
ലോകരാജ്യങ്ങള്‍ ശ്രമിക്കുന്ന നേട്ടം കേരളം കൈവരിച്ചു: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനയില്‍ പോസിറ്റീവാകുന്നവരുടെ തോത് ദേശീയ ശരാശരിയേക്കാള്‍ താഴെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.രോഗം ബാധിച്ചവരില്‍നിന്ന് മറ്റാളുകളിലേക്ക് പടരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അതിനാണ് ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുന്നത്. ഐസിഎംആര്‍ നിര്‍ദേശം അനുസരിച്ച് പരിശോധന വേണ്ടവരെയെല്ലാം കേരളത്തില്‍ പരിശോധിക്കുന്നുണ്ട്. പരിശോധന സംബന്ധിച്ച് കൃത്യമായ പദ്ധതി തയാറാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് പരിശോധിക്കുന്ന 100 പേരില്‍ 1.7 ശതമാനം പേര്‍ക്ക് മാത്രമാണ് കോവിഡ് പോസിറ്റീവാകുന്നത്. എന്നാല്‍ ദേശീയ ശരാശരി അഞ്ചുശതമാനമാണ്. ഇക്കാര്യത്തില്‍ കൊറിയയെയാണ് എല്ലാ ലോകരാജ്യങ്ങളും മാതൃകയാക്കുന്നത്. കൊറിയയിലേതുപോലെ രണ്ടു ശതമാനത്തില്‍ താഴെ ആകാനാണ് ലോകരാജ്യങ്ങള്‍ ശ്രമിക്കുന്നത്. കേരളം അതു കൈവരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ മരണനിരക്കും ദേശീയ ശരാശരിയേക്കാള്‍ താഴെയാണ്.സംസ്ഥാനത്തെ സിഎഫ്ആര്‍ 0.5 ശതമാനമാണ്. ടിപിആറും മരണനിരക്കും ഉയര്‍ന്നു നില്ക്കുന്നു എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് പരിശോധനയുടെ കുറവിനെയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.ഇവിടെ നേര്‍വിപരീതമാണ്. സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനവും കാര്യക്ഷമമായ കോണ്ടാക്ട് ട്രേസിംഗുമാണ് ഈ നേട്ടത്തിന് ആധാരം.
സംസ്ഥാനത്ത് വിവിധ തലങ്ങളില്‍ 80091 കോവിഡ് ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്. 10 ലക്ഷത്തില്‍ 2,335 ടെസ്റ്റ് എന്നതാണ് നമ്മുടെ കണക്ക്. കേരളത്തില്‍ 71 ടെസ്റ്റ് നടത്തുന്പോള്‍ ഒരാളെ പോസിറ്റീവായി കണ്ടെത്തുന്നു. രാജ്യത്ത് 23-ന് ഒന്നാണു തോത്. ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണു കേരളത്തിന്റെ ടെസ്റ്റിന്റെ തോതെന്നും ടെസ്റ്റുകളുടെ എണ്ണത്തില്‍ സംസ്ഥാനം മുന്നേറ്റം കാഴ്ചവെച്ചതായും മുഖ്യമന്ത്രി പറഞ്ഞു.