
പുതിയ സ്ക്കൂൾ വിദ്യാഭ്യാസ നയം – ഇറ്റ്സ് ബിറ്റ് കോംപ്ലിക്കേറ്റഡ്.
കഴിഞ്ഞ ദിവസം പുതിയ വിദ്യാഭ്യാസ നയത്തിലെ ഉന്നത വിദ്യാഭ്യാസത്തെ കുറിച്ച് എഴുതിയിരുന്നു..
അത് കൊള്ളാം എന്ന ഫീലാണ് പങ്കുവച്ചത്, ഇംപ്ലിമെൻ്റേഷൻ മാത്രം ശ്രദ്ധിച്ചാൽ മതി എന്നാണ് പറഞ്ഞ് വച്ചത്. പക്ഷെ, സ്ക്കൂൾ വിദ്യാഭ്യാസത്തെ കുറിച്ചുള്ള നിർദ്ദേശങ്ങൾ (പാർട്ട് 1, ഒന്നു മുതൽ ഒൻപതു വരെ നമ്പറുകൾ), അൽപം കോംപ്ലിക്കേറ്റഡ് ആണെന്നാണ് എൻ്റെ ചിന്ത.
ഒത്തിരി നന്മയുണ്ട്, നാം സാധാരണ ശ്രദ്ധിക്കാത്ത കാര്യങ്ങൾ വരെ സൂക്ഷ്മതയോടെ ഡീൽ ചെയ്തിട്ടുണ്ട്. പക്ഷെ അനിതര സാധാരണമായ സ്ട്രക്ച്ചറൽ ചേഞ്ചസും മൾപ്പിൾ ഹയരാർക്കിയിലുള്ള അഡ്മിനിസ്ട്രേറ്റീവ് സ്ട്രക്ച്ചറും കൂടെ കുഴഞ്ഞ് ഒരവിയൽ പരുവത്തിലായോ എന്ന് സംശയം. കൂടാതെ, പ്രത്യേക പ്രത്യയശാസ്ത്രങ്ങൾ കുത്തിത്തിരുകാനും, സ്ഥാപനങ്ങളുടെ നിയന്ത്രണം കൈമാറ്റം ചെയ്യപ്പെടാനുമുള്ള ഒത്തിരി ലൂപ്പ് ഹോളുകളുമില്ലേ എന്ന് സംശയം. ഇവിടെയും ഇംപ്ലിമെൻ്റേഷൻ തന്നെയാവും കീ, പക്ഷെ സമജ്ജസമായി സമ്മേളിപ്പിച്ച് അത് ചെയ്യുക ഒരു ബാലികേറാമലയാകും
.ഉദാഹരണത്തിന് 5+3+3+4 എന്ന രീതി തന്നെ തത്വത്തിൽ ഓക്കേയാണെങ്കിലും, ഈ ബാലവാടികളെയും, എൽ.ക്കെ. ജികളെയും ഒക്കെ എങ്ങിനെ സ്കൂളുകളുമായി ബന്ധിപ്പിക്കും, അതും സ്കൂൾ കോംപ്ലക്സാണെങ്കിൽ എന്തായിരിക്കും അവയുടെ സ്ഥിതി? എൽ.ക്കെ. ജി ഇല്ലാത്തവർ തുടങ്ങേണ്ടി വരുമോ, അല്ലെങ്കിൽ അംഗനവാടികൾ എവിടെക്കൊണ്ട് കെട്ടും, അതിൽ പ്രൈവറ്റ് ഗവൺമെൻറ് പ്രസ്ഥാനങ്ങൾ തമ്മിൽ കൂട്ടികെട്ടേണ്ടി വരുമോ, ഒരു ട്രസ്റ്റിനു കീഴിലുള്ള പല പ്രസ്ഥാനങ്ങൾക്ക് ഒരുമിച്ച് വരാനാകുമോ, പല ട്രസ്റ്റിനു കീഴിലുള്ള പല പ്രസ്ഥാനങ്ങൾക്ക് ഒരുമിച്ച് വരാനാകുമോ, വരാൻ തീരുമാനിച്ചാൽ നിയമം അനുവദിക്കുമോ, ജിയോഗ്രഫിക്കൽ അടുപ്പം വേണ്ടിവരുമോ, വേണ്ടായിരിക്കുമോ, അങ്ങിനെ ജിയോഗ്രഫിക്കൽ അടുപ്പം ഇല്ലങ്കിൽ നയം വിഭാവനം ചെയ്യുന്ന റിസോഴ്സ് ആൻറ് പീപ്പിൾ ഷെയറിങ്ങ് സാധിക്കുമോ? ചിന്തിക്കാനാണെങ്കിൽ കാടുകയറാൻ ഒത്തിരിയുണ്ട്. സ്ക്കൂൾ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരും, എല്ലാ ഏജൻസികളും, സ്ഥാപനങ്ങളും, ഇരുത്തി ചിന്തിക്കേണ്ടി വരും.
അതുപോലെ ടെക്സ്റ്റ് ബുക്കും, പരീക്ഷകളുമെല്ലാം ഒരു സെൻട്രൽ കമാഡിൻ്റെ മേൽനോട്ടത്തിൽ അവരുടെ നിർദ്ദേശമനുസരിച്ച് വരണമെന്ന് പറയുമ്പോൾ പ്രത്യയശാസ്ത്ര വാങ്ങലുകൾ കൂടാൻ ഇടയുണ്ട്. ഒരു കാവിവത്കരണത്തെ ആളുകൾ പേടിച്ചാലും തെറ്റ് പറയാൻ ഇടയില്ല. (പക്ഷെ പേരെടുത്ത് പറഞ്ഞ പദ്ധതികളിൽ ‘ജവഹർ’ നവോദയ സ്കൂളുകൾ കൂട്ടുമെന്നും, ‘കസ്തൂർബാ’ ബാലവാടികൾ വർദ്ധിപ്പിക്കുമെന്ന പരാമർശങ്ങൾ ഇത്തരം വാദങ്ങളുടെ മുനയൊടിപ്പിക്കാം).
