്: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം നിരോധിച്ചു

Share News

തിരുവനന്തപുരം:

തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം നിരോധിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവിറക്കിയത്. ഇതുസംബന്ധിച്ച്‌ ചീഫ് സെക്രട്ടറിക്കും വകുപ്പ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഏപ്പോള്‍ നടത്താനും സന്നദ്ധമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതില്‍ അറിയിച്ചു.

എത്ര ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തിയാലും സുരക്ഷ ഒരുക്കാന്‍ തയ്യാറാണെന്ന് സംസ്ഥാന പൊലീസ് മേധാവി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. വോട്ടെടുപ്പിന് തൊട്ട് മുന്‍പ് കോവിഡ് വരുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള ക്രമീകരണം ആരോഗ്യവകുപ്പ് ഡയറക്ടറുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. ചീഫ് സെക്രട്ടറിയുമായി ബുധനാഴ്ച കമ്മീഷന്‍ കൂടിക്കാഴ്ച നടത്തും. അതിന് ശേഷമാകും തിയതി സംബന്ധിച്ച തീരുമാനം എടുക്കുക.

ഡിസംബര്‍ 31 നകം പുതിയ ഭരണസമിതി നിലവില്‍ വരുമെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് രോഗികള്‍ക്ക് തപാല്‍ വോട്ട് ബാധകമാക്കിയിട്ടുണ്ടെങ്കിലും അവസാനം സമയം രോഗം വരുന്നവര്‍ക്ക് എങ്ങനെ വോട്ട് ചെയ്യാമെന്ന ആശയക്കുഴപ്പമുണ്ട്. ഇത് പരിഹരിക്കാനാണ് ആരോഗ്യവകുപ്പുമായി വീണ്ടും ചര്‍ച്ച. ഇതിനിടെ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന പിസി ജോര്‍ജിന്റെ ഹര്‍ജിയിലാണ് തെരഞ്ഞെടുപ്പിന് സജ്ജമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കിയത്. ഹര്‍ജി ഹൈക്കോടതി ഉത്തരവിനായി മാറ്റി.

Share News