പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യാഭാർത്താക്കന്മാർ ‘ശാന്ത ’വായിച്ച് വീണ്ടും ഒന്നിച്ചതായി അറിയാം
ഭർത്താവ് കവി ആവേണ്ടിയിരുന്നില്ലെന്നു ശാന്ത ചേച്ചി ആ നേരത്തു ചിന്തിച്ചു കാണുമോ?
ഏതായാലും ഭർത്താവിനോടു മേലിൽ പരാതിയും പരിഭവവുമൊന്നും പറയേണ്ടെന്നു ചേച്ചി അതോടെ തീരുമാനിച്ചു. കാരണം മനസിലുള്ളതു പറഞ്ഞാൽ അതും കവിതയായി മാറിയാലോ ?
തുടർച്ചയായ കുറെ പരാതി കത്തുകൾ അയച്ച ശേഷമാണ് ശാന്തചേച്ചി ഭർത്താവും കവിയുമായ കടമ്മനിട്ട രാമകൃഷ്ണനോട് പരാതികൾ പറയുന്നതു നിർത്തിയത്. ഇന്നു വായനാദിനത്തിൽ ആ ‘പരാതി’ ക്കവിത വീണ്ടുമെടുത്തു വായിക്കാനാണു ചേച്ചിയുടെ തീരുമാനം.
കാരണം അതു വായിച്ചാൽ കഴിഞ്ഞ കഥകളെല്ലാമോർത്തു ചിരി്ക്കാം. കവിയുമൊത്തുള്ള ദാമ്പത്യത്തിന്റെ നല്ല ഓർമ്മകൾ അയവിറക്കാം. അങ്ങനെ പലതുണ്ട്. . വിവാഹം കഴിഞ്ഞു നാലാം വർഷമായിരുന്നു സംഭവം.
കടമ്മനിട്ട അന്നു ഡൽഹിയിൽ ഓഡിറ്റ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ശാന്തയും കുട്ടികളും കേരളത്തിൽ.ഭർത്താവ് ജോലിയും കവിതയുമായി കഴിയുമ്പോൾ ശാന്തചേച്ചി ജീവിതഭാരങ്ങളെല്ലാം ഒറ്റയ്ക്കേന്തി ശ്വാസം മുട്ടി കഴിയുകയായിരുന്നു.
വീട്ടുകാര്യങ്ങളും കൃഷിയും മാതാപിതാക്കളുടെയും കുട്ടികളുടെയും ഉത്തരവാദിത്വങ്ങളുമൊക്കെയായി തിരക്കോടു തിരക്ക്.ഒന്നു വിശ്രമിക്കാൻ പോലും നേരമില്ലാത്ത കാലം.അന്നു ഫോണില്ലാത്തതിനാൽ ഡൽഹിയിലേക്കു കത്തെഴുതുകയാണു പതിവ്. നീല ഇല്ലന്റിലും പോസ്റ്റൽ കവറിലുമൊക്കെയാണ് അയക്കുന്നത്. മറുപടി കിട്ടാൻ ഒരാഴ്ചയെടുക്കും അതും വിരഹത്തിന്റെ താപം വർധിപ്പിച്ചു. ഒറ്റയ്ക്കും ജീവിതവും കുടുംബവും നടത്തേണ്ടതിന്റെ വിഷമങ്ങളും പരിഭവങ്ങളുമൊക്കെയാണ് ചേച്ചി ഭർത്താവിന് എഴുതുക.
ഭാര്യയുടെ കത്തുകൾ ഒന്നിനു പുറമേ ഒന്നായി കിട്ടിയപ്പോൾ കടമ്മനിട്ട അതെല്ലാം കൂട്ടിവച്ച് ഒന്നുകൂടി വായിച്ച് ഒരു കവിതയെഴുതുകയാണ് ചെയ്തത് :
‘പറയൂ പരാതി നീ കൃഷ്ണേ…നിന്റെ വിറയാർന്ന ചുണ്ടുമായ്, നിറയുന്ന കണ്ണുമായ് പറയു പരാതി നീ കൃഷ്ണേ..’ കവിതയുടെ ആദ്യവായനക്കാരി ചേച്ചിയായി.കവിത ഇഷ്ടപ്പെട്ടു. അതോടെ പരാതിക്കത്തെഴുത്ത് നിർത്താനും തീരുമാനിച്ചു.