ഏറ്റവും ഇഷ്ടപ്പെട്ടത് ദിവ്യാംഗ വിദ്യാർത്ഥികളോടുള്ള കരുതലാണ്. ആ പ്രയോഗം തന്നെ മനോഹരം – ഡിസ്എബിലിറ്റിയുള്ള കുട്ടികളെ കുറിച്ചാണ്. അതോടൊപ്പം തന്നെ പെൺകുട്ടികളോടും, ന്യൂനപക്ഷങ്ങളോടും, SC/ST, ട്രൈബൽ വിഭാഗങ്ങളോടും പ്രത്യേക മമത കാണിക്കുന്നുണ്ട്.
ഏറ്റവും വലിയ മലക്കം മറിച്ചിൽ ഭാഷയുടെ കാര്യത്തിലാണ് – ത്രിഭാഷ ഉണ്ടെങ്കിലും ഒരു ഭാഷയും aka ഹിന്ദി നിർബന്ധിക്കില്ല. സംസ്കൃതം പഠിക്കാം, കൂടുതൽ ഊന്നലുണ്ട്, കൂടാതെ ചൈനീസ് ഒഴികെ വിദേശഭാഷകളുടെ ഒരു നിരയുണ്ട്. മാതൃഭാഷയ്ക്ക് വലിയ പ്രാമുഖ്യം. മലയാളികൾക്ക് അഭിമാനിക്കാം – മലയാളത്തെ പല പ്രാവശ്യം ശ്രേഷ്ഠ ഭാഷകളുടെ കൂട്ടത്തിൽ എടുത്ത് പറഞ്ഞിരിക്കുന്നു. കൂട്ടത്തിൽ പറയട്ടെ മതേതരത്വം എന്ന് ഒറ്റ പ്രാവശ്യം പറഞ്ഞിട്ടില്ലെങ്കിൽ കൂടെ, പ്ളൂരലിസം എന്ന് ഒരു നൂറാവർത്തി ആവർത്തിക്കുന്നുണ്ട്, കൂടാതെ ഭരണഘടനാ മൂല്യങ്ങൾ എന്നും – നല്ല കാര്യം
.പ്രധാന സംശയം അഞ്ചാം ക്ലാസ് വരെയുള്ള ഇംഗ്ലീഷ് മീഡിയം സ്കൂൾ ഇല്ലാതാകുമോയെന്നതാണ്. അതുണ്ടാകുമെന്ന് തോന്നുന്നില്ല. പക്ഷെ, മാതൃഭാഷയാണ് പ്രൊമോട്ട് ചെയ്യുന്നത്, അല്ലെങ്കിൽ ബൈലിങ്കൽ വേണമെന്നാണ് നിർദ്ദേശം, ഇംഗ്ലീഷിൽ ക്ലാസെടുത്ത് മലയാളത്തിൽ വിശദീകരിക്കേണ്ടി വരുമോ ആവോ? ടെക്സ്റ്റ് പോലും അങ്ങിനെയാവണമെന്നാണ് നയം.
സ്കൂൾ കോംപ്ലക്സ് അല്ലെങ്കിൽ ക്ലസ്റ്റർ ഒരു ചലഞ്ച് തന്നെയാവും. ഇതെല്ലാം കൂടി നടത്തിക്കാനുള്ള ഭരണസംവിധാനം ഒരവിയൽ പരുവമായിട്ടാണ് തോന്നിയത്. വിദ്യാഭ്യാസം കൺകറൻറ് ലിസ്റ്റിൽ ആയത് കൊണ്ട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെ അവഗണിക്കാനും വയ്യ അതേ സമയം കേന്ദ്രം പറയുന്നത് നടക്കുകയും വേണം, അതിന് സ്കൂൾ കോംപ്ലക്സ് മാനേജ്മെൻ്റ് കമ്മറ്റിയും വേണം അതിൽ അധ്യാപകരും വേണം, പിന്നെ മാനേജ്‌മെൻറ് എവിടിരിക്കും? ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഒത്തിരി .
ടീച്ചർമാരാകാൻ ഇറങ്ങിത്തിരിക്കുന്നവർക്ക് പണി കിട്ടിയിട്ടുണ്ട്. 4 വർഷത്തെ ബി.എഡ്, അതും യൂണിവേഴ്സിറ്റിയിൽ. അല്ലെങ്കിൽ ഡിഗ്രി പ്ലസ് 2 വർഷം, അല്ലെങ്കിൽ പി ജി പ്ലസ് 1 വർഷം. പിന്നെ ഓൺ ഗോയിങ്ങ് ഫോർമേഷൻ വർഷത്തിൽ മിനിമം 7 മുഴു ദിനങ്ങൾ അല്ലെങ്കിൽ 50 മണിക്കൂർ. നല്ലതാണ്. നന്നാവട്ടെ
.ചുരുക്കി പറയണമെന്ന് കരുതിയിട്ടും ഇത്രയുമായി, ഇനി വിശദമായി പിന്നീട്

.ഫാ.ജെയ്സൺ മുളേരിക്കൽ സി. എം.. ഐ