പഞ്ചവടിപ്പാലം ഇനി പഴങ്കഥ;പാലാരിവട്ടത്ത് പുതു വിജയഗാഥ രചിക്കുന്നു മെട്രോ ടീം

Share News

ബാബു കദളിക്കാട്ട് എഴുതുന്നു ..

മെട്രോമാന്‍ ഇ. ശ്രീധരന്റെ നേതൃത്വത്തിലാണ് പാലം പണി പുരോഗമിക്കുന്നത്.മേയില്‍ യാഥാര്‍ഥ്യമാകും പുതിയ പാലം: ചീഫ് എന്‍ജിനീയര്‍ ജി.കേശവചന്ദ്രന്‍.

ദുര്‍ബലമെന്നു കണ്ടെത്തിയ പാലാരിവട്ടം പാലം പൊളിക്കല്‍ പൂര്‍ണമായി. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ പ്രക്രിയയായിരുന്നു ഇത്. രണ്ടു മാസം മുമ്പ് തുടങ്ങിയ പൊളിക്കല്‍ പൂര്‍ത്തിയാക്കാന്‍ രാപ്പകലില്ലാതെ 60 തൊഴിലാളികളാണ് പണിയെടുത്തത്. പാലം പുനര്‍നിര്‍മാണം സമാന്തരമായി പുരോഗതിയിലാണ്.

മരട് ഫ്‌ളാറ്റ് പൊടിയാക്കിയതിന്റെ നാടകീയത അന്യമായിരുന്നെങ്കിലും ദക്ഷിണേന്ത്യയില്‍ ഇത്ര വലിയ കോണ്‍ക്രീറ്റ് നിര്‍മിതി പൊളിച്ചുമാറ്റുന്നത് ആദ്യമായാണ്. പാലത്തിന്റെ 19 സ്പാനുകളില്‍ 17 എണ്ണം നീക്കി. മധ്യത്തിലേതുള്‍പ്പെടെ രണ്ട് സ്പാനുകളുടെ നാല് പിയര്‍ക്യാപ്പുകള്‍ പൊളിക്കുന്ന ജോലി ഡിസംബര്‍ പത്തോടെ ആരംഭിക്കും. പെരുമ്പാവൂര്‍ പള്ളാശേരി എര്‍ത്ത് വര്‍ക്‌സാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കുവേണ്ടി ഡിഎംആര്‍സിയുടെ മേല്‍നോട്ടത്തില്‍ പാലം പൊളിച്ചത്. ആറ് ഡയമണ്ട് കട്ടറുകള്‍ ഉപയോഗിച്ച്് ഡെക്ക് സ്ലാബുകളും ഗര്‍ഡറുകളും മുറിക്കുന്ന പ്രക്രിയ സങ്കീര്‍ണമായിരുന്നുവെന്ന് എന്‍ജിനീയീര്‍മാര്‍ പറഞ്ഞു.തിരക്കേറിയ ജങ്ഷനില്‍ ഗതാഗതക്കുരുക്കില്ലാതെ സമയക്രമം പാലിച്ചുതന്നെയാണ് പൊളിക്കല്‍ പൂര്‍ത്തിയാക്കിയത്. പുതിയ പാലം മേയില്‍ യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

പഞ്ചവടിപ്പാലത്തിനു ചമല്‍ക്കാര ധന്യതയേറ്റി കേരള ചരിത്രത്തില്‍ത്തന്നെ പുതു ചരിത്രമെഴുതുകയാണ് പാലാരിവട്ടത്തെ മേല്‍പ്പാലം. നിര്‍മ്മാണം പൂര്‍ത്തിയായൊരു പാലം ഉദ്ഘാടനത്തിനു മുമ്പേ പൊളിച്ചുമാറ്റുകയെന്നത് ഒട്ടേറെ പേരുദോഷം വരുത്തിവയ്ക്കുക സ്വാഭാവികം. കേരള രാഷ്ട്രീയത്തെത്തന്നെ പിടിച്ചുകുലുക്കിയ പാലാരിവട്ടം മേല്‍പ്പാലത്തിന്റെ രണ്ടാം ജന്മമാണിപ്പോള്‍.അഴിമതി ആരോപണങ്ങളും വിജിലന്‍സ് അന്വേഷണവും മുന്‍ മന്ത്രിയുടേതടക്കമുള്ള അറസ്റ്റുകളും കൂടിച്ചേര്‍ന്നുള്ള രാഷ്ട്രീയവിവാദങ്ങളും മറുവാദങ്ങളും മുറയ്ക്കു നടക്കുന്നുമുണ്ട്.

