ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധ ജനാധിപത്യ മുന്നണിയുണ്ടാക്കാൻ മുൻകൈ എടുത്തതും പി.ടി. ചാക്കോ ആയിരുന്നു.

Share News

പി.ടി. ചാക്കോ കടന്നുപോയിട്ടു 56 വർഷം.

ഒരു നല്ല നേതാവിന്റെ കഥ.

തിരുവിതാംകൂർ സ്റ്റേറ്റ് കോണ്ഗ്രസിന്റെ ആരംഭ കാലത്തു തന്നെ (1938 ) ജനങ്ങൾ കേട്ടു തുടങ്ങിയ ഒരു പേരായിരുന്നു പി.ടി. ചാക്കോ യുടേത്.

അദ്ദേഹത്തിന് അന്ന് 23 വയസ്സു മാത്രമായിരിക്കണം പ്രായം.

ജനനം ( 1915) ചിറക്കടവിലായിരുന്നെങ്കിലും അറിയപ്പെട്ടത് വാഴൂർക്കാരനായാണ്

.വക്കീലായി പ്രാക്ടീസ് തുടങ്ങിയത് പാലായിലും .ഒന്നാംതരം സിവിൽ- ക്രിമിനൽ അഭിഭാഷകനെന്നു വളരെ പെട്ടെന്ന് തന്നെ പേരെടുക്കുകയും ചെയ്തു

. കാഴ്ചയിലും കാര്യത്തിലും വ്യത്യസ്തനായിരുന്നു പി.റ്റി. ചാക്കോ.ആറടി പൊക്കം. കറുത്തു കട്ടിയിൽപിറകോട്ടു ചീകിയ മുടിയും പിന്നെ നല്ല കട്ടിയിൽ തന്നെ സ്റ്റാലിൻ മീശയും.വെളുത്ത ഖദറിന്റെ മുണ്ടും സൈഡ് ബട്ടനുള്ള ജൂബയും വേഷം.

ആജ്ഞാശക്തിയുള്ള സ്വരവും ആളുകളെ ആകർഷിക്കുന്ന സംസാരവും പെരുമാറ്റവും. കോടതിയിലും പുറത്തും ചാക്കോ വളരെ പെട്ടെന്നു തന്നെ അറിയപ്പെട്ടു തുടങ്ങിയ സമയത്താണ് പാലായിൽസീനിയർ അഭിഭാഷകനും എം.എൽ. സി. യുമായിരുന്ന എന്റെ പിതാവ് ആർ. വി. തോമസ് മീനച്ചിൽ താലൂക്ക് സ്റ്റേറ്റ് കോൺഗ്രസ് കമ്മിറ്റയ്ക്കു രൂപം കൊടുക്കുന്നത്.

ആർ. വി. പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സെക്രട്ട റിയായി പി.ടി. ചാക്കോയുടെ പേരാണ് നിർദ്ദേശിച്ചത്. ചാക്കോ നല്ലവാഗ്മിയും ഒന്നാം തരം സംഘാടകനുംആയിരുന്നു. പോരെങ്കിൽ ഓടിനടക്കാൻ പറ്റിയ ചെറുപ്പവും. ആഴമായ സൗഹൃദവും ആത്‍മബന്ധവുമായിരുന്നു അവർക്ക്. രാഷ്ട്രീയത്തിലും അവർ ഗുരു- ശിഷ്യന്മാരായിട്ടാണ് പിൽക്കാലത്തു അറിയപ്പെട്ടത്. സമരകാലത്ത് അറസ്റ്റ് ചെയ്യപ്പെട്ടതുംജയിലിൽ പോയതും പോലും പലപ്പോഴും ഒന്നിച്ചുതന്നെ. എന്നും നല്ല ഒരു വായനക്കാരനായിരുന്നു ചാക്കോ.ജയിലിൽ വച്ചു കുമ്പളത്ത് ശങ്കുപ്പിള്ള ചാക്കോയെ ഗുസ്തി മുറകളും പഠിപ്പിച്ചുവെന്നായിരുന്നു കഥ!

