വിസിയുടേത് അപക്വ നിലപാട്: പാലാ രൂപത.
പാലാ: ചേർപ്പുങ്കൽ ബിവിഎം കോളജിന് എതിരേയുള്ള വൈസ്ചാൻസലറുടെ പ്രസ്താവന അപക്വവും വസ്തുതാവിരുദ്ധവുമാണെന്നു പാലാ രൂപത.
വിദ്യാഭ്യാസത്തിന്റെ പ്രാഥമിക പാഠങ്ങൾ അറിയാവുന്നവർക്കും എംജി യൂണിവേഴ്സിറ്റിയുടെ സ്റ്റാറ്റ്യൂട്ടുകൾ അല്പമെങ്കിലും പരിചയമുള്ളവർക്കും പ്രിൻസിപ്പലിന്റെ പ്രവർത്തനത്തെ ശ്ലാഘിക്കാനല്ലാതെ കുറ്റപ്പെടുത്താൻ സാധിക്കില്ലെന്നു ചേർപ്പുങ്കൽ കോളജിൽ പരീക്ഷയെഴുതിയ പ്രൈവറ്റ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിലെ യൂണിവേഴ്സിറ്റി അന്വേഷണവുമായി ബന്ധപ്പെട്ടു രൂപത പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു
.എംജി യൂണിവേഴ്സിറ്റിയുടെ സ്റ്റാറ്റ്യൂട്ടിലെ ഏതു നിയമമനുസരിച്ചാണ് സിസിടിവി ദൃശ്യങ്ങൾ കോളജ് മാനേജ്മെന്റ് പുറത്തുവിടരുതെന്നു വാദിക്കുന്നത്? മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ളതാണു സിസി ടിവി. സ്ഥാപനത്തിന്റെ മുഖ്യനടത്തിപ്പുകാരനായ പ്രിൻസിപ്പൽ വേദനാജനകമായവിധം തെറ്റിദ്ധരിപ്പിക്കപ്പെടുകയും ക്രൂരമായവിധം വിമർശിക്കപ്പെടുകയും ചെയ്യുന്പോൾ വസ്തുതകളുടെ യാഥാർഥ്യം അന്വേഷിക്കുന്നവർക്കു വെളിവാക്കാൻ ദൃശ്യങ്ങൾ പ്രയോജനപ്പെടുത്തരുതെന്നാണോ സർവകലാശാല ഉദ്ദേശിക്കുന്നത്?കോപ്പിയടിച്ചതു തെളിവുസഹിതം പിടികൂടിയശേഷം ആ കുട്ടിയെ അപമാനിതയാക്കാൻ പാടില്ല എന്നുള്ളതുകൊണ്ടാണ് ഇൻവിജിലേറ്ററും പ്രിൻസിപ്പലും കുട്ടിയെ എഴുന്നേൽപിക്കുകപോലും ചെയ്യാതെ ശാന്തവും സൗമ്യവുമായ രീതിയിൽ സംസാരിച്ചത്. ആ കുട്ടിയെ ഉടൻ വിളിച്ച് ഓഫീസിൽ കൊണ്ടുപോയി അടുത്ത നടപടിക്രമങ്ങൾ സ്വീകരിക്കണമായിരുന്നു എന്ന വാദഗതിയും ഉന്നയിച്ചുകണ്ടു. ആ കുട്ടിക്ക് യാതൊരു മനോവിഷമവും ഉണ്ടാകാതിരിക്കാനാണ് ഏതാനും മിനിറ്റ് നേരം, ഇപ്പോൾ വൈസ്ചാൻസലർ നടപ്പാക്കാൻപോകുന്ന കൗൺസലിംഗ്, സാന്ത്വനരൂപത്തിൽ ആ കുട്ടിക്ക് കോളജിലെ പ്രമുഖയായ അധ്യാപികവഴി നൽകിയത്. ഇതും സിസി ടിവിയിൽ വ്യക്തമാണ്. അധ്യാപിക ആ ദൗത്യം കാര്യക്ഷമമായി നിർവഹിക്കുകയും ചെയ്തു. അതിനാണു കുട്ടിയെ കൂടുതൽ സമയം ഹാളിലിരുത്തിയെന്ന പഴി കേൾക്കേണ്ടിവന്നത്
.കേരളത്തിലെ ഉന്നത ശ്രേണിയിലുള്ള പാലാ സെന്റ് തോമസ് കോളജ് അധ്യാപകനായും പ്രിൻസിപ്പലായും വലിയ അനുഭവജ്ഞാനമുള്ള ചേർപ്പുങ്കൽ കോളജ് പ്രിൻസിപ്പൽ മാന്യനല്ലായെന്ന് നാളിതുവരെയും മനഃസാക്ഷിയുള്ള ഒരാൾപോലും പറഞ്ഞിട്ടില്ല. യൂണിവേഴ്സിറ്റി നിയമം അതിന്റെ ചൈതന്യത്തിൽ പൂർണമായി പാലിക്കുകയും മാനുഷികപരിഗണന ഉദാത്തമായി പ്രകടിപ്പിക്കുകയും ചെയ്തതാണോ അദ്ദേഹം ചെയ്ത തെറ്റ്? കോളജ് കത്തോലിക്കാ സ്ഥാപനം ആയതുകൊണ്ടും പ്രിൻസിപ്പൽ കത്തോലിക്കാ പുരോഹിതനായതുകൊണ്ടും അദ്ദേഹം ചെയ്ത നന്മകൾ തിന്മകളായി വ്യാഖ്യാനിച്ചാൽ തനിക്കു സ്വീകാര്യത വർധിക്കുമെന്ന് വൈസ് ചാൻസലർ കരുതുന്നുണ്ടാവാം.