പഴയ പാലം തകര്‍ക്കലും പുതിയ പാലത്തിന്റെ നിര്‍മ്മാണവും സ്വാഭാവികമായിത്തന്നെ നാടിന്റെ സജീവ ശ്രദ്ധ പിടിച്ചുപറ്റുന്നു. പല കാര്യങ്ങള്‍കൊണ്ടും ശ്രദ്ധേയമായമാണിത്. വലിയ മുതല്‍ മുടക്കില്‍ ഏറെ സമയമെടുത്തു പണിത പാലമാണ് പൊളിച്ചുപണിയേണ്ടിവന്നിരിക്കുന്നത്. എന്നാല്‍ പുതിയ പാലം പണി മുന്നേറുന്നത് സമയബന്ധിതമായാണ്. പ്രതീക്ഷിക്കുന്ന നിര്‍മ്മാണച്ചെലവാകട്ടെ പഴയപാലത്തിനു മുടക്കേണ്ടിവന്ന തുകയുടെ പകുതി മാത്രവും.

മെട്രോമാന്‍ എന്നു വിശേഷിപ്പിക്കുന്ന ഇ. ശ്രീധരന്റെ നേതൃത്വത്തിലാണ് പാലം പണി പുരോഗമിക്കുന്നത്. കേരള സര്‍ക്കാര്‍ പ്രത്യേക താത്പര്യമെടുത്ത് ഇ. ശ്രീധരനെ ചുമതല ഏല്പിക്കുകയായിരുന്നു. സാങ്കേതികമായി ഇ. ശ്രീധരനാണ് പാലം നിര്‍മ്മാണത്തിന്റെ പൂര്‍ണ്ണ ചുമതലയെങ്കിലും അദ്ദേഹം ഇതിന്റെ നടത്തിപ്പിനായി തെരഞ്ഞെടുത്തിരിക്കുന്നത് തന്റെ വിശ്വസ്തനായ ചീഫ് എന്‍ജിനീയര്‍ ജി.കേശവചന്ദ്രനെയാണ്.

സ്വന്തം കരിയറില്‍ ഏറെ റെക്കോര്‍ഡുകള്‍ക്കുടമയാണ് ജി. കേശവചന്ദ്രന്‍.1985ല്‍ അദ്ദേഹം ഇ. ശ്രീധരന്റെ കീഴില്‍ സതേണ്‍ റെയില്‍വേയില്‍ ഡിസൈന്‍ എന്‍ജിനീയറായി ഔദ്യോഗികജീവിതം തുടങ്ങി. തിരുവനന്തപുരം കൊല്ലം പാത ഇരട്ടിപ്പിക്കല്‍ നടന്നത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. തമ്പാനൂര്‍ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണം കേവലം 87 ദിവസം കൊണ്ടു പൂര്‍ത്തിയാക്കിയ ചരിത്രവുമുണ്ട്. അതിന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ അവാര്‍ഡു നല്‍കി ആദരിക്കുകയുണ്ടായി. പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും നടപ്പിലാക്കാനും തയ്യാറായതിനു പിന്നിലുള്ള സംഭവവികാസങ്ങളും പാലം പണിയുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളും മറ്റും സംബന്ധിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടി കേശവചന്ദ്രന്റെ വാക്കുകളില്

? അറ്റകുറ്റപണികള്‍ കൊണ്ടു പരിഹരിക്കാന്‍ പറ്റാത്തത്ര കുഴപ്പങ്ങള്‍ വിവാദ പാലത്തിനുണ്ടായിരുന്നോ?