പിന്നീട് ചാക്കോ അദ്ദേഹത്തിന്റെ വക്കീൽ പ്രാക്ടീസ് കോട്ടയം ജില്ലാകോടതിയിലേക്കുമാറ്റി. പ്രവർത്തന രംഗവും അതോടെ കോട്ടയമായി. പാലായിൽ ചാക്കോയുടെ സ്ഥാനത്തു മീനച്ചിൽതാലൂക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായി ആർ. വി. നാമനിർദേശം ചെയ്തത് അന്ന് ഇംഗ്ലീഷ് ഓണേഴ്‌സ് ബിരുദമെടുത്തുവന്ന കെ.എം. ചാണ്ടിയെയാണ്. ചാക്കോയെക്കാൾ ഒന്നുകൂടി ചെറുപ്പമായിരുന്നു കെ.എം.ചാണ്ടി.പക്ഷെ വിദ്യാർത്ഥി കാലത്തു തന്നെഗാന്ധി ഭക്തനും പ്രക്ഷോഭകാരിയു മായിരുന്നുവെന്നതും തിരുവനന്തപുര ത്ത് യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോൾ തന്നെ സ്റ്റേറ്റ് കോണ്ഗ്രസുമായി ബന്ധപ്പെട്ടിരുന്നു വെന്നതും പ്രായ കുറവ് നോക്കാതെ തന്നെ താലൂക്ക് കോൺഗ്രസ് കമ്മറ്റി സെക്രട്ടറി സ്ഥാനത്തേക്ക് കെ.എം. ചാണ്ടിയെ നാമനിർദേശം ചെയ്യാൻ ആർ.വി. യെ പ്രേരിപ്പിച്ചിരിക്കണം.

1948 ൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോഴും കെ.എം. ചാണ്ടി തന്നെയായിരുന്നു ഏറ്റവും പ്രായം കുറഞ്ഞ എം.എൽ. എ . 27 പോലും അന്ന് തികഞ്ഞിരുന്നില്ല. പി.ടി. ചാക്കോ യ്ക്കും അന്നു വയസ് മുപ്പത്തി മൂന്നു മാത്രം. ചെറിയാൻ കാപ്പനും അതേപ്രായം.പാർട്ടിയിലെ യുവാക്കളെ കഴിയുന്നത്ര പ്രോത്സാഹിപ്പിക്കുന്ന ശൈലിയായിരുന്നു അക്കാലത്തെമുതിർന്ന നേതാക്കൾക്ക്. അങ്ങിനെയാണ് ആ നിയമസഭയിൽ കോട്ടയം ജില്ലയിൽ നിന്നും സീനിയർനേതാക്കളായിരുന്ന എ. ജെ. ജോണിനും ആർ.വി. തോമസിനുംവി.ഒ. മർക്കോസിനും അക്കാമ്മ ചെറിയാനും പി.ജെ. സെബാസ്റ്റിയനുമൊപ്പം പി.റ്റി.ചാക്കോ, ചെറിയാൻ കാപ്പൻ,കെ.എം. ചാണ്ടി, മാത്യു മണിയങ്ങാടൻ തുടങ്ങിയ അന്നത്തെയുവ നേതാക്കൾക്കും നിയമസഭാംഗങ്ങളാവാൻ കഴിഞ്ഞത്.അവരൊക്കെ സ്വാതന്ത്ര്യ സമര സേനാനികളും സമരകാലത്തു തടവ്ശിക്ഷഅനുഭവിച്ചിരുന്നവരുമായിരുന്നുവെന്നതും മറന്നുകൂടാ

. ധീരന്മാരായിരുന്നു അന്നത്തെ സ്റ്റേറ്റ് കോണ്ഗ്രസിലെ യുവ നിര നേതാക്കളും എന്നു സാരം.അവരുടെ മുൻപന്തിയിലായിരുന്നു പി.ടി. ചാക്കോ എന്നതിലും തർക്കമില്ല. അവരൊന്നും ഒരിക്കലും തന്നെ കരിയറിസ്റ്റുകളോ രാഷ്ട്രീയ അവസരവാദികളോ തരത്തിന് തരംപാർട്ടി മാറി ഭാഗ്യപരീക്ഷണം നടത്തുന്നവരോ ഒന്നും ആയിരുന്നുമില്ല.!

