രാജ്യസഭാ ഉപാധ്യക്ഷനെതിരായ അവിശ്വാസപ്രമേയം തള്ളി.

Share News

ന്യൂഡല്‍ഹി : രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ്ങിനെതിരായി പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസ്​ രാജ്യസഭ തള്ളി. 47 അംഗങ്ങള്‍ ഹരിവംശ്​ സിങ്ങിനെതിരെ നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ആണ് തള്ളിയത്​. സഭാചട്ട പ്രകാരം നോട്ടീസ് അനുവദിക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി അധ്യക്ഷന്‍ വെങ്കയ്യ നായിഡു അവിശ്വാസം തള്ളുകയായിരുന്നു.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 12 പാര്‍ട്ടികളാണ് രാജ്യസഭാ ഉപാധ്യക്ഷനെതിരെ അവിശ്വാസ പ്രമേയ നോട്ടിസ് നല്‍കിയത്. അംഗങ്ങളുടെ മൗലികാവകാശങ്ങള്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ നിഷേധിച്ചുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഹരിവംശ് നാരായണ്‍ സിങ് പക്ഷപാതപരമായി പെരുമാറിയെന്നും ചട്ടങ്ങള്‍ പാലിച്ചില്ലെന്നുമാണ് ആരോപണം. പ്രതിപക്ഷാംഗങ്ങള്‍ക്ക്​ സംസാരിക്കാന്‍ വേണ്ടത്ര സമയം നല്‍കിയില്ലെന്നും​ നോട്ടീസില്‍ കുറ്റപ്പെടുത്തിയിരുന്നു. രാജ്യസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഉപാധ്യക്ഷനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ്​ നല്‍കുന്നത്.

അതേസമയം, കര്‍ഷക ബില്‍ ചര്‍ച്ചക്കിടെ രാജ്യസഭയില്‍ പ്രതിഷേധിച്ച കേരള എം.പിമാര്‍ അടക്കം എട്ട് പേരെ അധ്യക്ഷന്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. കെ.കെ. രാഗേഷ്, എളമരം കരീം (സി.പി.എം), ഡെറിക് ഒബ്രിയാന്‍, ദോല സെന്‍ (തൃണമൂല്‍ കോണ്‍ഗ്രസ്), രാജു സതവ്, റിപുന്‍ ബോറ, സഈദ് നാസിര്‍ ഹുസൈന്‍ (കോണ്‍ഗ്രസ്), സഞ്ജയ് സിങ് (എ.എ.പി) എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സഭാ നടപടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഒരാഴ്ചത്തേക്കാണ് അച്ചടക്ക നടപടി.

Share News