നോക്കൂ. ഏറെ വിവാദങ്ങളുണ്ടായ ഈ പാലവുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങളുണ്ടാക്കാന്‍ ഞാനില്ല. ഞാന്‍ രാഷ്ട്രീയക്കാരനല്ല എന്‍ജിനീയറാണ്. ഏല്പിച്ച ജോലി കൃത്യമായി സമയബന്ധിതമായി ചെയ്യുക. അതു മാത്രമാണ് എന്റെ ലക്ഷ്യം.പാലാരിവട്ടം മേല്‍പ്പാലം പണിതീര്‍ന്ന ഉടന്‍ തന്നെ ബലക്ഷയം സംബന്ധിച്ച വാര്‍ത്തകളും പുറത്തുവന്നു. ഒരു ഘട്ടത്തില്‍ കേരള മുഖ്യമന്ത്രി നേരിട്ട് ശ്രീധരന്‍ സാറുമായി ബന്ധപ്പെട്ടു. പാലം പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കണമെന്നഭ്യര്‍ത്ഥിച്ചു. ഇതേ സമയത്തുതന്നെ ചെന്നൈ ഐ.ഐ.ടി.യിലെ ഒരു വിദഗ്ദ്ധ സംഘത്തെക്കൊണ്ടു പരിശോധന നടത്തിച്ചു. അവര്‍ പാലം അറ്റകുറ്റപ്പണി നടത്തുന്നതു സംബന്ധിച്ച് റിപ്പോര്‍ട്ടും നല്‍കി.പക്ഷേ, പത്തു കോടിയോളം മുടക്കുവരുമെന്നല്ലാതെ കൃത്യമായ തുകയോ അറ്റകുറ്റപ്പണി തീര്‍ക്കാന്‍ എത്ര സമയമെടുക്കുമെന്നോ അവരുടെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ല എന്നറിഞ്ഞു.

ശ്രീധരന്‍ സാറാകട്ടെ പ്രത്യേക പരിശോധനാ ഉപകരണങ്ങളുടെ സഹായമൊന്നും കൂടാതെ കണ്ണുകൊണ്ടു കാണാവുന്ന പ്രശ്‌നങ്ങളൊക്കെ കണ്ടുപിടിച്ച് അതു സംബന്ധിച്ച റിപ്പോര്‍ട്ടു നല്കി. 19 കോടി രൂപ മുടക്കി പുതിയ പാലം പണിയാമെന്നും അത് ആറു മാസം കൊണ്ട് തീര്‍ക്കാമെന്നും അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. സര്‍ക്കാര്‍ ഈ രണ്ട് റിപ്പോര്‍ട്ടുകളും ഒരു വിദഗ്ധ സമിതിയെ ഏല്പിച്ചു. അവരുടെ സൂക്ഷ്മ പരിശോധനയില്‍ കൃത്യമായ വിവരങ്ങളുള്ള റിപ്പോര്‍ട്ടിനാണു പ്രാധാന്യം നല്കിയത്. അതു കൊണ്ടാണ് കേരള സര്‍ക്കാര്‍ പണികളുടെ ചുമതല ശ്രീധരന്‍ സാറിനെ ഏല്പിച്ചത്. സാറിന്റെ പ്രത്യേകതാത്പര്യം കൊണ്ടാണ് ഞാന്‍ ഇതുമായി ബന്ധപ്പെട്ടത്.

1985ല്‍ ഞാന്‍ റെയില്‍വേയില്‍ ജോലിക്കു കയറുമ്പോള്‍ ശ്രീധരന്‍ സാറാണ് എന്റെ ബോസ്്. പിന്നീട് അദ്ദേഹവും ഞാനും പല വര്‍ക്കുകള്‍ക്കും വഴി മാറിപ്പോയി. വീണ്ടും ഒന്നിച്ചു കൂടുകയായിരുന്നു. ഡല്‍ഹി മെട്രോ റെയില്‍വേ കോര്‍പ്പറേഷന്റെ കൊച്ചിയിലെ ജോലികള്‍ തീര്‍ന്നു കഴിഞ്ഞിരുന്നു. സ്വാഭാവികമായും എനിക്കു സ്ഥലംമാറ്റവുമായി. റിട്ടയര്‍മെന്റിന് ഇനി ഒരു വര്‍ഷമേയുള്ളൂ. ഈ സമയത്ത് ഉത്തരേന്ത്യയില്‍പോയി ജോലി ചെയ്യാനുള്ള സന്നദ്ധത കുറവുകൊണ്ട് ഞാന്‍ ആ ജോലി രാജിവച്ചു.ഇതിനിടെ കേരള റയില്‍ ഡവല്‌മെന്റ ് കോര്‍പ്പറേഷനില്‍ ജോലി സ്വീകരിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തു.അപ്പോഴാണ് പാലം പണി ശ്രീധരന്‍ സാറിന് ഏറ്റെടുക്കേണ്ടിവരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നേരിട്ടു പങ്കെടുക്കാന്‍ അദ്ദേഹത്തിനു കഴിയാത്തതുകൊണ്ട് അദ്ദേഹം നിര്‍മ്മാണച്ചുമതലയുടെ ഉത്തരവാദിത്തം എന്നെ ഏല്പിക്കുകയായിരുന്നു. അതിനു ശ്രീധരന്‍ സാര്‍ തന്നെ ഇടപെട്ട് എന്നെ ഡപ്യൂട്ടേഷനില്‍ വീണ്ടും ഡി.എം.ആര്‍.സിയില്‍ നിയമിച്ചു അങ്ങിനെയാണു ഞാന്‍ ചുമതലക്കാരനാകുന്നത്.