നിയമസഭാ സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന്ആർ. വി. തോമസ് ഇന്ത്യൻ ഭരണഘടനാ നിർമാണസമിതിലെഅംഗത്വം ഒഴിഞ്ഞപ്പോൾ പകരം തെരഞ്ഞെടുക്കപ്പെട്ടതും പി.ടി. ചാക്കോ ആയിരുന്നു.

1952 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മീനച്ചിൽ മണ്ഡലത്തിൽ നിന്നും എം.പി. ആയതും ചാക്കോ തന്നെ.പക്ഷെ ഒരു വർഷമായപ്പോൾ കാരണമൊന്നും പറയാതെ എം.പി.സ്ഥാനം രാജി വച്ചതു ചാക്കോയുടെ രാഷ്ട്രീയശോഭക്കുമങ്ങലേല്പിച്ചുവെന്നു പറയാതെയും വയ്യ.

രണ്ടുമൂന്നു വർഷം രാഷ്ട്രീയ വനവാസവും വേണ്ടി വന്നു പിന്നീടു്1956ൽ കോട്ടയം ഡി.സി.സി. പ്രസിഡന്റ് ആയി സജീവ കോണ്ഗ്രസ്സ് രാഷ്ട്രീയത്തിലേക്ക് ചാക്കോയിക്കു തിരിയെ വരാൻ.

1948-52 കാലത്തു നിയമാസഭാംഗമായിരിക്കുമ്പോൾപി. ടീ. ചാക്കോ പലപ്പോഴും ഞങ്ങളുടെ തിരുവനന്തപുരത്തെവീട്ടിൽ അപ്പച്ചനെ കാണാൻ വന്നിരുന്നത് എനിക്ക് ഓർമ്മയുണ്ട്. അപ്പച്ചനെ ആർ.വി. സാർ എന്നും അമ്മയെ ചേടത്തി എന്നുമാണ് വിളിച്ചിരുന്നത്. തിരിച്ചു അവർ രണ്ടുപേരും വിളിച്ചത് ചാക്കോച്ചൻ എന്നും. സ്വന്ത മക്കളോടെന്നപോലെ ഞങ്ങളോടും അദ്ദേഹത്തിന് വലിയ വത്സല്യമായിരുന്നു .

അക്കാലത്തു ചാക്കോയുടെ കാർ ഒരു ചുവന്നബഗ്ഗ്‌ ഫിയറ്റ് ആയിരുന്നു. ന്യൂജെൻ ശൈലിയിൽ ഒരു ചുള്ളൻ വണ്ടി . ടോപ്പ് തുറന്നു വയ്ക്കാമായിരുന്ന ഭംഗിയുള്ള ഒരു ചെറിയ കാറായിരുന്നു അതു. ഞങ്ങളെ അതിൽ കയറ്റി സിറ്റിയിൽ കൂടെ ചിലപ്പോഴൊക്കെ ഒരു റൌണ്ട് വയ്ക്കാനും അദ്ദേഹം സന്മനസ്സ് കാണിച്ചിരുന്നതുമോർക്കുന്നു.ടോപ്പ് തുറന്നു വച്ച കാറിലെ സിറ്റി യാത്രകൾ ഇന്നും മനസ്സിൽ മായാതെയുണ്ട്. പി.ടി. ചാക്കോയെയും ആ കാറും കോട്ടയത്തു മാത്രമല്ല തിരുവനന്തപുരത്തും എല്ലാവരും അറിയുമായിരുന്നുതാനും.!

