
കുടുംബാധിപത്യവും വ്യക്തിയാധിപത്യവും നീളുന്നത് ഒരുപോലെ തെറ്റാണ്.
Congress party’s letter bomb crisis may get worse. High time for a total revamp in the politics and political parties in India. Read my weekly column in today’s Deepika newspaper- കത്തിൽ കുത്തി കോണ്‍ഗ്രസ്https://www.deepika.com/feature/Leader_Page.aspx?topicid=31&ID=17835
കോണ്‍ഗ്രസ് അധ്യക്ഷപദവി രാഹുൽ ഗാന്ധി രാജിവച്ചതോടെയാണ് കോണ്‍ഗ്രസ് കൂടുതൽ വിഷമത്തിലായത്. ഇടിവെട്ടിയവനെ പാന്പുകടിച്ചതു പോലെ. ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻ തോൽവിക്കു ശേഷമായിരുന്നു കോണ്‍ഗ്രസിനെ വഴിയാധാരമാക്കിയ രാജി.
രാഹുലിന്റെ രാജിക്കുശേഷം ഒരു വർഷം കഴിയുന്പോഴും പുതിയ നേതാവിനെ കണ്ടെത്താനായി സംഘടനാ തെരഞ്ഞെടുപ്പു നടത്താൻ പ്രവർത്തകസമിതിയോ, ഉന്നത നേതാക്കളോ തയാറായില്ല. കോവിഡ്-19നെ തുടർന്നുള്ള നീണ്ട ലോക്ക്ഡൗണിനെ പഴിചാരാമെങ്കിലും മാർച്ചിനു മുന്‍പുള്ള കാലയളവിൽ എന്തേ ഒന്നും ചെയ്യാതിരുന്നതെന്ന ചോദ്യം ബാക്കിയാകും.
ആരോഗ്യപ്രശ്നങ്ങൾ നോക്കാതെ സോണിയ ഗാന്ധിയെ നിർബന്ധിച്ചു താത്കാലിക പ്രസിഡന്റാക്കിയതോടെ പഴയ സംഘത്തിനല്ലാതെ പാർട്ടിയിൽ മറ്റാർക്കും കാര്യമില്ലാത്ത നിലയാണു തുടർന്നത്. സോണിയയെയും രാഹുലിനെയും ചുറ്റിത്തന്നെ പാർട്ടി വെറുതെ വട്ടം കറങ്ങി. പ്രിയങ്ക ഗാന്ധി വദ്ര അധ്യക്ഷയാകുമെന്നു പ്രതീക്ഷിച്ചവരെയും നിരാശപ്പെടുത്തി.
ഒരു വർഷം മുന്‍പു രാഹുലിനു പകരക്കാരനെ കണ്ടെത്താൻ ചില ചർച്ചകൾ നടത്തിയിരുന്നു. മുകുൾ വാസ്നിക്, ജ്യോതിരാദിത്യ സിന്ധ്യ, സച്ചിൻ പൈലറ്റ് എന്നിവരിലൊരാളെ പാർട്ടി അധ്യക്ഷനാക്കാനായിരുന്നു പ്രാഥമിക ചർച്ചകളിലെ നിർദേശം. മാസങ്ങൾക്കു മുന്‍പു പാർട്ടിയുടെ ദേശീയ അധ്യക്ഷനാക്കാൻ പരിഗണിച്ച ഈ മൂന്നു പേരും എത്ര പെട്ടെന്നാണു കോണ്‍ഗ്രസിൽ അനഭിമതരായതെന്നതാണു വലിയ തമാശ.
ജ്യോതിരാദിത്യ കോണ്‍ഗ്രസ് വിട്ടു ബിജെപിയിലെത്തി രാജ്യസഭ എംപിയായി. പാർട്ടിയെ വെല്ലുവിളിച്ചു നടത്തിയ ചാഞ്ചാട്ടം പൈലറ്റിന്റെ ശോഭ കെടുത്തി. വിവാദ കത്തിൽ ഒപ്പുവച്ചതോടെ മുകുൾ വാസ്നിക്കും സോണിയയുടെ വിശ്വസ്തനെന്ന പരിവേഷം നഷ്ടമാക്കി. മൂന്നു പേരിൽ ആരെയും അധ്യക്ഷനാക്കാതിരുന്നതു നന്നായെന്നു പറഞ്ഞു സമാധാനിക്കേണ്ട ഗതികേടിലാണു പാർട്ടി.