ഞാന്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നോക്കി നടത്തുന്നുണ്ടെങ്കിലും അതിനു പിന്നില്‍ ശ്രീധരന്‍ സാറിന്റെ കൃത്യമായ മേല്‍നോട്ടമുണ്ട്. എല്ലാ ദിവസവും രാവിലെ ഏഴു മണിക്ക് ഞാന്‍ റിപ്പോര്‍ട്ടു വയ്ക്കും. പ്രവര്‍ത്തന പുരോഗതി നേരിട്ടു വിശദീകരിക്കും. ആവശ്യമെന്നു തോന്നുന്ന നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം നല്‍കുകയും ചെയ്യും. അദ്ദേഹം പൊന്നാനിയിലാണു താമസിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ യാത്ര കഴിയുന്നതും ഒഴിവാക്കാന്‍ ഞങ്ങള്‍ സ്‌നേഹപൂര്‍വം നിര്‍ബന്ധിക്കും. എങ്കിലും സ്വതഃസിദ്ധമായ ശൈലി കൊണ്ട് മാസത്തില്‍ ഒരു തവണയെങ്കിലും സൈറ്റ് സന്ദര്‍ശിച്ച് അദ്ദേഹം നേരിട്ടു നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. അത് അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതിയുടെ ഭാഗമാണ്.

? സമയബന്ധിതമായി പണിപൂര്‍ത്തിയാക്കണമെങ്കില്‍ കോണ്‍ട്രാക്ടര്‍ കൂടി ആ രീതിയില്‍ സഹകരിക്കേണ്ടേ. എന്തെങ്കിലും പ്രവര്‍ത്തന ബുദ്ധിമു ുകള്‍..

.ഒന്നുമില്ല. കോണ്‍ട്രാക്ടര്‍മാര്‍ ആരും തന്നെ പ്രശ്‌നക്കാരല്ല എന്നതാണ് എന്റെ അനുഭവം. അപൂര്‍വമായി ചിലര്‍ ഉണ്ടാകാം. അവരെ നാം ഒഴിവാക്കും. സാമ്പത്തിക കാര്യത്തില്‍ നാം കൃത്യത പാലിച്ചാല്‍ കോണ്‍ട്രാക്ടര്‍മാര്‍ കൃത്യസമയത്തു പണിതീര്‍ത്തു തരും എന്നതാണ് എന്റെ അനുഭവം. അക്കാര്യത്തില്‍ ശ്രീധരന്‍സാറിനും നിര്‍ബന്ധമുണ്ട്. കോണ്‍ട്രാക്ടറുടെ തുക ഒരു മണിക്കൂര്‍ പോലും വൈകാന്‍ അദ്ദേഹം സമ്മതിക്കില്ല.

? ഊരാളുങ്കല്‍ സൊസൈറ്റിക്കു കോണ്‍ട്രാക്ട് നല്‍കിയത് ചില രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയാക്കിയല്ലോ?

ഇവരുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ.നൂറു ശതമാനം ഭംഗിയായി കാര്യങ്ങള്‍ നടക്കുന്നുണ്ട്. രാഷ്ട്രീയ വിവാദങ്ങള്‍ക്കൊന്നും ഞങ്ങള്‍ക്കു താത്പര്യമില്ല. അതിനുള്ള സമയവുമില്ല. ഞങ്ങള്‍ പരസ്യ ക്വട്ടേഷനാണ് ക്ഷണിച്ചത്. ഏറ്റവും കുറഞ്ഞ തുക വച്ചത് ഇവരാണ്. അതു കൊണ്ട് വര്‍ക്ക് ഇവര്‍ക്കു കൊടുത്തു.മറ്റൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല. അതിന്റെ ആവശ്യവുമില്ല. സമയബന്ധിതമായി ഏറ്റെടുത്ത പണി പൂര്‍ത്തിയാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിനു കോ ട്ടം വരുന്ന ഒന്നും ഒരു ഭാഗത്തു നിന്നുമുണ്ടാകാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. അതിനപ്പുറം ഉള്ള കാര്യങ്ങളൊന്നും അന്വേഷിക്കാറുമില്ല. ഞങ്ങള്‍ ആവശ്യപ്പെടുന്ന സമയത്ത് കൃത്യമായ ക്വാളിറ്റി നിലനിര്‍ത്തിക്കൊണ്ട് വര്‍ക്ക് ചെയ്യുക എന്നതാണ് ഒരു കോണ്‍ട്രാക്ടറില്‍നിന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അത് ഇവിടെ ലഭിക്കുന്നുമുണ്ട്. അതുകൊണ്ടു തന്നെ കൃത്യസമയത്തുതന്നെ ഈ മേല്‍പ്പാലത്തിന്റെ പണിപൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും ഞങ്ങള്‍ കരുതുന്നു. ഊരാളുങ്കല്‍ സൊസൈറ്റിക്ക് ഇങ്ങനെയുള്ള വര്‍ക്കുകള്‍ കൃത്യമായി ചെയ്യുവാന്‍ കഴിയുമെന്ന് എനിക്ക് വിശ്വാസമുണ്ട്. എന്റെ ഇത്രയും വര്‍ഷത്തെ പ്രവര്‍ത്തന പരിചയത്തിന്റെ വെളിച്ചത്തിലാണിതു പറയുന്നത്. ഒരു കോണ്‍ട്രാക്ടറുടെ വര്‍ക്ക് രീതി കണ്ടാല്‍ അവരുടെ കൃത്യനിഷ്ഠയും വിശ്വാസ്യ തയും നമുക്കു മനസിലാകും. അതുകൊണ്ടാണ് സമയബന്ധിതമായിത്തന്നെ ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഞാന്‍ ഉറപ്പുതരുന്നത്.

? പണിയില്‍ ബോധപൂര്‍വമോ അല്ലാതെയോ എന്തെങ്കിലും പാളിച്ചകള്‍ വന്നാല്‍ അറിയാന്‍ സംവിധാനമുണ്ടോ.

തീര്‍ച്ചയായും. ഒരു പാളിച്ചയും ഉണ്ടാകാതെ നോക്കുക എന്നതാണല്ലോ ഞങ്ങളുടെ ദൗത്യം.രാവും പകലും ഞങ്ങളുടെ ആളുകള്‍ വര്‍ക്ക് സൈറ്റിലുണ്ടാകും. കൃത്യമായി തന്നെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് അവര്‍ പരിശോധിച്ച് ഉറപ്പുവരുത്തും. കൂടാതെ എന്റെ സര്‍പ്രൈസ് വിസിറ്റുമുണ്ട്. രാത്രിയോ പകലോ എപ്പോഴെങ്കിലുമായിരിക്കും ഞാന്‍ ചെല്ലുക. മുന്‍കൂട്ടി അറിയിക്കാതെ ചെല്ലുന്നതുകൊണ്ട് എല്ലാവരും എപ്പോഴും ജാഗ്രതയോടെ പ്രവര്‍ത്തിക്കും.

? നിര്‍മ്മാണസാമഗ്രികളുടെ ഗുണനിലവാരം നേരിട്ടു പരിശോധിക്കാറുണ്ടോ.