അക്കാലത്തെ മിക്ക നേതാക്കളെയുംപോലെ തന്നെ പി.ടി. ചാക്കോയിക്കുംനല്ല നർമ്മബോധവും ഉണ്ടായിരുന്നു. ഒരിക്കൽ സ്പീക്കർമാരുടെ സമ്മേളനത്തിന് പോയി ഡൽഹിയിൽ നിന്നു തിരിയെ വന്നപ്പോൾ അപ്പച്ചൻ എനിക്കും ജ്യേഷ്ഠൻ ജോര്ജുകുട്ടി യ്ക്കും പഞ്ഞിയിൽ തീർത്ത ഭംഗിയുള്ള ഒരു കടുവയേ കളിപ്പാട്ടമായി കൊണ്ടുവന്നു.

ഒരു ദിവസം നിയമസഭാ സമ്മേളനത്തെക്കുറിച്ചോ മറ്റോ ചർച്ചയ്ക്കു ആയിരിക്കണം അന്ന് മന്ത്രിമാരായിരുന്ന ടി. എം. വർഗീസും എ. ജെ. ജോണും അപ്പച്ചനെ കാണാൻ വരുമ്പോൾ രാഷ്ട്രീയ ശിഷ്യന്മാരായ പി.റ്റി. ചാക്കോയും കെ.എം. ചാണ്ടി, ചെറിയാൻ കാപ്പൻ തുടങ്ങിയ മറ്റു നേതാക്കളുമുണ്ട്. അന്ന് സ്പീക്കറുടെ ഔദ്യോഗിക വസതിയായിരുന്ന കോട്ടൻ ഹിൽ ബംഗ്ലാവിലെ ഡ്രായിങ് റൂമിൽഅവരെല്ലാം ചർച്ചയിലായിരിക്കു മ്പോളാണ് ഞാനും ജ്യേഷ്‌ഠനും കൂടി വളരെ ആഘോഷമായി ഞങ്ങളുടെ കടുവയെയും കൊണ്ടു ആ വഴി കളിക്കാനായി പുറത്തേക്കു പോകാൻ ചെല്ലുന്നത്. ടീ.എം.വർഗീസ്സാർ ഞങ്ങളെ അടുത്തുവിളിച്ചു ഞങ്ങളോട് കടുവയുടെ വിശേഷങ്ങ ളൊക്കെ ചോദിച്ചു. പിന്നെ ഈ കടുവയെ നിങ്ങൾക്ക് ചാടിക്കാൻ പറ്റുമോ എന്നും ചോദ്യം. ഇല്ല എന്നു ഞങ്ങളുടെ ദയനീയമായ മറുപടി. അപ്പോൾ ചിരിച്ചുകൊണ്ട് താൻ കടുവയെ ചാടിക്കാമെന്നു വർഗീസ് സാർ. എന്നിട്ടു കടുവയെ വാങ്ങി സാറിന്റെ മലർത്തിയ കയ്യിൽവച്ചു. ഞങ്ങളോട് കടുവയുടെ കണ്ണിൽ മാത്രമേ നോക്കാവൂ എന്നും കണ്ടീഷൻ വച്ചു. എന്നിട്ടു സാർ ഞങ്ങൾ കാണാതെ സാറിന്റെ തള്ള വിരൽ കടുവയുടെ വയറിന്റെ അടിയിൽ ചേർത്തുവച്ചു. ഞങ്ങൾ കടുവയുടെ കണ്ണിൽ നോക്കിയിരിക്കു മ്പോൾ സാർ വിരൽ കൊണ്ടു തട്ടി കടുവയെ സെറ്റിയിലേക്കു ചാടിക്കുകയും ചെയ്‌തു. ” സർ സി.പി.യെ ചാടിച്ച വര്ഗീസ് സാറിനാണോ ഒരു കടുവയെ ചാടിക്കാൻ പ്രയാസമെന്ന” പി.ടി.ചാക്കോയുടെ കമെന്റ് വര്ഗീസ് സാർ ഉൾപ്പെടെ സർവ്വരെയും പൊട്ടിച്ചിരിപ്പിക്കുകയും ചെയ്തു