കുട്ടിയുടെ ഹാൾടിക്കറ്റ് പരസ്യമായി പ്രദർശിപ്പിച്ചു എന്നുള്ളത് കടുത്ത നിയമലംഘനമാണെന്നും വ്യാഖ്യാനിച്ചു കണ്ടു. ഹാൾടിക്കറ്റ് പ്രദർശിപ്പിക്കരുത് എന്നു നിയമമുള്ളതായി മുൻ വൈസ് ചാൻസലർമാർ ഉൾപ്പെടെയുള്ളവർക്ക് അറിയില്ല. ഇവിടെ പ്രദർശിപ്പിക്കപ്പെട്ടതാകട്ടെ ഹാൾടിക്കറ്റിന്റെ കോപ്പിയും കോപ്പിയടിച്ച ഭാഗവുമാണ്. അങ്ങനെ ചെയ്തിരുന്നില്ലെങ്കിൽ ഹാൾടിക്കറ്റിന്റെ മറുഭാഗത്ത് മാനേജ്മെന്റ്തന്നെ എഴുതിച്ചേർത്തതാണ് എന്ന പച്ചനുണ വിശ്വസിക്കാൻ സത്യസന്ധരായവർപോലും നിർബന്ധിക്കപ്പെട്ടേനെ. ഹാൾ ടിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ പരിശോധിക്കാതെയും സാക്ഷിമൊഴികൾ എടുക്കാതെയും തയാറാക്കിയ സിൻഡിക്കറ്റ് ഉപസമിതിയുടെ താത്കാലിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പത്രസമ്മേളനം നടത്തിയ വൈസ്ചാൻസലർ, പ്രിൻസിപ്പലിനെ മാറ്റുകയാണോ സ്വയം മാറുകയാണോ ചെയ്യേണ്ടതെന്ന ചോദ്യത്തിന് സ്വയം ഉത്തരം പറയട്ടെ.
ഉപസമിതിയുടെ പൂർണറിപ്പോർട്ട് തയാറായി സിൻഡിക്കറ്റ് അംഗീകരിച്ചാൽ മാത്രമേ അത് യൂണിവേഴ്സിറ്റിയുടേതാകൂ എന്നിരിക്കെ വിസിയുടെ തിടുക്കം മറ്റെന്തിനോ വേണ്ടിയാണെന്ന് ന്യായമായും ആരും സംശയിച്ചേക്കാം. ഇത്തരം കാര്യങ്ങളിൽ ഏതെങ്കിലും വിസി ഇതുപോലൊരു പത്രസമ്മേളനം നടത്തിയിട്ടില്ല.
കുട്ടിയുടെ മരണം അതീവ ദുഃഖകരമാണ്. അതുപോലെതന്നെ പ്രിൻസിപ്പലിനെ തേജോവധം ചെയ്യുന്നത് അത്യന്തം ഖേദകരമാണ്. വൈസ് ചാൻസലറുടേതുപോലുള്ള സ്വന്തമായ വ്യക്തിത്വം പ്രിൻസിപ്പലിനുമുണ്ട്. യഥാർഥത്തിൽ വൈസ്ചാൻസലർ അപമാനിച്ചത് അധ്യാപകസമൂഹത്തെ മുഴുവനുമാണ്.
ഒരു സർവകലാശാലയിലെ മുഴുവൻ അധ്യാപകരുടെയും സംരക്ഷകനും നീതിനിർവാഹകനും ആകേണ്ട അദ്ദേഹം ഇതുവഴി അധ്യാപക സമൂഹത്തിനു നൽകുന്ന സന്ദേശമെന്താണെന്ന് അറിയാൻ സമൂഹത്തിനു താത്പര്യമുണ്ട്. കോപ്പിയടിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്നാണോ അതോ അത്തരം അവസരങ്ങളിൽ നിസംഗനായി കടന്നുപോകണമെന്നാണോ അദ്ദേഹം അർഥമാക്കുക?ഇക്കാര്യങ്ങളിലുള്ള അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കാൻ ഒരു പരസ്യസംവാദത്തിനുതന്നെ തയാറാകണമെന്നാണ് അദ്ദേഹത്തോടുള്ള അഭ്യർഥനയെന്നു പ്രസ്താവനയിൽ പറയുന്നു.