തീര്‍ച്ചയായും. സാമഗ്രികളുടെ ഗുണനിലവാരം മാത്രമല്ല കോണ്‍ക്രീറ്റ് മിക്‌സ് ചെയ്യുന്ന അനുപാതം വരെ കൃത്യമാണെന്ന് ഉറപ്പുവരുത്തുന്നുണ്ട്. പഴയ കാലത്തെ പ്രവര്‍ത്തന രീതിയല്ല ഇപ്പോള്‍.കൃത്യമായ മിക്‌സ് ഡിസൈന്‍ ഉണ്ട്. കമ്പ്യൂട്ടര്‍ ആണ് അതു നിയന്ത്രിക്കുന്നത്. കൃത്യമായി ഫീഡ് ചെയ്തു വച്ചാല്‍ തെറ്റുവരില്ല. അനുപാതം തെറ്റിയാല്‍ മെഷീന്‍ വര്‍ക്ക് ചെയ്യില്ല. ഇങ്ങനെ സുതാര്യമായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഇപ്പോള്‍ ധാരാളം സൗകര്യങ്ങളുണ്ട്. എങ്കിലും മാനുഷികമായ തെറ്റുകള്‍ വരാം. അതൊഴിവാക്കാനാണ് കൃത്യമായ പരിശോധനകള്‍ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട ഒട്ടേറെ സാങ്കേതിക കാര്യങ്ങളുണ്ട്. അതിസങ്കീര്‍ണമാണവ.2020 സെപ്തംബര്‍ 28 ാം തീയതിയാണു പണി തുടങ്ങിയത്. ഒമ്പതു മാസത്തെ കാലാവധിയാണ് വച്ചിരിക്കുന്നത്. എന്നാല്‍ എട്ടുമാസം കൊണ്ടു തീര്‍ക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

ജി. കേശവചന്ദ്രന്റെ കരിയറിലെ ഏറ്റവും അഭിമാനകരമായ നേട്ടം വല്ലാര്‍പാടം-ഇടപ്പള്ളി റെയില്‍വേ പാലമാണ്. നാലര കിലോമീറ്റര്‍ വരുന്ന ഈ പാലം ദൈര്‍ഘ്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ റെയില്‍വേ പാലമാണ്. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ നിന്നും ഇടപ്പള്ളി വരെയുള്ള നാലര കിലോമീറ്റര്‍ ദൂരത്തില്‍ നാലു കിലോമീറ്ററും കായലിലൂടെയാണ് എന്നതായിരുന്നു ഇതിന്റെ പ്രധാന സവിശേഷതയും കടുത്ത വെല്ലുവിളിയും. കേവലം 600 മീറ്റര്‍ മാത്രമേ കരഭൂമി ഏറ്റെടുക്കേണ്ടി വന്നുള്ളൂ എങ്കിലും അതിന്റെ ഭാഗമായി നടന്ന സമരങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ വൈഷമ്യങ്ങള്‍ ഉണ്ടായി. എന്നിട്ടും സമയബന്ധിതമായി തന്നെ അദ്ദേഹം പാലം പണി പൂര്‍ത്തിയാക്കി, ഒരു വര്‍ഷവും പതിനൊന്നു മാസവും കൊണ്ട്.

കേശവചന്ദ്രന്റെ പിതാവ് ഗോപിനാഥന്‍ നായരും റെയില്‍വേയില്‍ എഞ്ചിനീയര്‍ ആയിരുന്നു. മാതാവ് ലീലാവതിയമ്മ. പാല വലവൂര്‍ സ്വദേശിനി മിനിയാണു ഭാര്യ. രണ്ട് ആണ്‍കുട്ടികള്‍. കുടുംബമാണു തന്റെ പ്രവര്‍ത്തനങ്ങളുടെ പ്രേരക ശക്തി എന്നു പറയുന്ന ഈ ചീഫ് എന്‍ജിനീയറുടെ മറ്റൊരു പ്രസ്റ്റീജ് പ്രോജക്ട് തന്നെ പാലാരിവട്ടം മേല്‍പ്പാലം. രാഷ്ട്രീയമായി മാത്രമല്ല വേറെയും ഏറെ പ്രത്യേകതകള്‍ പാലാരിവട്ടം മേല്‍പ്പാലത്തിനുണ്ട്.

കൊച്ചിയുടെ ഗതാഗതക്കുരുക്കു നിയന്ത്രിക്കുന്നതു കൂടാതെ കേരളത്തിലെ വികസന പ്രക്രിയയുടെ ഭാഗമാകാന്‍ കഴിയുന്ന പാലം കൂടി ആണിത്. രാവും പകലും ഒരുപോലെ ഇവിടെ പണി നടക്കുന്നു.

Kcbc media

Share News