
കുടിയേറ്റ കർഷകർക്ക് കുഞ്ഞാക്കയെ കുറിച്ചുള്ള ഓർമ്മകൾ നിരവധിയാണ്.|നിലമ്പൂരിന്റെ പ്രിയപ്പെട്ട “കുഞ്ഞാക്കക്ക് ” വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഔദ്യോഗിക യാത്രയയപ്പ് നൽകി.
“ആര്യാടൻ മുഹമ്മദിന്
നിലമ്പൂരിന്റെ യാത്രാമൊഴി”


നിലമ്പൂരിന്റെ പ്രിയപ്പെട്ട “കുഞ്ഞാക്കക്ക് ” വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഔദ്യോഗിക യാത്രയയപ്പ് നൽകി.

മതേതരത്വം സംരക്ഷിക്കാൻ വിട്ടുവീഴ്ചയില്ലാതെ നിലപാട് എടുത്ത മലപ്പുറം ജില്ലയിലെ കോൺഗ്രസിന്റെ അമരക്കാരൻ ഇനി ഓർമ്മയായി . കോൺഗ്രസിൽ ഗ്രൂപ്പ് ശക്തമായ ഘട്ടത്തിൽ “എ” കോൺഗ്രസ് എന്നാൽ നിലമ്പൂര്കാർക്ക് അന്നും ഇന്നും ‘ആര്യാടൻ കോൺഗ്രസ് ” ആയിരുന്നു എന്ന് സാധാരണ പറയാറുണ്ട്.

ഒരു കാലത്ത് നിലമ്പൂരിലെ പോലീസും, കോടതിയും എല്ലാം കുഞ്ഞാക്കയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം നിലമ്പൂര്കാരെ സംബന്ധിച്ച് ഒരോരുത്തർക്കും വ്യക്തിപരമായ നഷ്ടമാണ്.

കുടിയേറ്റ കർഷകർക്ക് കുഞ്ഞാക്കയെ കുറിച്ചുള്ള ഓർമ്മകൾ നിരവധിയാണ്. ഒരോ പ്രദേശത്തുള്ള പ്രവർത്തകരെയും പേരെടുത്ത് വിളിച്ച് സംസാരിക്കാൻ കഴിവുള്ള ഒരാൾ. ഒരു പ്രശ്നത്തിൽപ്പെട്ട് അഭയം ചോദിച്ചാൽ രാഷ്ട്രീയ ഭേദമന്യെ സംരക്ഷിക്കുമായിരുന്നു. നിലമ്പൂർക്കാർക്ക് തറവാട് വീട് പോലെയായിരുന്നു ആര്യാടൻ ഹൗസ്.

