
പാലാരിവട്ടം പാലം പൊളിച്ചുപണിയാം: സംസ്ഥാന സര്‍ക്കാരിന് അനുമതി നൽകി സുപ്രീംകോടതി
ന്യൂഡൽഹി: പാലാരിവട്ടം മേൽപ്പാലം പൊളിച്ചുപണിയുന്നതിന് സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ അനുമതി. ഭാരപരിശോധന വേണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി കോടതി അടിയന്തിരമായി ഇടപെടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റെ വിധി.
ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരിന് എത്രയും വേഗം പുതിയ പാലം പണിയാമെന്നുള്ള നടപടികളിലേക്ക് കടക്കാമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, കരാറുകാരുടെയും കൺസൾട്ടൻസി കമ്പനിയായ കിറ്റ്‌കോയുടെയും ഹർജികൾ കോടതി തള്ളി. പാലം പൊളിച്ചു പണിയുന്നതിന്റെ ആവശ്യകത സംബന്ധിച്ച് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കോടതി പരിഗണിച്ചു.
വിദഗ്ധ സമിതി റിപ്പോർട്ട് തള്ളിക്കളയണമെന്നായിരുന്നു കിറ്റ്‌കോയും നിർമാണകമ്പനിയും കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ, കുണ്ടന്നൂര്‍, വൈറ്റില പാലങ്ങള്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കുമ്ബോള്‍, പാലാരിവട്ടം പാലം അടഞ്ഞുകിടക്കുന്നതുവഴി കൊച്ചി നഗരത്തിലും വന്‍ ഗതാഗതകുരുക്കിന് ഇടയാക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇത് പൊതുതാൽപര്യാർത്ഥമുള്ള വിഷയമാണെന്നും എത്രയും പെട്ടെന്ന് പാലം പൊളിച്ചുപണിയണമെന്നും സംസ്ഥാന സർക്കാർ വാദിച്ചു.
നേരത്തെ ഭാരപരിശോധന വേണമെന്ന കിറ്റ്‌കോ വാദം ആര്‍ഡിഎസ് കമ്ബനിയെ സഹായിക്കാനെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആരോപിച്ചിരുന്നു. കിറ്റ്‌കോയുടെ ശ്രമം ക്രിമിനല്‍ കേസ് അന്വേഷണം തടസപ്പെടുത്താനാണെന്നും സിവില്‍, ക്രിമിനല്‍ കുറ്റങ്ങള്‍ ഒഴിവാക്കാന്‍ കിറ്റ്‌കോയും കരാര്‍ കമ്ബനിയും ഒത്തുകളിക്കുന്നുവെന്നും സര്‍ക്കാര്‍ ആരോപി ച്ചിരുന്നു .