ആധിപത്യം ജനാധിപത്യശോഭ കെടുത്തും
മുഴുസമയ നേതാവില്ലാതെ നീണ്ട കാലം തുടർന്നതു സൃഷ്ടിച്ച അനിശ്ചിതത്വവും ആശങ്കകളും പ്രശ്നമാകുമെന്ന് ഉറപ്പായിരുന്നു. ഇപ്പോൾ വഷളാകുന്ന പ്രതിസന്ധി കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കൾ സ്വയം വരുത്തിവച്ചതാണ്. വീണ്ടുമൊരു പിളർപ്പിലേക്ക് ഈ തർക്കം നീളില്ലെന്നു പറയാനാകില്ല. പിളർപ്പുകളും ഉയർച്ചതാഴ്ചകളും പലതുകണ്ട കോണ്‍ഗ്രസിന് ഇനിയൊന്നു കൂടി താങ്ങാൻ ശേഷിയുണ്ടാകില്ലെന്നു മാത്രം. നരേന്ദ്ര മോദിയും അമിത് ഷായും ഭരണത്തിലും രാഷ്ട്രീയത്തിലും പിടിമുറുക്കി മേധാവിത്വം നേടിയതും കോണ്‍ഗ്രസിനു കൂടുതൽ ക്ഷീണമായി. നെഹ്റു, ഗാന്ധി കുടുംബം കോണ്‍ഗ്രസിനു വലിയ സംഭാവനകൾ ചെയ്തിട്ടുണ്ട്. ഇന്ദിരയും രാജീവും അടക്കമുള്ളവരുടെ ജീവത്യാഗം പോലും അത്രയേറെ വിലപ്പെട്ടതാണ്. പക്ഷേ ഉൾപാട്ടി ജനാധിപത്യം ഇല്ലാതാക്കാനും കുടുംബാധിപത്യം വഴിതെളിച്ചു. ഉന്നത നേതാക്കളുടെ കാലുപിടിച്ചും കാക്ക പിടിച്ചും നോമിനേഷനിലൂടെ പദവികളിലെത്തി സുഖിക്കുകയാണ് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമെല്ലാം മിക്കവരും.
കുടുംബാധിപത്യവും വ്യക്തിയാധിപത്യവും നീളുന്നത് ഒരുപോലെ തെറ്റാണ്. ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളിലെല്ലാം പക്ഷേ ഇതു രണ്ടിലുമാണ് വളർന്നതെന്നതാണു ദുര്യോഗം. ദേശീയ പാർട്ടികൾ മുതൽ പ്രാദേശിക പാർട്ടികൾ വരെ ഈ രീതിയിൽ നിന്നു മുക്തരല്ല. കോണ്‍ഗ്രസിൽ കുടുംബാധിപത്യമാണെങ്കിൽ ബിജെപിയിൽ ആർഎസ്എസിന്റെയും നരേന്ദ്ര മോദിയെന്ന വ്യക്തിയുടെയും സർവാധിപത്യമാണ്. ഒരു നാണയത്തിന്റെ രണ്ടുവശം മാത്രമാണിത്.
ജനാധിപത്യത്തിന്റെ അന്തഃസത്ത ചോർത്തുന്ന ആധിപത്യ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കേണ്ടതുണ്ട്. ജനങ്ങളുടെ പേരിൽ ഉന്നത സ്ഥാനങ്ങളിലെത്തുന്നവർ പാർശ്വവർത്തികളുടെയും സ്തുതിപാടകരുടെയും വലയത്തിൽ വാഴുന്ന രീതി ദുരന്തമാണ്. മോദിയെന്നോ സോണിയയെന്നോ ബിജെപിയെന്നോ കോണ്‍ഗ്രസെന്നോ വ്യത്യാസമില്ല. രാജ്യത്തെ രാഷ്ട്രീയവും രാഷ്ട്രീയപാർട്ടികളും അടിമുടി ഉടച്ചുവാർക്കാനായുള്ള ജനകീയ മുന്നേറ്റമാണ് ഇനി വേണ്ടത്.


ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