
ഓണം, അത് കേരളീയരുടെ ആകെമാനമുള്ള ഒരു അഭിമാനോത്സവമാണ്.
പ്രിയ സുഹൃത്തെ,
മലയാളികളെ കോർത്തിണക്കുന്ന ദൈവാനുഗ്രഹമാണ് ഓണം.
ഓണം ഏതെങ്കിലും ഒരു വിഭാഗത്തിന്റെയല്ല എന്നോർക്കണം, അത് കേരളീയരുടെ ആകെമാനമുള്ള ഒരു അഭിമാനോത്സവമാണ്.

പഞ്ഞ കർക്കിടകം കഴിഞ്ഞു ചിങ്ങ മാസം വരുമ്പോൾ മലയാളികളുടെ മനസ്സ് പ്രകാശമാനമാകും. മരണഭീതിയുളവാക്കുന്ന കോവിഡിനെ മറികടന്നു കോവിഡിനൊപ്പം ജീവിക്കാൻ പഠിച്ചുകൊണ്ടു, മ്ലാനമായ മുഖത്തു ചിരിപടർത്തി നാമെല്ലാം ഓണം ആഘോഷിക്കാൻ ഒരുമ്പെടുന്നു. ‘മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ’ എന്ന ഗാനം നമ്മുടെ മനസ്സുകളെ പഴയ നല്ല കാലത്തേക്ക് കൈ പിടിച്ചുകൊണ്ടുപോകുന്നു. എത്ര കഷ്ടപ്പാടുണ്ടെങ്കിലും ഓണമാകുമ്പോൾ നാം ഒരുമിച്ചു ഓണപ്പാട്ടുപാടി ഓണപ്പൂക്കളമുണ്ടാക്കി പായസവും കൂട്ടി ഓണസദ്യയുണ്ണും. പണ്ട് തറവാട്ടിൽ അപ്പനുണ്ടായിരുന്നപ്പോൾ കൊച്ചും നാളിൽ ഞങ്ങൾ സഹോദരങ്ങളെല്ലാം കൂടി നിലത്തിരുന്നു ഇലയിൽ അമ്മയുണ്ടാക്കുന്ന ഏറെ രുചിയുള്ള കറികളും കൂട്ടി ചോറുണ്ണുമായിരുന്നു. അന്ന് പായസം മൂന്നുതരമുണ്ടാകും. അപ്പനത് നിർബന്ധമാണ്. പിന്നെ കാലം ആരോടും ചോദിക്കാതെ അങ്ങ് കടന്നു പോയി. എന്റെ മക്കളുടെ കൊച്ചും നാളിൽ ആ പാരമ്പര്യം ഭാര്യ ശുഭയോടൊപ്പം തുടർന്നു. ഇന്ന്, മക്കൾ രണ്ടുപേരും വിവാഹം ചെയ്തുപോയശേഷം ഞാനും ശുഭയും മാത്രമായപ്പോഴും അപ്പൻ കാട്ടിത്തന്ന ആ ഓണപ്പാരമ്പര്യം മനസാവാചാകര്മണാ തുടരുന്നു. മക്കൾ അടുത്തില്ലാത്തതിൽ മനസ്സിൽ ഏറെ സങ്കടമുണ്ടെങ്കിലും ഞാനും ശുഭയും ഒറ്റക്കിരുന്നു ഓണം ഉണ്ണും. ശുഭ പായസം വയ്‌ക്കും, ശുഭക്കു നന്നായി പായസം ഉണ്ടാക്കാനറിയാം, ഇക്കുറി അടപ്രഥമൻ. അതെനിക്ക് ഏറെ ഇഷ്ടമായതുകൊണ്ടാണ് പുള്ളിക്കാരി ഒറ്റക്ക് കഷ്ടപ്പെട്ടുണ്ടാക്കുന്നത്. ഞാനും പറ്റുന്നതുപോലെ സഹായിച്ചുകൊടുക്കും. അങ്ങനെ ഞങ്ങളും മലയാളികളുടെ മഹത്തായ ഈ ഉത്സവത്തിൽ സജീവ പങ്കാളികളാകും.
ഇക്കൂട്ടത്തിൽ ഒരു കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ. നിങ്ങളെ ബുദ്ധിമുട്ടിപ്പിക്കാനല്ല, ഒരു ചെറിയ സൗഹൃദം. നമുക്ക് ചുറ്റും എത്ര കുടുംബങ്ങൾ ഓണം ആഘോഷിക്കാൻ സാധിക്കാതെ കഷ്ടപ്പെട്ട് കഴിയുന്നു. അവരും സന്തോഷിക്കുന്നത് നമുക്ക് കാണണ്ടേ? അപ്പോൾ അവരെക്കൂടി കരുതുകയും സഹായിക്കുകയും ചെയ്യണമെന്ന് ഓർമ്മപ്പെടുത്തുന്നു, ദൈവം സമൃദ്ധമായി നിങ്ങൾക്ക് തിരിച്ചുതരും.
എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് സമൃദ്ധമായ ഒരു ഓണം ഞാൻ നേരുന്നു. നിങ്ങളുടെ ആഘോഷങ്ങളെ കോവിഡ് യാതൊരുകാരണവശാലും തളർത്താതിരിക്കട്ടെ. നിങ്ങൾക്ക് നന്മകൾ മാത്രം ഉണ്ടാവട്ടെ !

നിങ്ങളുടെ എളിയ ഡോ ജോർജ് തയ്യിൽ