
മത്തായിയുടെ കുടുംബത്തിന് നീതി ലഭിക്കണം: കേരളാ കൗൺസിൽ ഓഫ് ചർച്ചസ്
തിരുവല്ല: ചിറ്റാറിൽ വനപാലകരുടെ കസ്റ്റഡിയിൽ ജീവൻ നഷ്ടമായ മത്തായിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നും മത്തായിയുടെ കൊലപാതകം കാരണം അനാഥരായ അമ്മയും ഭാര്യയും കുഞ്ഞുങ്ങളും വിധവയായ സഹോദരിയും വികലാംഗയായ സഹോദരിയും ഉൾപ്പെടെയുള്ള കുടുംബത്തിന്റെ തുടർന്നുള്ള സന്ധരണത്തിനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും മത്തായിയുടെ വിധവയ്ക്കു സർക്കാർ ജോലി നൽകണമെന്നും കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ആവശ്യപ്പെട്ടു.
കൊലപാതകത്തിൽ നീതിപൂർവകമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു കെ.സി.സി.യുടെ നിവേദനം മുഖ്യമന്ത്രിക്കു നൽകി. കസ്റ്റഡിയിൽ എടുത്ത വ്യക്തിയുടെ ജീവൻ നഷ്ടമായത് വനപാലകരുടെ പാളിച്ചയാണ്. കസ്റ്റഡി മരണങ്ങളിൽ പലപ്പോഴും അന്വേഷണഉദ്യോഗസ്ഥർ കാട്ടുന്ന അലംഭാവം ഈ കേസിൽ ഉണ്ടാകാതിരിക്കുവാൻ സർക്കാർ ശ്രദ്ധിക്കണം. യൂണിഫോമിനുള്ളിലെ ക്രിമിനലുകളുടെ എണ്ണം വർദ്ധിച്ചു വരുന്നത് ആശങ്കജനകമാണെന്നും ഇപ്രകാരമുള്ളവരെ സർവീസിൽ നിന്നുതന്നെ പുറത്താക്കുവാനുള്ള നിയമ നടപടികൾ ഉണ്ടാകണമെന്നും കെ.സി.സി പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മൻ ജോർജ്ജ്, വൈസ് പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, ജനറൽ സെക്രട്ടറി അഡ്വ. പ്രകാശ് പി.തോമസ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, അഡ്വ. പ്രകാശ് പി.തോമസ്, കെ.സി.സി.കമ്മ്യുണിക്കേഷൻ കമ്മീഷൻ ചെയർമാൻ വർഗീസ് പോത്തൻ എന്നിവർ മത്തായിയുടെ ഭവനം സന്ദർശിച്ചു കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.