
അതിര്‍ത്തിയില്‍ സ്ഥിതിഗതികളെല്ലാം നിയന്ത്രണവിധേയം: കരസേനാ മേധാവി മുകുന്ദ് നരവാനെ
ന്യൂഡല്‍ഹി:ഇന്ത്യ-ചൈന അതിര്‍ത്തിയിലെ മുഴുവന്‍ സാഹചര്യങ്ങളും നിയന്ത്രണവിധേയമാണെന്നും ഉഭയകക്ഷി സംഭാഷണങ്ങള്‍ വഴി എല്ലാ തർക്കങ്ങളും പരിഹരിക്കപ്പെടുമെന്നും ചീഫ് കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ.സൈനിക മേധാവികള്‍ തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്ന് സൈനികര്‍ പിന്മാറിയിട്ടുണ്ടെന്നും കരസേനാ മേധാവി പറഞ്ഞു.
ചൈനയുമായുള്ള ഞങ്ങളുടെ അതിര്‍ത്തിയിലെ മുഴുവന്‍ സാഹചര്യങ്ങളും നിയന്ത്രണത്തിലാണെന്ന് ഞാന്‍ ഉറപ്പുതരുന്നു. കോര്‍പ്സ് കമാന്‍ഡര്‍ ലെവല്‍ ടോക്കുകള്‍ വഴി നിരവധി സംഭാഷണങ്ങള്‍ ഞങ്ങള്‍ നടത്തുന്നുണ്ട്. ‘നിരന്തരമായ ചര്‍ച്ചകളിലൂടെ ഇന്ത്യയും ചൈനയുമായുള്ള വിവിധ വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടും പ്രശ്നങ്ങള്‍ക്ക് വിരാമമാകും എല്ലാം നിയന്ത്രണ വിധേയമാകും.’ കരസേനാ മേധാവി അറിയിച്ചു.
കിഴക്കന്‍ ലഡാക്കിലെയും സിക്കിം, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ്, എന്നിവിടങ്ങളിലെയും ഇന്ത്യയുടെ മൊത്തത്തിലുള്ള സൈനിക തയ്യാറെടുപ്പുകള്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സംിഗ് വെള്ളിയാഴ്ച അവലോകനം ചെയ്തിരുന്നു. ഇന്ത്യ-ചൈനീസ് കമാന്‍ഡര്‍മാര്‍ തമ്മില്‍ അവസാന റൗണ്ട് ചര്‍ച്ചകളും നടത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
മേയ് മാസത്തിന്റെ തുടക്കം മുതലാണ് പാങ്കോംഗ് തടാക മേഖലയില്‍ ഏറ്റുമുട്ടലും ചൈനീസ് കടന്നുകയറ്റവും ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നത്. പിന്നാലെ അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും സൈനിക ശക്തി വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.