.പി.ടി. ചാക്കോയുടെ രാഷ്ട്രീയ നല്ലകാലം തുടങ്ങിയത് 1957ൽവാഴൂർ നിന്നും നിയമസഭയിലേക്ക്തെരഞ്ഞെടുക്കപ്പെട്ടതോടെയാണ്എന്നു പറയാം. എ. ജെ. ജോണ് ഗവർണർ ആയിപ്പോയതും റ്റി. എം.വര്ഗീസും കെ.എം. കോരയുംമറ്റും അപ്പോഴേക്കും കോണ്ഗ്രെസ്സിൽ നിന്നും പുറത്ത് പോയതും നിയമസഭാ ഇലക്ഷന് പനമ്പള്ളി, കെ.എ. ദാമോദര മേനോൻ, കെ.എം. ചാണ്ടി തുടങ്ങിയ മുൻ നിര നേതാക്കളെല്ലാവരും തന്നെ ചെറിയ വോട്ടു വ്യത്യാസത്തിലാണെങ്കിലും പരാജയപ്പെട്ടതും ചാക്കോയിക്കുഎതിരില്ലാതെ തന്നെ കോണ്ഗ്രസ്സിന്റെ നിയമസഭാകക്ഷിനേതാവായി വരാൻ എളുപ്പ സാഹചര്യവുമൊരുക്കി. ചാക്കോ തന്നെ പ്രതിപക്ഷ നേതാവുമായി.ഈ.എം.എസ്. മുഖ്യമന്ത്രിയായി ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുണ്ടായി.

ചാക്കോ കേരളം കണ്ട ഏറ്റവും പ്രഗത്ഭനായപ്രതിപക്ഷ നേതാവെന്ന് പത്രങ്ങളുംജനങ്ങളും ഒരുപോലെ പ്രശംസ പറയുകയും ചെയ്തു. അല്ലെങ്കിൽത്തന്നെ ഒന്നാംതരം പാർലമെന്ററിയനാണെന്ന പേര്‌ നേരത്തെതന്നെ ചാക്കോ നേടിയിരുന്നല്ലോ.

ആദ്യമായി ഒരുകമ്മ്യൂണിസ്റ്റ് വിരുദ്ധ ജനാധിപത്യ മുന്നണിയുണ്ടാക്കാൻ മുൻകൈഎടുത്തതും പി.ടി. ചാക്കോ ആയിരുന്നു.

കോണ്ഗ്രെസ്സിനോടുള്ളപട്ടത്തിന്റെ നീരസം കുറയ്ക്കാനുംമുസ്ലിം ലീഗിന്റെ സഹകരണം ഉറപ്പാക്കാനും ചാക്കോയിക്കു കഴിഞ്ഞു.വിമോചന സമര വിജയത്തോടെ 1960ൽ വീണ്ടുംതെരഞ്ഞെടുപ്പുമായി. ജനാധിപത്യമുന്നണി വൻ ഭൂരിപക്ഷവുംകൂടി നേടിയതോടെ പട്ടത്തിന്റെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭയും വന്നു. ആർ. ശങ്കർ കോൺഗ്രസ് നിയമസഭാകക്ഷി നേതാവായി. ഉപ മുഖ്യമന്ത്രിയും.ധനകാര്യ വകുപ്പും ശങ്കർക്കായിരുന്നു.ചാക്കോആഭ്യന്തരമന്ത്രിയായി.പുറമെ റവന്യൂ, ഇലേക്ട്രിസിറ്റി, ജയിൽ, സാമൂഹിക ക്ഷേമം തുടങ്ങിയവയും.

