വിശുദ്ധി എല്ലാവര്‍ക്കുമുള്ളതാണ്. അതൊരു കാര്‍ലോക്കോ ഒരു പാദ്രേപിയോക്കോ ജോണ്‍പോള്‍ രണ്ടാമനോ മാത്രമുള്ളതല്ല. നമ്മുടെയെല്ലാം ജീവിതങ്ങള്‍ക്ക് ഒരു പ്രത്യേക നിയോഗമുണ്ട്. -വിശുദ്ധന്‍റെ അമ്മ

Share News

വിശുദ്ധന്‍റെ അമ്മ കേരളത്തോട് ആദ്യമായി സത്യ ദീപത്തിൽ

സോഷ്യല്‍ മീഡിയയുടെ മദ്ധ്യസ്ഥനെന്ന ഓമനപ്പേരോടെ യുവജനങ്ങള്‍ ഏറ്റെടുത്ത ദൈവദാസന്‍ കാര്‍ലോ അക്കൂത്തിസ് വൈകാതെ കത്തോലിക്കാസഭയില്‍ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടാന്‍ ഇരിക്കെയാണ് കേരളത്തില്‍ അപരിചിതനായ വിശുദ്ധനെക്കുറിച്ചുള്ള ഹ്രസ്വവീഡിയോ എറണാകുളം- അങ്കമാലി മതബോധന വിഭാഗം വഴിവിളക്ക് എന്ന പേരില്‍ സമൂഹ മാധ്യമത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ അവതരിപ്പിച്ചത്.

2006-ല്‍ മരിച്ച വിശുദ്ധന്‍റെ ജീവിക്കുന്ന അമ്മ ഇറ്റലിയിലെ മിലാനില്‍ നിന്നുള്ള അന്തോണിയ അക്കൂത്തിസ് സല്‍സാനോ അന്നേദിവസം തന്നെ ഈ വീഡിയോ കാണുകയും തന്‍റെ പ്രതികരണവും അഭിനന്ദനവും അറിയിച്ചുകൊണ്ട് കാറ്റക്കിസം ഡിപാര്‍ട്മെന്‍റിന് ഒരു വീഡിയോ അയക്കുകയും ചെയ്തു. ഒരുപക്ഷേ ഇന്ത്യയില്‍ ആദ്യമായി ആയിരിക്കും ഈ വിശുദ്ധന്‍റെ അമ്മ ഇവിടെ ഒരു മാധ്യമത്തോട് സംവദിക്കുന്നത്.

“നിങ്ങള്‍ അവതരിപ്പിച്ച വീഡിയോ ഞാന്‍ കാണാനിടയായി. അത് വളരെ നന്നായിരിക്കുന്നു. എല്ലാവര്‍ക്കും പ്രത്യേകം നന്ദി പറയുന്നു. കാര്‍ലോയുടെ ജീവിത സന്ദേശം ഒരുപാട് യുവജനങ്ങളിലേക്കെത്താന്‍ ഇത് സഹായകമാകും. എല്ലാത്തിനുമുപരിയായി ക്രിസ്തുവിനെ സ്നേഹിക്കാനുള്ള സന്ദേശമാണത്. അതാണ് അവന്‍റെ ജീവിതം കൊണ്ട് അവന്‍ ചെയ്തതും.

അനുദിന ജീവിതത്തില്‍ ദിവ്യകാരുണ്യഈശോയുടെ സാനിദ്ധ്യം നിറയ്ക്കുക. ഈ കാലഘട്ടത്തിലെ ഏതൊരു കുഞ്ഞിന്‍റെയും പോലെ സര്‍വസാധാരണമായൊരു ജീവിതമായിരുന്നു അവന്‍റേത്. പക്ഷേ അതിന്‍റ കേന്ദ്രസ്ഥാനത്ത് ക്രിസ്തു ഉണ്ടായിരുന്നെന്നു മാത്രം. അവന്‍ എല്ലാവരെയും ഒത്തിരി സ്നേഹിച്ചിരുന്നു. നിങ്ങളെല്ലാവരും കാര്‍ലോയെ ഇഷ്ടപ്പെടുന്നുവെന്നും അവന്‍റെ മാതൃകയെ അനുകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും എനിക്കറിയാം പക്ഷേ എനിക്ക് നിങ്ങളോട് പറയുവാനുള്ളത് നമ്മളെല്ലാം ജനിക്കുന്നത് നമ്മുടേതായ നൈസര്‍ഗീകതയോടെയാണ് പക്ഷേ മരിക്കുമ്പോള്‍ പലരും ഫോട്ടോകോപ്പികള്‍ മാത്രമായി തീര്‍ന്നിട്ടുണ്ടാവും.

വിശുദ്ധി എല്ലാവര്‍ക്കുമുള്ളതാണ്. അതൊരു കാര്‍ലോക്കോ ഒരു പാദ്രേപിയോക്കോ ജോണ്‍പോള്‍ രണ്ടാമനോ മാത്രമുള്ളതല്ല. നമ്മുടെയെല്ലാം ജീവിതങ്ങള്‍ക്ക് ഒരു പ്രത്യേക നിയോഗമുണ്ട്. കാര്‍ലോക്ക് അത് ദിവ്യകാരുണ്യമായിരുന്നു. വി.കുര്‍ബാന സ്വര്‍ഗ്ഗത്തിലേക്കുള്ള ഹൈവേ ആണെന്ന് അവന്‍ കൂടെക്കൂടെ പറഞ്ഞിരുന്നു. കൂദാശകളില്‍ അധിഷ്ഠിതമായ അവന്‍റെ ലളിതജീവിതം അനുകരിക്കാന്‍ വളരെ എളുപ്പമുള്ളതാണ്. പോപ്പ് ഫ്രാന്‍സിസ് ബ്യൂണസ് അയേഴ്സില്‍ ആര്‍ച്ചുബിഷപ്പായിരിക്കുമ്പോള്‍ അവിടെ നടന്നതുള്‍പ്പെടെയുള്ള ഈ നൂറ്റാണ്ടിലെ പല ദിവ്യകാരുണ്യ അത്ഭുതങ്ങളും സൂചിപ്പിക്കുന്നത് ലോകാവസാനം വരെ ക്രിസ്തു എന്നും നമ്മുടെ കൂടെയുണ്ട് എന്നുള്ളതാണ്. വിശുദ്ധിയുടെ കേന്ദ്രം ദിവ്യകാരണ്യമാണെന്ന് കാര്‍ലോ തിരിച്ചറിഞ്ഞിരുന്നു.

കമ്പ്യൂട്ടറില്‍ മികവുള്ളവനായിരുന്നു കാര്‍ലോ. സുവിശേഷം പകരാന്‍ അവന്‍ അതുപയോഗിക്കുകയും ചെയ്തു. കാര്‍ലോയെപ്പോലെ ആവുക, നിങ്ങള്‍ക്കോരുത്തര്‍ക്കും ജന്മസിദ്ധമായുള്ള നൈസര്‍ഗീകത നഷ്ടപ്പെടുത്താതെ തന്നെ. അവന്‍റെ നാമകരണത്തിനുവേണ്ടിയും അവനോട് പ്രാര്‍ത്ഥനാ സഹായം ചോദിക്കുന്ന എല്ലാവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുക. എന്നെയും നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുമല്ലോ” 

ഇതായിരുന്നു അന്തോണിയയുടെ പ്രതികരണം

വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

പതിവ് വിശുദ്ധ മാതൃകളില്‍ നിന്നെല്ലാം വ്യത്യസ്തമായി കമ്പ്യുട്ടര്‍ ഉപയോഗിച്ച, സോഷ്യല്‍ മീഡിയ അക്കൗണ്ടുണ്ടായിരുന്ന, ഡാന്‍സ് ചെയ്യുകയും, പാട്ടുപാടുകയും, വീഡിയോഗ്രഫി ഇഷ്ടപ്പെടുകയും, ചുള്ളനായി ട്രിപ്പുകള്‍ നടത്തുകയും ചെയ്ത ഈ നൂറ്റണ്ടാലെ ഏതൊരു കുട്ടിയെയും പോലെ ജീവിച്ച കാര്‍ലോ അക്കുത്തിസ് ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക് എളുപ്പം മനസിലാക്കാനും അനുകരിക്കാനും തങ്ങളെത്തന്നെ തിരിച്ചറിയാനും സഹായിക്കുന്ന മാതൃകയാണെന്ന് കണ്ടതിനാലാണ് എറണാകുളം അങ്കമാലി അതിരൂപതയുടെ മതബോധനവിഭാഗം വിശുദ്ധരെ പരിചയപ്പെടാം എന്ന ഉപപാഠാവലിയുടെ ഭാഗമായി ‘വഴിവിളക്ക്’ എന്ന യുട്യൂബ് വീഡിയോ പുറത്തിറക്കിയത്. ഇന്നത്തെ കുഞ്ഞുങ്ങളുടെ സ്വാഭാവിക പ്രവണതകളുടെ അകമ്പടിയോടെ തന്നെ അവതരിപ്പിച്ചതിനാല്‍ അനായാസമായി കാര്‍ലോ അക്കൂത്തിസിന്‍റെ ജീവിതം അവരിലേക്ക് എത്തി എന്നതിന്‍റെ തെളിവാണ് സോഷ്യല്‍ മീഡിയിയില്‍ ഈ വിഡിയോക്ക് ലഭിച്ച സ്വീകാര്യത.

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ വീട്ടിലിരുന്നുകൊണ്ട് തന്നെ വിശ്വാസ പരിശീലനം മികവുറ്റതാക്കാനുള്ള ഒട്ടനവധി ക്ലാസുകളും വീഡിയോകളും നല്കുന്ന  catechismernakulam എന്ന യൂട്യൂബ് ചാനലിന് നേതൃത്വം നല്കുന്നത് റവ.ഡോ. പീറ്റര്‍ കണ്ണമ്പുഴ (ഡയറക്ടര്‍). ഫാ. ഡിബിന്‍ മീമ്പന്താനത്ത് (അസി.ഡയറക്ടര്‍) എന്നിവരടങ്ങിയ മതബോധന വിഭാഗമാണ്.

കടപ്പാട്‌ സത്യദീപം ,മതബോധന വിഭാഗം

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു