പെരുന്നാൾ നമസ്‌കാരം അവരവരുടെ വീടുകളിൽ നടത്താൻ ധാരണ

Share News

 മുസ്ലിം നേതാക്കളുമായി വീഡിയോ കോൺഫറൻസ് നടത്തി

തിരുവന്തപുരം;ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ പെരുന്നാൾ നമസ്‌കാരം അവരവരുടെ വീടുകളിൽ തന്നെ നടത്താൻ മുസ്ലിം മതനേതാക്കളുമായും മതപണ്ഡിതരുമായും നടത്തിയ വീഡിയോ കോൺഫറൻസിൽ ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

രോഗഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ എന്തുവേണമെന്ന് ആലോചിക്കാനാണ് മുസ്ലിം മതനേതാക്കളുമായും മതപണ്ഡിതരുമായും വീഡിയോ കോൺഫറൻസ് നടത്തിയത്. സഖാത്ത് കൊടുക്കാനും സ്വീകരിക്കാനും ആളുകൾ അങ്ങോട്ടുമിങ്ങോട്ടും പോകുന്നത് ഒഴിവാക്കണമെന്നും നിശ്ചയിച്ചിട്ടുണ്ട്. സഖാത്ത് വീടുകളിൽ എത്തിച്ചു കൊടുക്കണമെന്ന നിർദ്ദേശം മതനേതാക്കൾ അംഗീകരിച്ചിട്ടുമുണ്ട്.

ലോകമെങ്ങും ഇസ്ലാം മതവിശ്വാസികൾക്ക് റമദാൻ പുണ്യമാസമാണ്. എന്നാൽ റമദാനിൽ പോലും പള്ളികളിൽ ആരാധന നടത്താൻ പറ്റാത്ത സാഹചര്യം വന്നു. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിനു ശേഷം ഈ ദുൽ ഫിത്തർ (ചെറിയ പെരുന്നാൾ) വരികയാണ്. ശനിയാഴ്ചയോ ഞായറാഴ്ചയോ പെരുന്നാളാകും. പള്ളികളിലും പൊതുസ്ഥലത്ത് പ്രത്യേകം സജ്ജമാക്കുന്ന ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്‌കാരത്തിന് വലിയ തോതിൽ വിശ്വാസികൾ എത്തിച്ചേരാറുണ്ട്. പെരുന്നാൽ ആഘോഷത്തിന്റെ പ്രധാന ഭാഗമാണ് നമസ്‌കാരം. കുടുംബാംഗങ്ങൾ ഒന്നാകെ ഈദ് നമസ്‌കാരത്തിന് പോകുന്നതാണ് പതിവ്.

പെരുന്നാൾ ദിനത്തിലെ കൂട്ടായ പ്രാർത്ഥന ഒഴിവാക്കുന്നതും വിശ്വാസികളെ സംബന്ധിച്ച് വലിയ വേദനയുളവാക്കുന്നതാണെങ്കിലും സമൂഹത്തിന്റെ ഭാവിയെകരുതി പള്ളികളിലെയും ഈദ്ഗാഹുകളിലെയും നമസ്‌കാരം ഒഴിവാക്കാൻ തീരുമാനമെടുത്ത മതനേതാക്കളെ അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഈ നിലയിലുള്ള ജാഗ്രതയും കരുതലും ഒത്തൊരുമയുമാണ് കോവിഡ് 19നെ നിയന്ത്രിക്കുന്നതിൽ വിജയം കൈവരിക്കാൻ നമ്മെ സഹായിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു