തൃശൂരിൻ്റെ ഇടയർക്ക് നവതിയു० സപ്തതിയു०

Share News

തൃശൂര്‍ അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന് ഡിസംബര്‍ പതിമൂന്നിന്
എഴുപതാം പിറന്നാള്‍. പതിമൂന്നു വര്‍ഷമായി അതിരൂപതയെ നയിക്കുകയാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. സുവിശേഷ പ്രഘോഷണമാണ് ഇഷ്ടപ്പെട്ട ജോലി. വൈദികനാകാന്‍ സാധിച്ചതാണ് ജീവിതത്തിലെ ഏറ്റവു വലിയ സന്തോഷമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറയുന്നു.


ആര്‍ച്ച്ബിഷപ് മാര്‍ താഴത്തിന് സപ്തതിയുടെ തുടക്കമാണെങ്കില്‍ ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴിക്ക് ഇതേദിവസം നവതിയുടെ സമാപനമാണ്. 90 വയസ് പൂര്‍ത്തിയാക്കിയ അദ്ദേഹം തൃശൂരില്‍തന്നെ വിശ്രമത്തിലാണ്.


ഇക്കുറി പിറന്നാള്‍ ആഘോഷം വേണ്ടെന്നാണ് ആര്‍ച്ച്ബിഷപ്പിന്റെ തീരുമാനം. കോവിഡ് സമ്പര്‍ക്കം കാരണം ക്വാറന്റീനില്‍ കഴിയുകയാണ്. പിറന്നാള്‍ ദിനത്തില്‍ വിശ്വാസികള്‍ക്ക് നേരിട്ട് ആശംസകള്‍ അറിയിക്കാനും നിര്‍വാഹമില്ല.


1951 ഡിസംബര്‍ 13 ന് പുതുക്കാട് താഴത്തു വീട്ടില്‍ അന്തപ്പായി, റോസ ദമ്പതികളുടെ ഏഴു മക്കളില്‍ അഞ്ചാമനായി ജനിച്ചു. 1977 മാര്‍ച്ച് 14ന് മാര്‍ ജോസഫ് കുണ്ടുകുള० പിതാവിന്റെ കൈവയ്പ് ശുശ്രൂഷയിലൂടെ വൈദികപട്ടം സ്വീകരിച്ചു. വിവിധ ദേവാലങ്ങളില്‍ സഹവികാരി, വികാരി ചുമതലയില്‍ പ്രവര്‍ത്തിച്ചു. റോമില്‍നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. പത്തു വര്‍ഷം സിറോ മലബാര്‍ സഭയുടെ
ചീഫ് ജസ്റ്റിസായി സേവനം അനുഷ്ഠിച്ചു.


2004 ല്‍ തൃശൂര്‍ അതിരൂപതയുടെ സഹായമെത്രാനായി നിയമിക്കപ്പെട്ടു. 2007ല്‍അതിരൂപത അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നെ, ഇത്രയും നാള്‍ ആത്മീയ ചൈതന്യത്തോടെ അതിരൂപതയെ നയിക്കുന്നു. അതിരൂപതയുടെ മൂന്നാമത്തെ ആര്‍ച്ച്ബിഷപ്പാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. സി.ബി.സി.ഐ വൈസ് പ്രസിഡന്റായി രണ്ടു
തവണ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കെ.സി.ബി.സിയുടെ പ്രസിഡന്റ്, സെക്രട്ടറി പദവികള്‍ വഹിച്ചു.
തൃശൂരിന്റെ പ്രിയപ്പെട്ട ആഘോഷമായ ബോണ്‍ നത്താലെ 2013ല്‍ തുടങ്ങി.