പത്രങ്ങൾ ചാക്കോയിക്കു മന്ത്രിമുഖ്യൻ എന്നുപദവിയും ചാർത്തി നൽകി.ശക്തനായ ആഭ്യന്തരമന്ത്രി എന്നുംചാക്കോ പേരെടുത്തു. ആദ്യത്തെ മന്ത്രിസഭായോഗത്തിൽ തന്നെ ചാക്കോ തന്റെ രാഷ്ട്രീയ ഗുരുവിനെ ഓർമ്മിച്ചു. രാഷ്ട്രീയത്തിൽ കളങ്കം ഇല്ലാതെ ജീവിച്ചു സർവ സ്വത്തും സ്വാതന്ത്ര്യ സമരത്തിൽ നഷ്ട്ടപ്പെട്ട ശേഷം സർക്കരുദ്യോഗത്തിൽ ( പി.എസ്. സി. മെമ്പർ) ഇരിക്കെ ഭീമമായ കടത്തിൽ മരിച്ച ആർ. വി. തോമസിന്റെ മക്കൾക്ക് ഈ സർക്കാർ വന്നപ്പോഴെങ്കിലും വിദ്യാഭ്യാസ സൗജന്യം അനുവദിക്കണ മെന്നത് സാമാന്യ നീതിയല്ലേ എന്നു മുഖ്യമന്ത്രി പട്ടത്തെ നോക്കി ചാക്കോ വികാരഭരിതനായി ചോദിച്ച കഥ പിൽക്കാലത്തു സാക്ഷ്യ പ്പെടുത്തിയത് അന്ന് മന്ത്രിയായിരുന്ന മറ്റൊരു സ്വാതന്ത്ര്യ സമര സേനാനി പി.പി. ഉമ്മർകോയയാണ്.മന്ത്രിസഭ അന്നുതന്നെ അതനുവദിക്കുകയും ചെയ്‌തു

.തന്റെ പാർട്ടിയിലെ ഗ്രൂപ്പ് പൊരുകളും ഇടക്ക് മുഖ്യമന്ത്രി പട്ടം താണ്പിള്ളയുമായി ഉണ്ടായ ഭിന്നതയും മുഖ്യമന്ത്രിക്കു ചാക്കോ രജിസ്റ്റർ കത്തയച്ചതും ഒക്കെ വിവാദങ്ങളുണ്ടാക്കി. അയ്യപ്പൻ കോവിലിൽ നടന്ന കുടിയിറക്കും തുടർന്ന് ഫാദർ വടക്കനുമായി നടത്തിയ തുടർച്ചയായ വാക്പോരും ചാക്കോയുടെ പ്രതിച്ഛായയിൽ ഇടിവുണ്ടാക്കിയിരുന്നു.

1962ൽപട്ടം ഗവർണർ ആയിപ്പോയതോടെശങ്കർ മുഖ്യമന്ത്രിയായി.എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ കുറച്ചു നാൾ കഴിഞ്ഞു തൃശൂർ വച്ചുണ്ടായ ഒരു കാർ അപകടത്തെ തുടർന്നു വന്ന വിവാദ കോലാഹലങ്ങൾ ചാക്കോയുടെ രാഷ്ട്രീയ വീഴ്ച്ചക്കു തന്നെ വഴിവച്ചു. മുഖ്യമന്ത്രി ശങ്കറുമായി ഉണ്ടായ ഭിന്നത കാര്യങ്ങൾ കൂടുതൽ വഷളാക്കിയ തോടെ മന്ത്രിപദവും ചാക്കോ രാജി വയ്‌ക്കേണ്ടി വരികയായിരുന്നു. അങ്ങിനെ അദ്ദേഹവും പിന്നീട് രാഷ്ട്രീയത്തിലെ മറ്റൊരു മുറിവേറ്റ സിംഹമായി. കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോഴും തോൽവിയായിരുന്നു ഫലം. അപ്പോഴും തന്റെ അനുയായികളോട്ഒരു കാരണവശാലും ഒരു സാഹചര്യത്തിലും കോണ്ഗ്രസ്പാർട്ടി വിട്ടുള്ള ഒരു നീക്കത്തിനും പോകരുതെന്ന് കർശനമായി പറഞ്ഞ യഥാർത്ഥ കോൺഗ്രസ്കാരനായി ചാക്കോ ഉറച്ചു നിലകൊണ്ടുവെന്ന് മാത്രമല്ല കെ.പി.സി.സി പ്രസിഡന്റ് ആയിരുന്ന കെ.സി. അബ്രാഹം മാസ്റ്ററെ അദ്ദേഹത്തിന്റെ വസതിയിൽ ചെന്നു കണ്ടു പാർട്ടിയിൽ ഐക്യമുണ്ടാകുന്നതിനു തന്റെ പൂർണ പിന്തുണ ഉറപ്പു നൽകുകയുമുണ്ടായി. പക്ഷെ വിധി മറ്റൊന്നായി. ഒരാഴ്ചയ്ക്കുള്ളിൽ ഒരു കേസ് സംബന്ധമായി നടത്തിയ മലബാർ യാത്രക്കിടെ വഴി മദ്ധ്യേ ഹൃദയാഘാതം മൂലം അദ്ദേഹം കാലത്തെ കടന്നു പോയി.