ഇന്നലെ ഒരു പത്രത്തിൽ സ. ടി.കെ. ഹംസയുടെ അനുസ്മരണത്തിൽ കുഞ്ഞാക്കയുമായുള്ള ആ തെരഞ്ഞെടുപ്പ് വിജയം പരാമർശിക്കുന്നതിൽ ഒരു കുറ്റബോധം നിഴലിക്കുന്നില്ലേ എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ സാധിക്കില്ല. കാരണം എതിരാളികൾ പോലും ബഹുമാനിക്കുന്ന ഉറച്ച നിലപാടിന്റെ വക്താവായിരുന്നു അദ്ദേഹം.
ആ വിരലുകൾക്കിടയിൽ എപ്പോഴും എരിയുന്ന 555 സിഗരറ്റും , ഇടക്കിടക്ക് സംസാരത്തിനിടയിൽ കോളർ ഉയർത്തി പിന്നിലേക്ക് വെക്കുന്ന രീതിയും നിലമ്പൂർക്കാർ ഒരിക്കലും മറക്കില്ല.
ക്രിസ്ത്യാനികൾക്കിടയിൽ പ്രത്യേകിച്ച് കത്തോലിക്കർക്കിടയിൽ സുസ്സമ്മതനായിരുന്നു കുഞ്ഞാക്ക .
കുടിയേറ്റ കർഷകർക്ക് വേണ്ടി ശക്തമായ നിലപാട് എടുത്തയാൾ. ശ്രീ. ആര്യാടൻ മുഹമ്മദ് എന്ന വ്യക്തി കഴിവുറ്റ നിയമസഭാ സമാജികനും, രാജ്യത്തെ കോൺഗ്രസിന്റെ കരുത്തുറ്റ നേതാക്കളിൽ ഒരാളായിരുന്നു.
നിലമ്പൂരിനെ, നിലമ്പൂർ കാടുകൾ എന്ന് അറിയപ്പെട്ടിരുന്ന കാലഘട്ടത്തിൽ നിന്ന് വികസനത്തിലൂടെ നാടിനെക്കാൾ വിപണി മൂല്യത്തിൽ ഉയർത്തി കൊണ്ടുവന്നതിൽ ശ്രീ. ആര്യാടൻ മുഹമ്മദ് വഹിച്ച പങ്ക് വലുതാണ്.
റോഡുകളും പാലങ്ങളുമായി നാടിന്റെ മുക്കും മൂലയും പരസ്പരം ബന്ധിപ്പിച്ചത്, നിലനിർത്തി സംരക്ഷിക്കേണ്ട ചുമതലയേ ഇനിയുള്ളവർക്കൊള്ളു എന്നത് ഒരു യഥാർത്ഥ്വമാണ്.
അദ്ദേഹത്തിന്റെ വിയോഗത്തോടെ ഒരു ചരിത്രം പൂർണ്ണമാകുകയാണ്. വർഗ്ഗീയതക്ക് എതിരെ എന്നും നിലനിന്ന അദ്ദേഹത്തിന്റെ ജീവിത രീതി മത നിരപേക്ഷതയുടെയായിരുന്നു. വായനയിലൂടെ സ്വായത്തമാക്കിയ അറിവ് ആരെയും അദ്ഭുതപ്പെടുത്തുമായിരുന്നു.
ഏത് വിഷയങ്ങളിലും അദ്ദേഹത്തിന് അഗാധജ്ഞാനം ഉണ്ടായിരുന്നു.
കേരളം കണ്ട ഏറ്റവും നല്ല ഒരു നിയമസഭാ സാമാജികനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടത് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ മനസ്സിലാകും അദ്ദേഹത്തിന്റെ പ്രസക്തി.










ഒരു നിലമ്പൂർക്കാരൻ എന്ന നിലയിലും, ഒരു കൂടിയേറ്റ കർഷകൻ എന്ന നിലയിൽ എന്റെ പിതാവിന് അദ്ദേഹത്തോട് ഉണ്ടായിരുന്ന വ്യക്തിപരമായ ബന്ധം ഞാനും തുടർന്നിരുന്നു.


ഏത് സമയത്തും ആർക്കും ഏപ്പോഴും സമീപിക്കാമായിരുന്ന ഒരു ജനകീയ നേതാവായിരുന്നു അദ്ദേഹം. അത് കൊണ്ട് തന്നെയാണ് ജില്ല കണ്ടതിൽ വച്ച് ഏറ്റവും വലിയ ജനാവലി അദ്ദേഹത്തിന്റെ അന്തിമ യാത്രക്ക് എത്തിയത്.





നിലമ്പൂർ തേക്കിനോളം കാതലും കരുത്തും ഉള്ള ഒരു വൻമരമായിരുന്നു മലബാറിൽ ആര്യാടൻ മുഹമ്മദ് എന്ന നേതാവ്, അതുകൊണ്ട് നിലമ്പൂർക്കാർ അഭിമാനപൂർവ്വം കുഞ്ഞാക്കയെ മലബാറിന്റെ സുൽത്താൻ എന്ന് വിളിക്കാറുണ്ട്. അദ്ദേഹത്തിന്റെ ദീപ്ത സ്മരണക്ക് മുമ്പിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നു.

അഡ്വ. ഡാൽബി ഇമ്മാനുവൽ
ഹൈക്കോടതി അഭിഭാഷകൻ