പമ്പാ ഡാം തുറക്കാന്‍ സാധ്യത: ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം

Share News

പത്തനംതിട്ട: വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പമ്പാ ഡാം തുറക്കാന്‍ സാധ്യത. പമ്ബാ ജല സംഭരണിയുടെ പരമാവധി ജലനിരപ്പ് 986.33 മീറ്ററും നീല അലര്‍ട്ട് ലെവല്‍ 982.00 മീറ്ററും ആയി നിജപ്പെടുത്തിയിട്ടുണ്ട്.

ശനിയാഴ്ച പുലര്‍ച്ചെ 1.30ന് ജലനിരപ്പ് 982.00 മീറ്റര്‍ എത്തിയതിനാല്‍ നീല അലര്‍ട്ട് പ്രഖ്യാപിച്ചു. പമ്ബാ നദിയുടെ തീരത്തള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല കലക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.

ശബരിമല വനത്തിനുള്ളില്‍ അയ്യന്‍മലയിലും അച്ചന്‍കോവിലിലും ഉരുള്‍ പൊട്ടിയതിനെത്തുടര്‍ന്ന് പമ്ബ, അച്ചന്‍കോവില്‍ നദികള്‍ കരകവിഞ്ഞു. പമ്ബ ത്രിവേണിയും റാന്നിയും മുങ്ങി. മൂഴിയാര്‍ ഡാമും മണിയാര്‍ ബാരേജും തുറന്നുവിട്ടു. സ്വകാര്യ വൈദ്യുതി പദ്ധതികളായ അള്ളുങ്കല്‍, കാരിക്കയം ഡാമുകള്‍ കവിഞ്ഞൊഴുകി.

പി.ടി.ആര്‍. മേഖലയിലെ കനത്ത മഴയെത്തുടര്‍ന്ന് മഹാപ്രളയത്തിന് സമാനമായി ത്രിവേണി, പമ്ബ ഭാഗങ്ങളില്‍ വെള്ളം കയറി. ത്രിവേണി പാലവും നടപ്പാതയും കവിഞ്ഞൊഴുകുന്നു. പമ്ബാ നദി ഗതിമാറി സര്‍വീസ് റോഡ് വരെ നിരന്നൊഴുകുകയാണ്.

Share News