ശാന്ത എന്ന പേരിലും കവിതയുണ്ടല്ലോ..‘ശാന്ത’ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ വലിയ ആസ്വാദകസമൂഹമാണ് ഏറ്റെടുത്തു ചൊല്ലി പ്രചരിപ്പിച്ചത്.
കവിയരങ്ങുകളിൽ ശാന്തയില്ലാത്ത കാലമില്ലായിരുന്നു.കവി സ്വന്തം ഭാര്യയുടെ പേരിൽ എഴുതിയ കവിതയെന്ന നിലയിലും ശാന്ത ശ്രദ്ധേയമായി.‘പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യാഭാർത്താക്കന്മാർ ‘ശാന്ത ’വായിച്ച് വീണ്ടും ഒന്നിച്ചതായി അറിയാം.
രണ്ടുമൂന്നു കുടുംബങ്ങള്‍ എന്റെ നേരിട്ടുള്ള പരിചയത്തിലുണ്ട്.’.ശാന്ത ചേച്ചി പറഞ്ഞു. .ഒരിക്കൽ കോഴിക്കോട് വച്ച് എഴുത്തുകാരുടെ ഒരു സദസിൽ സംവിധായകൻ അരവിന്ദൻ ശാന്തയെ മുന്നിലിരുത്തി ‘ശാന്ത’ ഉറക്കെ ചൊല്ലാൻ തുടങ്ങി.‘അരവിന്ദന്റെ കൂടെ മറ്റു എഴുത്തുകാരും ചേച്ചിക്കു ചുറ്റും നിന്ന് കവിത ചൊല്ലാൻ തുടങ്ങി. ചേച്ചി നാണിച്ചു ചൂളി നിന്നു. അവിടെ നിന്നും ഓടിപ്പോകണമെന്നു തോന്നിയെങ്കിലും കടമ്മനിട്ട അവിടെ തന്നെ പിടിച്ചിരുത്തി. മൗനിയായിരുന്ന അരവിന്ദനാണ് ഉറക്കെ കവിത ചൊല്ലിയതെന്നോർക്കണം.
കടമ്മനിട്ട ഓർമയായിട്ട് ഒരു വ്യാഴവട്ടമാകുന്നു.
മക്കൾ ജോലിയുമായി ബന്ധപ്പെട്ട് അകലെയായതിനാൽ ഇപ്പോൾ ഒറ്റയ്ക്കാണു ചേച്ചിയുടെ താമസം. ഒറ്റയ്ക്കല്ല, കടമ്മനിട്ടയുടെ ഓർമകളും പുസ്തകങ്ങളും ചിത്രങ്ങളുമൊക്കെ കൂട്ടുണ്ട്.
‘അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ഇവിടെ എന്നും ആളു കൂടുമായിരുന്നു. വരുന്നവർക്കു വച്ചുവിളമ്പുകയായിരുന്നു എന്റെ തൊഴിൽ. ഊണും കാപ്പിയുമൊക്കെ ഒരുക്കണം. നൂറു ചായയൊക്കെ ഇട്ട ദിവസങ്ങളുണ്ട്.’.
77 കാരിയായ ചേച്ചിക്ക് ഇതു ജന്മമാസമാണ്. പിറന്നാൾ ആഘോഷമില്ല. മുട്ടിന് ചെറിയ വേദനയുണ്ട്. നടക്കാൻ പ്രയാസമുണ്ടെന്നതൊഴിച്ചാൽ കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല. എംഎൽഎയായിരുന്ന സമയത്തു കടമ്മനിട്ട ഉപയോഗിച്ചിരുന്ന ജീപ്പ് വീടിന്റെ മുറ്റത്തു കിടക്കുന്നു.
‘ദേശാഭിമാനി’യുടെ വക ജീപ്പ് പാർട്ടി കടമ്മനിട്ടയ്ക്കു നൽകുകയായിരുന്നു.അതിൽ കയറി ശാന്തചേച്ചിയും യാത്ര ചെയ്തിട്ടുണ്ട്. വണ്ടി വിൽക്കുന്നോ എന്നു പലരും ചോദിച്ചെങ്കിലും കടമ്മനിട്ടയുടെ വണ്ടി വിൽപ്പനയ്ക്കില്ല എന്നായിരുന്നു ചേച്ചിയുടെ കനപ്പെട്ട മറുപടി