കേരളമുള്‍പ്പെടെ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പുതിയ രോഗികളില്ല- കേന്ദ്രആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: കേരളം, ഒഡിഷ, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ പതിമൂന്ന് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 24 മണിക്കൂറിനിടെ പുതിയ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ വ്യാഴാഴ്ച അറിയിച്ചു.
ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, കേരളം, മിസോറാം, മണിപ്പുര്‍, ഗോവ, മേഘാലയ, ലഡാക്ക്, അരുണാചല്‍ പ്രദേശ്, ഒഡിഷ, ആന്‍ഡമാന്‍-നിക്കോബാര്‍ എന്നിവിടങ്ങളിലാണ് പുതിയ കേസുകളില്ലാത്തത്. ദാമന്‍-ദിയു, സിക്കിം, നാഗലാന്‍ഡ്, ലക്ഷദ്വീപ് എന്നിവടങ്ങളില്‍ ഇതുവരെ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.
ബുധനാഴ്ച രാവിലെ മുതലുള്ള കണക്കനുസരിച്ച് 3,561 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1,084 പേര്‍ രോഗമുക്തി നേടി. ലോകത്തിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ സ്ഥിതി ഏറെ മെച്ചമാണെന്ന് മന്ത്രി പറഞ്ഞു. രാജ്യത്ത് കൊറോണ മൂലമുള്ള മരണനിരക്ക് 3.3 ശതമാനം മാത്രമാണെന്നും രോഗമുക്തി നേടുന്നതിന്റെ നിരക്ക് 28.83 ശതമാനവുമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
327 പൊതുമേഖലാ ലാബുകളിലും 118 സ്വകാര്യ ലാബുകളിലുമായി 95,000 കോവിഡ് ടെസ്റ്റുകള്‍ ദിവസേന നടത്തുന്നുണ്ട്. ഇതു വരെ 13,57,442 ടെസ്റ്റുകള്‍ രാജ്യത്തിനകത്ത് നടത്തിയതായി ആരോഗ്യമന്ത്രി അറിയിച്ചു. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി 821 ആശുപത്രികളും രോഗികള്‍ക്കും രോഗലക്ഷണമുള്ളവര്‍ക്കുമായി 7,569 ക്വാറന്റൈന്‍ കേന്ദ്രങ്ങളും സജ്ജമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
രാജ്യത്തുടനീളം 180 ജില്ലകളില്‍ ഏഴ് ദിവസമായി പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. മറ്റ് 180 ജില്ലകളില്‍ ഏഴ് മുതല്‍ പതിമൂന്ന് ദിവസങ്ങളില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും 164 ജില്ലകളില്‍ 14-20 ദിവസത്തിനുള്ളില്‍ പുതിയ കേസില്ലെന്നും 136 ജില്ലകളില്‍ 21-28 ദിവസത്തെ കണക്കില്‍ പുതിയ രോഗബാധിതരില്ലെന്നും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
കുടിയേറ്റത്തൊഴിലാളികളുടെ മടങ്ങി വരവിനെ തുടര്‍ന്നുണ്ടായേക്കാവുന്ന പ്രതിസന്ധികള്‍ മറികടക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും വര്‍ധന്‍ ആവശ്യപ്പെട്ടു. കൊറോണ വൈറസ് രോഗികളല്ലാത്ത മറ്റ് ഗുരുതര രോഗികളുടേയും ഗര്‍ഭിണികളുടേയും ചികിത്സയ്ക്ക് വേണ്ട മരുന്നുകളുടേയും ഉപകരണങ്ങളുടേയും ലഭ്യത ഉറപ്പാക്കണമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.