ഒരു പക്ഷെ കേരളം അന്നേവരെ കണ്ട ഏറ്റവും വലിയ ഒരു അന്തിമോപചാര ചടങ്ങും പി.ടി ചാക്കോയുടെ മൃത സംസ്കാരമാവാനെ വഴിയുള്ളൂ. വാഴൂർ പള്ളിയിലെ ചരമ പ്രഭാഷണംനടത്തിയ പാലാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിൽ പ്രസിദ്ധ ഇംഗ്ലീഷ് കവി ഷെയ്കസ്പീയരെ യാണ് ഉദ്ധരിച്ചത് ” ഐ ഹാവ് കംറ്റു ബറി സീസർ, ആൻഡ് നോട്ട് ടു പ്രൈയസ് ഹിം ” എന്നു പറഞ്ഞായിരുന്നു ബിഷപ്പ് തൻ്റെഉജ്ജ്വല പ്രഭാഷണം തുടങ്ങിയത്തന്നെ.സ്വാതന്ത്ര്യ സമരത്തിലെസാഹസികൻ എന്നാണ് ബിഷപ്പ്ചാക്കോയെ വിശേഷിപ്പിച്ചത്. സർസി.പി.യ്ക്ക് ചാക്കോ അയച്ച” തുറന്ന കത്ത് ” മാത്രം മതി പി.ടി.ചാക്കോയുടെ നിർഭയത്വം തെളിയിക്കാനെന്നും ബിഷപ്‌ വയലിൽ തന്റെ സ്നേഹിതനെ ക്കുറിച്ചു വികരഭരിതനായി സാക്ഷ്യപ്പെടുത്തി.

അൻപതാംവയസ്സിൽഅന്തരിക്കുമ്പോൾ പി.ടി. ചാക്കോയിക്കു കടമല്ലാതെ വേറെ ഒന്നുമുണ്ടായിരുന്നില്ല.മുപ്പതു വർഷത്തെ പൊതു ജീവിതത്തിൽ ശത്രുക്കൾ പോലുംഒരിക്കലും അദ്ദേഹത്തിനെതിരെഅഴിമതി ആരോപണങ്ങളൊന്നും ഉന്നയിച്ചിട്ടുമില്ല. അദ്ദേഹത്തിന്റെ മരണത്തെ ഭീമന്റെപതനമെന്നായിരുന്നു സി. കേശവന്റെമകൻ കെ.ബാലകൃഷ്ണൻ വിശേഷിപ്പിച്ചത്.

ചാക്കോയുടെ അപ്രതീക്ഷിത മരണം കേരള രാഷ്ട്രീയത്തിലുണ്ടാക്കിയ ആഘാതം പിൽക്കാല ചരിത്രമാണ്. പ്രത്യാ ഘാതങ്ങൾ വർത്തമാന കാലത്തും കേരള രാഷ്ട്രീയത്തെ ഒരു പരിധി വരെ വേട്ടയാടുന്നുമുണ്ട്.

ഏത് അർഥത്തിലും താരതമ്യ മില്ലാത്ത ഒരു നേതാവായിരുന്നു അദ്ദേഹം. എന്നും കളം നിറഞ്ഞുകളിച്ച ഒരു കളിക്കാരനും.!

ആഗസ്റ്റ് 1 അദ്ദേഹത്തിന്റെ അൻപത്തിയാറാമത് ചരമ വാർഷിക ദിനമാണ്.

പി.ടി. ചാക്കോയുടെ ധന്യ സ്മരണക്കു പ്രാർത്ഥനാ പൂർവ്വമായ സ്നേഹപ്രണാമം

.ഡോ. സിറിയക് തോമസ്.

Share News