തൃശൂര്‍ പൗരാവലിയുമായി സഹകരിച്ചാണ് ഈ ആഘോഷം തുടങ്ങിയത്. ക്രിസ്മസ്പാപ്പാമാരുടെ സംഗമം ലോകശ്രദ്ധ നേടി. ഇതൊരു കരുണയുടെ ആഘോഷംകൂടിയാണ്. തൃശൂരിന്റെ മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാന്‍ എല്ലായ്‌പ്പോഴും ജാഗ്രത പുലര്‍ത്തി. തൃശൂര്‍പൂരത്തിന്റെ തലേന്ന് തിരുമ്പാടി, പാറമേക്കാവ് ദേശക്കാരെ മുടങ്ങാതെ കാണാന്‍ പോകുമായിരുന്നു. ദേശക്കാര്‍ക്ക് പുരാശംസകള്‍ നേര്‍ന്നാണ് മടങ്ങാറുള്ളത്. നിയമങ്ങളില്‍ കുരുങ്ങി പൂരം പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം പൂരത്തിനു വേണ്ടി നിലപാടെടുത്തു.


നാടു കണ്ട ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങള്‍ക്കൊപ്പം നിന്നു. പ്രളയ സമയത്തു ലോറിയില്‍ കയറി ആളുകളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങി. പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കു ഭവന നിര്‍മാണത്തിനായി അഞ്ചേക്കര്‍ സ്ഥലം സര്‍ക്കാരിന് വിട്ടുകൊടുത്തു. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകം ശ്രദ്ധപുലര്‍ത്തിയ ഇടയനാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ബോണ്‍ നത്താലെയുമായി ബന്ധപ്പെട്ട് നിരവധി കുടുംബങ്ങള്‍ക്ക് സഹായഹസ്തം നീട്ടി. സഭ പ്രതിസന്ധിയിലായപ്പോഴെല്ലാം മുന്നില്‍ നിന്ന് പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചു. കക്ഷിഭേദമെന്യേ എല്ലാ രാഷ്ട്രീയ നേതാക്കളുമായി ഊഷ്മളബന്ധം പുലര്‍ത്തി വരുന്നു.


ആത്മീയ ഉണര്‍വ് പകരുന്ന പതിമൂന്നു പുസ്തകങ്ങള്‍ പുറത്തിറക്കി. കാനന്‍ നിയമത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ്. ദീര്‍ഘവീക്ഷണത്തോടെ അതിരൂപതയെ നയിക്കാന്‍ കഴിഞ്ഞതിന്റെ ആത്മസംതൃപ്തിയിലാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്.
ഡിസ०ബർ പതിമൂന്നിനു തന്നെ ജന്മദിനമാഘോഷിക്കുന്ന ആർച്ച്ബിഷപ്പ് എമരിറ്റസ് മാർ ജെക്കബ് തൂങ്കുഴി നവതിയുടെ നിറവിലാണ്. 10 വർഷക്കാലത്തെ അജപാലനശുശ്രൂഷയ്ക്കിടെ തൃശൂരിനു മികവുറ്റ സ०ഭാവനകൾ സമ്മാനിച്ച തൂങ്കുഴി പിതാവ് പുഞ്ചിരികൊണ്ട് ജനഹൃദയങ്ങൾ തൊട്ട അതുല്യ പ്രതിഭയാണ്. പാലയൂർ മഹാതീർഥാടന०, മേരി മാത മേജർ സെമിനാരി, ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, ജ്യോതി എൻജിനീയറിങ് കോളേജ്, മഹാജൂബിലി ബിഎഡ് കോളേജ് എന്നിവ തൂങ്കുഴി പിതാവിൻ്റെ കൈയൊപ്പോടെ തുടക്ക० കുറിച്ചവയാണ്.


നവതിയു० സപ്തതിയു० ആഘോഷിക്കുന്ന തൃശ്ശൂരിൻ്റെ ഇടയർക്ക് അതിരൂപത കുടുംബത്തിൻ്റെ പ്രാർത്ഥനാശംസകളും മംഗളങ്ങളും നേരുന്നു.


ഫാ. നൈസൺ ഏലന്താനത്ത്
തൃശൂർ അതിരൂപത പിആർഒ

Share News